ഉരുളക്കിഴങ്ങ് കൃഷി ചെയ്തവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ലെയ്‌സ് കമ്പനിയെ സഹായിച്ച നിയമം ഇതാണ്
FB Notification
ഉരുളക്കിഴങ്ങ് കൃഷി ചെയ്തവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ലെയ്‌സ് കമ്പനിയെ സഹായിച്ച നിയമം ഇതാണ്
കെ.പി ഇല്യാസ്
Saturday, 27th April 2019, 2:37 pm

എന്താണ് PPV&FR Act?

പെപ്‌സികോ കമ്പനിയുടെ ഉല്‍പന്നമായ ലെയ്‌സ് ചിപ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന FL2027 എന്നയിനം ഉരുളക്കിഴങ്ങ്, കൃഷി ചെയ്ത ഗുജറാത്തിലെ അഹമ്മദാബാദിലെ കര്‍ഷകര്‍ക്കെതിരെ 2001 ലെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വറൈറ്റീസ് ആന്റ് ഫാര്‍മേര്‍സ് റൈറ്റ് ആക്റ്റ് (PPV&FRA) പ്രകാരം പെപ്‌സികോ കമ്പനി 1.05 കോടി രൂപയുടെ കേസ് കൊടുത്തത് ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണല്ലോ.

എന്താണ് പി പി വി എഫ് ആര്‍ എ എന്നും ഈ നിയമം എങ്ങിനെയാണ് കര്‍ഷകരെ വഞ്ചിക്കുന്നതെന്നും നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയിലെ സസ്യ ഇനങ്ങളുടെയും കര്‍ഷക അവകാശങ്ങളുടെയും സംരക്ഷണ അതോറിറ്റിയായാണ് പി പി വി എഫ് ആര്‍ എ ( Protection of Plant Varieties and Farmers Rights Authority) അറിയപ്പെടുന്നത്.

വിത്തുകള്‍ക്കു മുകളിലുള്ള കര്‍ഷകന്റെയും സസ്യഗവേഷകന്റെയും (Plant Breeders ) അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഫലപ്രദമായ വ്യവസ്ഥയ്ക്ക് രൂപം കൊടുക്കുകയും പുതിയ ഇനങ്ങള്‍ വികസിച്ചെടുക്കുന്നതിന് വേണ്ടി പ്രോല്‍സാഹനങ്ങള്‍ നല്‍കുന്നതോടൊപ്പം അതിനു വേണ്ട നിക്ഷപം സ്വകാര്യ മേഖയില്‍ നിന്നും പൊതുമേഖലയില്‍ നിന്നും സമാഹരിക്കുകയും ചെയ്യുക എന്നതാണ് പി. പി, വി. എഫ്. ആര്‍. എയുടെ പ്രധാന ലക്ഷ്യമായി പറയുന്നത്.

കര്‍ഷകര്‍ക്കും വ്യാവസായികാടിസ്ഥാനത്തില്‍ വിത്തുല്‍പാദിപ്പിക്കുന്നവര്‍ക്കും നാടന്‍ വിളകള്‍ പരമ്പരാഗതമായി കൃഷി ചെയ്തു പോരുന്ന പ്രാദേശിക സമൂഹങ്ങള്‍ക്കും ഒരുപോലെ സംരക്ഷണം നല്‍കുന്നുവെന്നാണ് പി. പി, വി. എഫ്. ആര്‍. എ അവകാശപ്പെടുന്നത്.

വിത്തിന്‍മേലുള്ള ഉടമവസ്ഥാവകാശം ഇവര്‍ക്ക് ലഭിക്കുന്നു. അതായത് വിത്ത് വികസിപ്പിച്ചെടുക്കുന്ന കര്‍ഷകര്‍ക്കോ സമൂഹങ്ങള്‍ക്കോ ഗവേഷകര്‍ക്കോ തങ്ങളുടെ വിളകള്‍ക്കു മുകളിലുള്ള ബൗദ്ധിക സ്വത്തവകാശ സംരക്ഷണം (Intellectual Property Rights ) ഉറപ്പു നല്‍കുന്നു. ഈ നിയമത്തിന്റെ പരിരക്ഷണത്തില്‍ സംരക്ഷിക്കപ്പെട്ട വിത്തിന്റെ വ്യാപാരത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ പങ്ക് (Royalty) രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കോ മറ്റു വിത്തുല്പാദകര്‍ക്കോ അവകാശപ്പെട്ടതായിരിക്കും.

പ്ലാന്റ് ജീനോം സേവ്യര്‍ അവാര്‍ഡുകള്‍ നല്‍കിയാണ് പി. പി, വി. എഫ്. ആര്‍. എ ജനകീയ മുഖം ഉണ്ടാക്കിയത്. കേരളത്തിലും കുറച്ച് കര്‍ഷകര്‍ക്ക് പ്ലാന്റ് ജീനോം സേവ്യര്‍ അവാര്‍ഡ് ലഭിക്കുകയുണ്ടായല്ലോ. വളരെ കാലങ്ങളായി ലാഭേശ്ചയില്ലാതെ നാടന്‍ വിത്തുകളും കന്നുകാലികളെയുമൊക്കെ സംരക്ഷിക്കുന്ന കര്‍ഷകരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരംഗീകാരമായാണ് പലരും ഇതിനെ കാണുന്നത്.

അവാര്‍ഡ് ലഭിച്ച മിക്ക കര്‍ഷകരും യാതൊരു വരുമാനവും ആഗ്രഹിക്കാതെ സ്വയം താല്‍പര്യമെടുത്ത് തന്നെയാണ് ഇത്രയും കാലം ഈ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നതെന്നതില്‍ സംശയമില്ല. തീര്‍ച്ചയായും ഇത്തരം അംഗീകാരങ്ങള്‍ ഇവരര്‍ഹിക്കുന്നുണ്ട്. അവാര്‍ഡിന്റെ ഭാഗമായി കിട്ടുന്ന ചെറിയ തുക അവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസവുമാണ്. എന്നാല്‍ ഈ അവാര്‍ഡിനു പിറകില്‍ നമ്മളറിയാതെ പോകുന്ന മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.

തലമുറകളായി നാടന്‍ വിത്ത് സംരക്ഷിക്കുന്ന കര്‍ഷക സമൂഹങ്ങളെയും പുതിയ വിത്തുകള്‍ ഉരുത്തിരിച്ചെടുക്കുന്ന ഗവേഷകരെയും സംബന്ധിച്ചിടത്തോളം അവരുടെ വിത്തിന്‍മേലുള്ള അവകാശത്തെ സംരക്ഷിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു നിയമമായിട്ടാണ് പലരും പി. പി, വി. എഫ്. ആര്‍. എയെ കരുതുന്നത്. ഈ നിയമത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ പലര്‍ക്കും അങ്ങിനെ തോന്നുകയും ചെയ്യും. എന്നാല്‍ അത്ര നിഷ്‌കളങ്കമല്ല കാര്യങ്ങള്‍.

ഇന്ത്യന്‍ പാര്‍ലിമെന്റ് നമ്മുടെ ജനിതക സമ്പത്തിനെ സംരക്ഷിക്കാന്‍ വേണ്ടി സ്വയം നിര്‍മിച്ചെടുത്തതൊന്നുമല്ല ഈ നിയമം. ഒരു അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഈ ആക്റ്റിനു രൂപം നല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. 1995 ല്‍ ലോകവ്യാപാര സംഘടന (WTO) വാണിജ്യവുമായി ബന്ധപ്പെട്ട ബൗദ്ധിക സ്വത്തവകാശ സംരക്ഷണ നിയമങ്ങള്‍ക്ക് (ട്രിപ്‌സ് ഉടമ്പടിക്ക്) രൂപം നല്‍കിയപ്പോള്‍ മുതല്‍ എല്ലാ അംഗരാജ്യങ്ങളും ജനിതക സമ്പത്തിന്‍ മേലുള്ള പേറ്റന്റ് നിയമങ്ങള്‍ നടപ്പില്‍ വരുത്താന്‍ ബാധ്യസ്ഥരായിരുന്നു.

ബൗദ്ധിക സ്വത്തവകാശത്തെ സംബന്ധിക്കുന്ന അന്തര്‍ദേശീയ നിയമങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു ഉടമ്പടിയാണ് ട്രിപ്‌സ് (Agreement on Trade-Related Aspects of Intellectual Property Rights TRIPS ) ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യു. ടി. ഒ) അംഗങ്ങളായ എല്ലാ രാജ്യങ്ങള്‍ക്കും ട്രിപ്‌സ് ബാധകമാണ്. ഈ കരാറിന്റെ അടിസ്ഥാനത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കാനും നടപ്പില്‍ വരുത്താനും രാജ്യങ്ങള്‍ ബാധ്യസ്ഥരാണ്. വിത്ത് കുത്തക കമ്പനികളുടെ സ്വാധീനത്തിന് വഴങ്ങിയാണ് ട്രിപ്‌സിന്റെ നിയമങ്ങള്‍. അതിനാവശ്യമായ തന്ത്രങ്ങള്‍ അവര്‍ മെനയുന്നു.

ട്രിപ്‌സ് കരാറിലെ (27.3(b) ആര്‍ട്ടിക്കിളിന്റെ അടിസ്ഥാനത്തില്‍ അംഗരാജ്യങ്ങള്‍ വിത്തിനങ്ങള്‍ക്ക് പേറ്റന്റിലൂടെയോ അല്ലെങ്കില്‍ അതുപോലെയുള്ള മറ്റേതെങ്കിലും സംവിധാനങ്ങളിലൂടെയോ ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ ആദ്യം പേറ്റന്റ് നിയമത്തിലൂടെ സംരക്ഷണം നല്‍കാനായിരുന്നു ആലോചന.

എന്നാല്‍ വിത്തിന്‍മേലുള്ള പേറ്റന്റ് നിയമങ്ങള്‍ കര്‍ഷകരുടെ വിത്തിന് പുറത്തുള്ള അവകാശത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാകുമെന്നുള്ള വിമര്‍ശനങ്ങളെ ഭയന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഇത്തരമൊരു നിയമമുണ്ടാക്കാന്‍ മുതിര്‍ന്നില്ല. ചില രാജ്യങ്ങള്‍ പേറ്റന്റ് നിയമങ്ങള്‍ നടപ്പില്‍ വരുത്തിയപ്പോള്‍ ഇന്ത്യ രജിസ്റ്റര്‍ ചെയ്ത് സംരക്ഷിക്കാനുള്ള നിയമമാണ് (Protection of Plant Varieties and Farmers Rights Act) ഉണ്ടാക്കിയത്. ഇന്ത്യന്‍ പാര്‍ലിമെന്റ് 2001 ല്‍ ഈ ആക്റ്റിന് അംഗീകാരം നല്‍കിയെങ്കിലും 2005 ലാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയം ഒരു അതോറിറ്റിക്ക് രൂപംനല്കുന്നത്.

വിത്ത് കമ്പനികള്‍ക്ക് കര്‍ഷകരുടെ ചെലവില്‍ അവരുടെ പേറ്റന്റ് നിയമങ്ങള്‍ നടപ്പില്‍ വരുത്താനുള്ള നല്ലൊരു നിയമമായാണ് ഇപ്പോള്‍ ഫലത്തില്‍ പി. പി. വി. എഫ്. ആര്‍. എ. ഈ നിയമത്തിന്റെ ബലത്തിലാണ് പെപ്‌സികോ കമ്പനി ഇപ്പോള്‍ കര്‍ഷകര്‍ക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്.

വിത്ത് കമ്പനികള്‍ക്കും പി. പി. വി. എഫ്. ആര്‍ എ. എയില്‍ അവരുടെ വിത്തുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഒരു പറ്റം കമ്പനികളാണ് അവര്‍ വികസിപ്പിച്ചെടുത്തെന്ന് അവകാശപ്പെടുന്ന വിത്തുകള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടാതെ വിവിധ കമ്മ്യൂണിറ്റികളും സ്ഥാപനങ്ങളും കര്‍ഷകരുമൊക്കെ ഇതില്‍ തങ്ങളുടെ വിത്തുകളാണെന്നവകാശപ്പെട്ടു കൊണ്ട് പല നാടന്‍ വിത്തുകളും ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പി. പി, വി. എഫ്. ആര്‍ എ പേറ്റന്റ് നിയമത്തില്‍ വരുന്നത് കൊണ്ട് കര്‍ഷകര്‍ക്ക് സ്വതന്ത്രമായി ഇത്തരം വിത്തുകള്‍ കൃഷി ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനും തടസ്സം സൃഷ്ടിക്കും.

അപൂര്‍വയിനം ചില വിത്തുകള്‍ സ്വകാര്യ വ്യക്തികളോ കമ്പനികളോ കൈവശപ്പെടുത്തി പി. പി, വി. എഫ്. ആര്‍ എയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെതിരെ ചില സംഘടനകള്‍ ജനകീയ കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിച്ച് ആ വിത്തുകള്‍ അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് സംരക്ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഈ രീതിയില്‍ ഈ നിയമത്തെ ഉപയോഗിക്കുന്നവരുമുണ്ട്.

എന്തായാലും ഇത്തരം നിയമങ്ങള്‍ കര്‍ഷകര്‍ക്ക് സ്വതന്ത്രമായി വിത്തുകള്‍ കൈമാറാന്‍ തടസ്സമാണ്. മുമ്പ് പ്രാബല്യത്തിലുണ്ടായിരുന്ന വിത്തു നിയമങ്ങള്‍ പാരമ്പര്യ വിത്തുകള്‍ക്കു മുകളിലുണ്ടായിരുന്ന കര്‍ഷകന്റെ അവകാശങ്ങളില്‍ കൈ കടത്തിയിരുന്നില്ല. ഗവേഷണ സ്ഥാപനങ്ങളും കമ്പനികളും വികസിപ്പിച്ചെടുത്ത വിത്തുകള്‍ക്കു മുകളില്‍ മാത്രമായിരുന്നു രജിസ്‌ട്രേഷനും സര്‍ട്ടിഫിക്കേഷനും ബാധകമായിരുന്നത്. എന്നാല്‍ ഈ നിയമം നാടന്‍ വിത്തുകളെപ്പോലും ഈ പരിധിയില്‍ കൊണ്ടു വന്നിരിക്കുന്നു. നമ്മുടെ കര്‍ഷകര്‍ അവരറിയാതെയാണെങ്കിലും ആഗോള മൂലധന ശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് ഇരയാവാന്‍ പാടില്ല. അതിനുള്ള ചെറുത്തു നില്‍പുകള്‍ അത്യാവശ്യമാണ്.

 

കെ.പി ഇല്യാസ്
ജോയിന്റ് സെക്രട്ടറി കേരളാ ജൈവ കര്‍ഷക സമിതി