റേഷന്‍ വാങ്ങാന്‍ പണമില്ലാത്തവര്‍ അനേകം ,തൊഴില്‍ നഷ്ടമായവര്‍ 67 ശതമാനം, രക്ഷപ്പെടുമോ ഇന്ത്യ?
ന്യൂസ് ഡെസ്‌ക്

ലോക്ക് ഡൗണ്‍ ഗുരുതരമായ പ്രതിസന്ധിയിലേക്ക് രാജ്യത്തെ ദുര്‍ബല വിഭാഗത്തെ തള്ളിവിട്ടുവെന്ന് കണക്കുകള്‍. അസിം പ്രേംജി സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ എംപ്ലോയിമെന്റ് നടത്തിയ പഠനമാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളില്‍ 67 ശതമാനം പേര്‍ക്കും ലോക്ക് ഡൗണ്‍ കാരണം തൊഴില്‍ നഷ്ടമായെന്നും,63 ശതമാനത്തിനും ലഭിച്ചിരുന്ന വരുമാനത്തില്‍ വലിയ നഷ്ടമുണ്ടായെന്നും പഠനത്തില്‍ പറയുന്നു.

ഒരാഴ്ച്ചത്തെ റേഷന്‍ വാങ്ങാന്‍ പോലും പണമില്ലാത്ത 61 ശതമാനം പേര്‍ രാജ്യത്തുണ്ടെന്നാണ് പഠനത്തിലെ മറ്റൊരു കണ്ടെത്തല്‍. 74 ശതമാനം പേരും കടുത്ത പ്രതിസന്ധിയില്‍ ഭക്ഷണം കഴിക്കുന്നതു പോലും വെട്ടിക്കുറച്ചുവെന്നും പഠനം പറയുന്നു.

പ്രധാനമായും ആന്ധ്രാപ്രദേശ്, ബിഹാര്‍, ദല്‍ഹി, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണ്ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, രാജസ്ഥാന്‍, തെലങ്കാന, പശ്ചിമബംഗാള്‍ എ്ന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയിട്ടുള്ളത്.

നഗരമേഖലയിലുള്ളവരെയും ഗ്രാമീണ മേഖലയിലുള്ളവരെയും അടിസ്ഥാനപ്പെടുത്തിയും സര്‍വ്വകലാശാല പഠനം നടത്തിയിരുന്നു. നഗരത്തിലും ഗ്രാമത്തിലുമുള്ള 60 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കുന്നതിനുള്ള സംവിധാനങ്ങളില്ലെന്നും ജന്‍ധന്‍ അക്കൗണ്ടുകളില്ലാത്തവരാണ് ഇത്രയും ശതമാനം ആളുകളെന്നും കണക്ക് വ്യക്തമാക്കുന്നുണ്ട്.

രാജ്യത്തെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ മാത്രം നടത്തിയ പഠത്തില്‍ നിന്നാണ് രാജ്യത്ത് റേഷന്‍ പോലും ലഭിക്കാത്ത ആളുകളുണ്ടെന്ന യാഥാര്‍ത്ഥ്യം പുറത്തു വന്നത്. അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരെയും പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രതിമാസം പതിനായിരം രൂപയില്‍ കുറവ് ശമ്പളമുള്ളവര്‍ക്കിടയിലായിരുന്നു ഗവേഷണം നടത്തിയത്.

രാജ്യത്ത് നഗര പ്രദേശങ്ങളിലുള്ളവര്‍ക്കാണ് കൂടുതലായും തൊഴില്‍ നഷ്ടമായിട്ടുള്ളത്. 80 ശതമാനമാണ് ഇവിടുത്തെ തൊഴില്‍ നഷ്ടം. അതേ സമയം ഗ്രാമീണ മേഖലയില്‍ 58 ശതമാനം പേര്‍ക്കാണ് ജോലി നഷ്ടമായത്. ലോണുകള്‍ എടുത്താണ് 43 ശതമാനം പേരും ഉപജീവനത്തിന് വരുമാനം കണ്ടെത്തുന്നതെന്നും പഠനത്തില്‍ കാണാം. കര്‍ഷകരില്‍ 90 ശതമാനം ആളുകളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്ത സാഹചര്യത്തിലാണ് തൊഴില്‍ ചെയ്യുന്നത്.

ചെറുകിട കച്ചവടക്കാരുടെ കാര്യമെടുക്കുകയാണെങ്കില്‍ അവര്‍ക്ക് കെട്ടിട വാടകയും മറ്റും നല്‍കാനുള്ള തുക പോലും ലഭിക്കുന്നില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മാസം വെറും 2000മോ 5000 മോ മാത്രം വരുമാനമുള്ളവരാണ് മിക്കവരും.

ലോക്ക്ഡൗണ്‍ 50 ദിവസം പിന്നിടുമ്പോള്‍ രാജ്യത്തെ ദുര്‍ബല വിഭാഗം വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടപ്പെട്ടിരിക്കുന്നതെന്നാണ് അസിം പ്രേംജി സര്‍വ്വകലാശാലയിലെ ഗവേഷക ഡോക്ടര്‍ റോസ എബ്രഹാം പറഞ്ഞത്.

രാജ്യത്തെ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരെ സംബന്ധിച്ചും അതിഥി സംസ്ഥാനത്തൊഴിലാളികളെ സംബന്ധിച്ചും ലോക്ക്ഡൗണ്‍ വലിയ പരിക്കുകളാണ് അവരുടെ ജീവിതത്തില്‍ വരുത്തിയതെന്ന വിമര്‍ശനങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകളും പ്രസക്തമാവുന്നത്. ദുര്‍ബല വിഭാഗത്തിന്റെ ജീവിതത്തെ സംബന്ധിച്ച് യാതൊരു മുന്നൊരുക്കങ്ങളും നടത്താതെ മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് വിമര്‍ശനങ്ങളില്‍ വലിയൊരു ഭാഗവും.

ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴിലും വരുമാനവും ഭക്ഷണവും താമസ സൗകര്യവും ഇല്ലാതായപ്പോള്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്വന്തം നാട്ടിലേക്ക് കാല്‍നടയായി മടങ്ങേണ്ടി വന്നതും രാജ്യത്തെ ദുര്‍ബല വിഭാഗത്തിന്റെ പ്രതിസന്ധികളെ തുറന്നു കാട്ടുന്ന കാഴ്ചകളായിരുന്നു.

ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ തന്നെ തൊഴിലാളികള്‍ക്കും രാജ്യത്തെ പാവപ്പെട്ട 50 ശതമാനം ആളുകള്‍ക്കും ബാങ്ക് അക്കൗണ്ടിലേക്ക് 7500 രൂപ വീതം നല്‍കണമെന്ന് പ്രതിപക്ഷവും സാമ്പത്തിക വിദഗ്ദരും ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ നയങ്ങള്‍ക്കൊന്നും ചെവികൊടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളോട് പുലര്‍ത്തുന്ന മനോഭാവം അത്രമേല്‍ ഖേദകരമാണെന്നാണ് രാജ്യത്തുടനീളം ഉയരുന്ന വിമര്‍ശനങ്ങള്‍.