കരി ഉള്‍പ്പെടുത്തിയ പേസ്റ്റ് ഹാനികരമെന്ന് പഠനം
Health Tips
കരി ഉള്‍പ്പെടുത്തിയ പേസ്റ്റ് ഹാനികരമെന്ന് പഠനം
ന്യൂസ് ഡെസ്‌ക്
Friday, 24th May 2019, 5:32 pm
പരിസ്ഥിതി സൗഹൃദമെന്നും ബാക്റ്റീരിയ-ഫംഗസ് പ്രതിരോധമുള്ളവയെന്നും ഈ ഉല്‍പ്പന്നങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇവയ്ക്ക് ഈ ഗുണങ്ങളൊന്നും ഇല്ലെന്ന് മാത്രമല്ല ദന്തക്ഷയത്തിന് ഇടയാക്കും.

 

പണ്ടൊക്കെ പല്ലുകള്‍ വെട്ടിത്തിളങ്ങാന്‍ കരിക്കട്ടയും ഉമിക്കരിയുമൊക്കെ ഉപയോഗിച്ച് പല്ലുതേപ്പിക്കുമായിരുന്നു. എന്നാല്‍ കാലംമാറിയപ്പോള്‍ ടൂത്ത് പേസ്റ്റുകള്‍ എത്തി. എന്നാല്‍ ചില പേസ്റ്റുകളില്‍ കരി ചേര്‍ക്കാന്‍ കമ്പനികള്‍ തയ്യാറായിരിക്കുകയാണ്. ഇവ പല്ലുകള്‍ക്ക് നല്ല തിളക്കം നല്‍കും. പക്ഷെ ഇവ ചില ദന്ത രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പല്ലിന്റെ ഇനാമലിന് കേടുവരുത്തുമെന്നും ബ്രിട്ടീഷ് ഡെന്റല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നല്‍കുന്നു.

കരി ചേര്‍ത്ത ടൂത്ത് പേസ്റ്റുകള്‍ കമ്പനികളുടെ അവകാശവാദങ്ങള്‍ പോലെ സാധാരണ പേസ്റ്റുകളേക്കാള്‍ എന്തെങ്കിലും മേന്മയുണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കുന്നില്ലെന്നും ജേര്‍ണല്‍ പറയുന്നു. കരിചേര്‍ത്ത ടൂത്ത് പൗഡറുകളോ പേസ്റ്റുകളിലേക്കോ ആളുകള്‍ പോകരുതെന്നും സാധാരണ പേസ്റ്റുകളാണ് നല്ലതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പരിസ്ഥിതി സൗഹൃദമെന്നും ബാക്റ്റീരിയ-ഫംഗസ് പ്രതിരോധമുള്ളവയെന്നും ഈ ഉല്‍പ്പന്നങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇവയ്ക്ക് ഈ ഗുണങ്ങളൊന്നും ഇല്ലെന്ന് മാത്രമല്ല ദന്തക്ഷയത്തിന് ഇടയാക്കും. കരി തേക്കുമ്പോള്‍ പല്ലിന്റെ ഇനാമലിന് കേടുപാടു സംഭവിക്കുകയും പുറംപാളിപൊളിയുകയും ചെയ്യുന്നു. ഇത് അകത്തെകോശജാലകങ്ങള്‍ക്ക് പരുക്കേല്‍പ്പിക്കാനും സാധ്യതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കരിയുടെ ഉപയോഗം കാന്‍സറിന് കാരണമായേക്കുമെന്നും ജേണലില്‍ പറയുന്നു.