കുത്തിയൊഴുകുന്ന പ്രളയജലത്തിലേക്ക് എടുത്തുചാടി അറുപതുകാരന്‍; രണ്ടുദിവസത്തിനു ശേഷം തിരിച്ചുവരവ്; ഞെട്ടിത്തരിച്ച് നഞ്ചന്‍ഗുഡ്ഡുകാര്‍
Heavy Rain
കുത്തിയൊഴുകുന്ന പ്രളയജലത്തിലേക്ക് എടുത്തുചാടി അറുപതുകാരന്‍; രണ്ടുദിവസത്തിനു ശേഷം തിരിച്ചുവരവ്; ഞെട്ടിത്തരിച്ച് നഞ്ചന്‍ഗുഡ്ഡുകാര്‍
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 5:33 pm

ബെംഗളൂരു: കുത്തിയൊഴുകുന്ന പുഴയിലേക്ക് എടുത്തുചാടിയ അറുപതുകാരന്‍ രണ്ടു ദിവസം കഴിഞ്ഞ് പ്രത്യക്ഷപ്പെട്ടതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് കര്‍ണാടകത്തിലെ നഞ്ചന്‍ഗുഡ്ഡുകാര്‍. പ്രളയത്തിലകപ്പെട്ട സംസ്ഥാനത്തെ നഞ്ചന്‍ഗുഡ്ഡ് ഗ്രാമത്തിലാണ് അത്ഭുതകരമായ ഈ സംഭവം നടന്നത്.

കര്‍ണാടകത്തിലെ മറ്റെല്ലായിടങ്ങളിലും എന്നപോലെ തന്നെ നഞ്ചന്‍ഗുഡ് നഗരത്തിലും വെള്ളം കയറിയിരുന്നു. അതിനിടെയാണ് നാട്ടുകാരനായ വെങ്കടേഷ് മൂര്‍ത്തി മലവെള്ളം കുത്തിയൊലിച്ചെത്തിയ കപില നദിയിലേക്ക് എടുത്തുചാടിയത്.

ഒരു സാഹസിക പ്രവൃത്തി എന്ന നിലയിലായിരുന്നത്രെ ഇയാള്‍ ചാടിയത്. ഇയാള്‍ വെള്ളത്തിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നാട്ടുകാര്‍ കയറിട്ടു കൊടുത്തെങ്കിലും വെങ്കടേഷ് വെള്ളത്തില്‍ മുങ്ങിത്താഴുന്നതാണ് നാട്ടുകാര്‍ അവസാനമായി കണ്ടത്. എന്നാല്‍ രണ്ടുദിവസമായിട്ടും കാണാതായതോടെ വെങ്കടേഷ് തിരിച്ചുവരുമെന്ന പ്രതീക്ഷ നാട്ടുകാര്‍ അവസാനിപ്പിച്ചു.

പക്ഷേ രണ്ടുദിവസം കഴിഞ്ഞ് ഇയാള്‍ തിരിച്ചെത്തി. നേരെ പോയത് നഞ്ചന്‍ഗുഡ്ഡിലെ പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. ഒരു വെല്ലുവിളിയായി ഏറ്റെടുത്താണ് ഇയാള്‍ ചാടിയതെന്ന് പൊലീസ് പറഞ്ഞു.

എന്നാല്‍ ഈ ഞെട്ടലൊന്നും വെങ്കടേഷിന്റെ സഹോദരിയുടെ മുഖത്ത് കാണാനില്ല. അവര്‍ക്കിതൊരു പുതുമയല്ല. ഇത്തരത്തിലുള്ള സാഹസികതകള്‍ക്ക് വെങ്കടേഷ് ആദ്യമല്ലത്രെ മുതിരുന്നത്. കഴി 30 വര്‍ഷമായി അവരിതു കാണുകയാണ്.

ഈ പുഴയില്‍ മുന്‍പും വെങ്കടേഷ് ചാടിയിട്ടുണ്ട്. അന്നൊക്കെ അരമണിക്കൂര്‍ കഴിഞ്ഞ് തിരിച്ചുവരാറുമുണ്ട്. തൊട്ടടുത്തുള്ള പാലത്തില്‍ നിന്നാണ് വെങ്കടേഷ് പതിവായി ചാടാറ്.

ഇത്തവണ പാലത്തിന്റെ തൂണില്‍ കുടുങ്ങിപ്പോയതുകൊണ്ടാണ് താന്‍ രണ്ടുദിവസമെടുത്തതെന്ന് വെങ്കടേഷ് തന്നെ പറഞ്ഞു. പുരോഹിതനാണ് ഇയാള്‍.