കേരളത്തിലെ വിജയം പിണറായിയുടെ മാത്രം ജയമാക്കി ചുരുക്കാന്‍ ശ്രമം; പിണറായിയുടെ സര്‍വാധിപത്യമെന്ന് വരുത്തിതീര്‍ക്കുന്നുവെന്നും സി.പി.ഐ.എം
Kerala
കേരളത്തിലെ വിജയം പിണറായിയുടെ മാത്രം ജയമാക്കി ചുരുക്കാന്‍ ശ്രമം; പിണറായിയുടെ സര്‍വാധിപത്യമെന്ന് വരുത്തിതീര്‍ക്കുന്നുവെന്നും സി.പി.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th May 2021, 12:26 pm

ന്യൂദല്‍ഹി: കേരള നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയം പിണറായി വിജയന്റെ മാത്രം വിജയമാക്കി ചുരുക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് സി.പി.ഐ.എം.

പിണറായി വിജയന്റെ വ്യക്തിപ്രഭാവമാണ് വിജയത്തിന് കാരണമെന്നും പാര്‍ട്ടിയിലും സര്‍ക്കാരിലും പിണറായിയുടെ ആധിപത്യമാണെന്ന് വരുത്താനാണ് ചിലരുടെ ശ്രമമെന്നും സി.പി.ഐ.എം ആരോപിച്ചു.

പുതിയ മന്ത്രിസഭ കൂട്ടായ പരിശ്രമത്തിന്റെ പാത പിന്തുടരുമെന്നും സി.പി.ഐ.എം വ്യക്തമാക്കുന്നു. സി.പി.ഐ.എം കേന്ദ്രനേതൃത്വത്തിന്റെ മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയുടെ മുഖപ്രസംഗത്തിലാണ് പാര്‍ട്ടിയുടെ ഈ സന്ദേശം.

കേരളത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആദ്യമായാണ് സി.പി.ഐ.എമ്മിന്റെ ഒരു പ്രാഥമിക അവലോകനം പുറത്തുവരുന്നത്.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് ചരിത്രപരമായ വിജയമാണെന്നും കേരളത്തില്‍ കിഫ്ബി അടക്കം നടത്തിയ ഇടപെടലിനെ പ്രശംസിക്കുന്നെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി യു.ഡി.എഫ് ബന്ധം തെരഞ്ഞെടുപ്പിലുണ്ടായെന്നും പത്ത് സീറ്റിലെങ്കിലും യു.ഡി.എഫ് വിജയിച്ചത് ബി.ജെ.പിയുടെ വോട്ടുകൊണ്ടാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.

പിണറായിയുടെ വിജയമാക്കി ഈ വിജയത്തെ ചുരുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന്  തുടര്‍ന്ന് മുഖപ്രസംഗം പറയുന്നു.  പിണറായിയുടെ സര്‍വാധിപത്യമാണ് പാര്‍ട്ടിയിലും സര്‍ക്കാരിലും എന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു. ഒരു പരമാധികാര നേതാവ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നു എന്ന് വരുത്താനും മാധ്യമങ്ങള്‍ ശ്രമിക്കുന്നു എന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്.

പിണറായി വിജയന്‍ ഭരണത്തില്‍ മികച്ച മാതൃക കാട്ടി എന്നതില്‍ സംശയമില്ല. പക്ഷേ ഇത് കൂട്ടായും വ്യക്തിപരവുമായിട്ടുള്ള പരിശ്രമങ്ങളുടെ ഭാഗമായിട്ടുള്ള വിജയമാണ്. അടുത്ത മന്ത്രിസഭ കൂട്ടായ പരിശ്രമത്തിന്റെ പാത പിന്തുടരുമെന്നും മുഖപ്രസംഗം പറയുന്നു.

പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഇത്തവണ ഇടതുമുന്നണി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ക്യാപ്റ്റന്‍ പരാമര്‍ശം അന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CPIM On Kerala Assembly Election Result and  pinarayi Vijayan