ആന്ധ്രയില്‍ ബോട്ടപകടം: ഏഴു മരണം, മുപ്പതോളം പേരെ കാണാതായി; അപകടമുണ്ടായത് വെള്ളം പൊങ്ങിയ ഗോദാവരിയില്‍
national news
ആന്ധ്രയില്‍ ബോട്ടപകടം: ഏഴു മരണം, മുപ്പതോളം പേരെ കാണാതായി; അപകടമുണ്ടായത് വെള്ളം പൊങ്ങിയ ഗോദാവരിയില്‍
ന്യൂസ് ഡെസ്‌ക്
Sunday, 15th September 2019, 5:48 pm

അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ടൂറിസ്റ്റ് ബോട്ട് മുങ്ങി ഏഴുപേര്‍ മരിച്ചു. മുപ്പതോളം പേരെ കാണാതായി. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഇന്നുച്ചയ്ക്കു ശേഷമാണു സംഭവം.

63 പേരാണ് ബോട്ടിലുണ്ടായിരുന്നത്. സംസ്ഥാന ടൂറിസം ബോര്‍ഡിനു കീഴിലുള്ള ബോട്ടാണിത്. 23 പേരെ രക്ഷപ്പെടുത്തിയെങ്കിലും ബാക്കിയുള്ളവരെ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ടൂറിസ്റ്റ് മേഖലയായ പാപ്പികോണ്ടാലു മലമ്പ്രദേശത്തേക്കു ഗണ്ടി പൊച്ചമ്മ ക്ഷേത്രത്തിനടുത്തു നിന്നാണ് ബോട്ട് യാത്രയാരംഭിച്ചത്. തുടര്‍ന്ന് ദേവിപട്ടണം മണ്ഡലിലെ കച്ഛുലുരു ഗ്രാമത്തില്‍ വെച്ചാണ് അപകടമുണ്ടായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അപകടമുണ്ടായ ശേഷം ഒ.എന്‍.ജി.സിയുടെ ഹെലികോപ്ടറുകളും ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രവര്‍ത്തകരും ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് മുഖ്യമന്ത്രി വൈ.എസ് ജഗന്മോഹന്‍ റെഡ്ഢി അധികൃതരോട് അന്വേഷിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗോദാവരി നദിയില്‍ വെള്ളം ഉയര്‍ന്നിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മാത്രം അഞ്ചുലക്ഷം ക്യുസെക്‌സ് വെള്ളമാണ് നദിയില്‍ ഉയര്‍ന്നത്.

ഗണേശ ചതുര്‍ഥി ദിനത്തിലുണ്ടായ സംഭവത്തില്‍ മധ്യപ്രദേശില്‍ 11 പേര്‍ മുങ്ങിമരിച്ച സംഭവം കഴിഞ്ഞദിവസമുണ്ടായിരുന്നു.