എഡിറ്റര്‍
എഡിറ്റര്‍
എച്ച്.ഐ.വി ബാധയുള്ള രക്തം സ്വീകരിച്ചു; അസമില്‍ ഏഴ് പേര്‍ക്ക് എച്ച്.ഐ.വി ബാധ
എഡിറ്റര്‍
Saturday 15th June 2013 2:00pm

hiv

ഗുഹാവത്തി: അസമില്‍ എച്ച്.ഐ.വി ബാധയുള്ള രക്തം സ്വീകരിച്ച ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അസമിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ നിന്നും രക്തം സ്വീകരിച്ച ഏഴ് പേര്‍ക്കാണ് എച്ച്.ഐ.വി പോസിറ്റീവ് സ്വീകരിച്ചത്.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് 30 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Ads By Google

രക്തം സ്വീകരിച്ചവര്‍ വീണ്ടും പല അസുഖങ്ങളുമായി ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവം പുറത്ത് വരുന്നത്. ഇവരുടെ രക്തം പരിശോധിച്ചതോടെ എച്ച്.ഐ.വി സ്ഥിരീകരിക്കുകയും ചെയ്തു.

സ്ഥിരമായി രക്തം ദാനം ചെയ്യുന്ന വ്യക്തിയില്‍ നിന്നാണ് രോഗം പടര്‍ന്നിരിക്കുന്നത്. ഇതോടെ ഇയാളില്‍ നിന്നും രക്തം സ്വീകരിച്ച മറ്റുള്ളവര്‍ക്കും പിന്നീട് രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ നിന്ന് രക്തം സ്വീകരിച്ച മറ്റുള്ളവരോടും പരിശോധന നടത്താന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്ന ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

എന്നാല്‍ രക്തം ദാനം ചെയ്തയാള്‍ തനിക്ക് രോഗമുള്ള കാര്യം അറിയില്ലെന്നാണ് പറയുന്നത്. താന്‍ സ്ഥിരമായി രക്തം ദാനം ചെയ്യാറുണ്ടെന്നും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാറുണ്ടെന്നും ഇതുവരെ ആരും തനിക്ക് രോഗമുള്ളതായി പറഞ്ഞിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.

സംഭവത്തോട് പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ രക്തം സ്വീകരിച്ചവരിലാണ് എച്ച്.ഐ.വി പോസിറ്റീവ് കണ്ടെത്തിയിരിക്കുന്നത്.

ഒരു യുവതിയുള്‍പ്പെടെ ഏഴ് പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഗര്‍ഭിണിയായിരിക്കേയാണ് ഇവര്‍ രക്തം സ്വീകരിച്ചത്. ഇതുകഴിഞ്ഞ് ആറ് മാസത്തിന് ശേഷം തൊലിപ്പുറത്തുണ്ടായ രോഗത്തിന്റെ ചികിത്സയുടെ ഭാഗമായി രക്തം പരിശോധിച്ചപ്പോഴാണ് എച്ച്.ഐ.വി സ്ഥിരീകരിച്ചത്.

Advertisement