ഏഴ് ബി.ജെ.പി എം.പിമാര്‍ ഉടന്‍ തൃണമൂലില്‍ ചേരും; 5 മാസത്തിനുള്ളില്‍ സുവേന്തു അധികാരി തിരിച്ചുവരുമെന്ന് തൃണമൂല്‍ മന്ത്രി
national news
ഏഴ് ബി.ജെ.പി എം.പിമാര്‍ ഉടന്‍ തൃണമൂലില്‍ ചേരും; 5 മാസത്തിനുള്ളില്‍ സുവേന്തു അധികാരി തിരിച്ചുവരുമെന്ന് തൃണമൂല്‍ മന്ത്രി
ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 11:42 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഏഴ് ബി.ജെ.പി എം.പിമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഉടന്‍ ചേരുമെന്ന് ബംഗാള്‍ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ചു നടന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

മെയ്മാസത്തിനുള്ളില്‍ തന്നെ ബി.ജെ.പി എം.പിമാര്‍ തൃണമൂലില്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത് തന്നെ ഏഴ് ബി.ജെ.പി എം.പിമാര്‍ തൃണമൂലിലേക്ക് വരും. സുവേന്തു അധികാരി എന്തിനാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് മനസ്സിലാകുന്നില്ല. അയാള്‍ അവിടെ എത്രകാലം തുടരുമെന്ന കാര്യം പറയാന്‍ പറ്റില്ല. കൂടിപ്പോയാല്‍ ഒരു അഞ്ച് മാസം. അത്രയും നാള്‍ മാത്രമെ സുവേന്തുവിന് ബി.ജെ.പിയില്‍ തുടരാന്‍ കഴിയുകയുള്ളു. ഒരാള്‍ പോലും ബി.ജെ.പിയില്‍ ഉണ്ടാകില്ല, മല്ലിക് പറഞ്ഞു.

ബംഗാള്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ തൃണമൂലിനെതിരെ ശക്തമായ പ്രചാരണവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. തൃണമൂലില്‍ നിന്ന് പല നേതാക്കളും ബി.ജെ.പിയിലേക്ക് പോയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് തലവേദയായിട്ടുണ്ട്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.

സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും കഴിഞ്ഞ ദിവസം ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.

ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ലക്ഷ്മി രത്തന്‍ ശുക്ല കഴിഞ്ഞദിവസം രാജിവെച്ചതും വാര്‍ത്തയായിരുന്നു. ബംഗാള്‍ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തന്‍. മുന്‍ ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ് അദ്ദേഹം.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. അതേസമയം തൃണമൂല്‍ എം.എല്‍.എ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല.

മന്ത്രിയുടെ രാജിക്ക് പിന്നിലുള്ള കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലക്ഷ്മി രത്തന്‍ രാഷ്ട്രീയരംഗത്ത് നിന്നും പിന്മാറാന്‍ പോകുകയാണെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content  Highlights: Trinamool Congress Leader Slams Bjp