എഡിറ്റര്‍
എഡിറ്റര്‍
മുന്നേറ്റത്തില്‍ സി.ഐ.ഡിയും പന്ത്രണ്ടാമനായി മഞ്ഞപ്പടയും; കപ്പ് ബ്ലാസ്റ്റേഴ്‌സിലെത്താന്‍ അഞ്ച് കാരണങ്ങള്‍
എഡിറ്റര്‍
Tuesday 7th November 2017 4:00pm

നവംബര്‍ 17ന് ഐ.എസ്.എല്ലിന് തുടക്കമാവുകയാണ്. പത്ത് ടീമുകളാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. പോരാട്ടം കനക്കുമെന്നതിന്റെ സൂചനകളാണ് ഇത് നല്‍കുന്നത്.

കഴിഞ്ഞ സീസണുകളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച ബ്ലാസ്റ്റേഴ്‌സിനാണ് ഇത്തവണ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. മാഞ്ചസ്റ്ററിന്റെ എക്കാലത്തെയും മികച്ച കോച്ചായിരുന്ന സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച റെനി മ്യൂലന്‍സ്റ്റീന് കീഴിലാണ് കേരളം ബൂട്ടുകെട്ടുന്നത് എന്നുള്ളതടക്കം നിര്‍ണായകമാവുന്ന ഘടകങ്ങളാണ്.
സി.ഐ.ഡി കൂട്ടുകെട്ട് (സി.കെ വിനീത്- ഇയാന്‍ ഹ്യൂം- ദിമിതര്‍ ബെര്‍ബറ്റോവ്)

 

 

ഇത്തവണത്തെ കേരളബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷയാണ് ഈ സി.ഐ.ഡി കൂട്ടുകെട്ട്. ഇതിലാദ്യത്തേത് മലയാളികളുടെ പ്രിയങ്കരനായ സി.കെ വിനീതാണ്. കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ കുന്തുമുനയായിരുന്ന താരമാണ് സി.കെ വിനീത്.

ഐ.എസ്.എല്ലിലെ ടോപ്‌സ്‌കോററായ ഇയാന്‍ ഹ്യൂം ബ്ലാസ്‌റ്റേഴ്‌സ് ടീമിലേക്ക് തിരിച്ചെത്തി എന്നത് സുപ്രധാനമാണ്. ഹ്യൂമിന് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരില്‍ നിന്ന് ലഭിച്ച പിന്തുണ മറ്റെവിടെയും ലഭിക്കുകയില്ലെന്നത് ഉറപ്പാണ്. അതുകൊണ്ട് ഇത്തവണ കഴിഞ്ഞ സീസണിനേക്കാള്‍ ഇരട്ടി ആവേശമായിരിക്കും ഹ്യൂമിന്റെ കാലുകള്‍ക്ക്.

ദിമതര്‍ ബെര്‍ബറ്റോവ് ആണ് അടുത്ത താരം. മാഞ്ചസ്റ്ററിനും ടോട്ടന്‍ഹാമിനും മൊണാക്കോയ്ക്കും വേണ്ടി കളിച്ച് പരിചയമുള്ള ബെര്‍ബറ്റോവിന്റെ വരവിനെ മറ്റു ക്ലബ്ബുകള്‍ ആശങ്കയോടെയാണ് നോക്കുന്നത്. ക്ലബ്ബുകള്‍ക്ക് വേണ്ടി 280 ഗോളുകളും ദേശീയ ടീമിന് വേണ്ടി 48 ഗോളുകളും ഈ ബള്‍ഗേറിയന്‍ താരം നേടിയിട്ടുണ്ട്.
യുവതാര നിര

 

വിനീത്, ജിങ്കന്‍, മെഹ്താബ് ഹുസൈന്‍, റാഫി എന്നിവരടങ്ങുന്ന പ്രാദേശിക നിരയിലേക്ക് കൂടുതല്‍ കളിക്കാരെ ഇറക്കി ടീമിനെ ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍.

മുപ്പത്തിയൊന്നുകാരനായ ഗോള്‍കീപ്പര്‍ സുഭാഷിഷ് റോയ് ചൗധരി, റിനോ ആന്റോ, ലാല്‍റുത്താര, മിലന്‍ സിങ്, ജാക്കിചന്ദ് സിങ്, അറാത ഇസൂമി എന്നിവരെയാണ് പുതിയതായി ക്ലബ്ബില്‍ എത്തിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ അജിത്ശിവനും പ്രശാന്തും കേരളത്തെ ശക്തരാക്കും.

പ്രതിരോധം

 

രാജ്യത്തെ ഏറ്റവും മികച്ച പ്രതിരോധ താരമായ ജിങ്കന്‍ കേരളത്തിന്റെ കരുത്താണ്. കഴിഞ്ഞ മൂന്നു സീസണിലും കേരളത്തിന്റെ പ്രതിരോധ കോട്ട കാത്തത് ജിങ്കനായിരുന്നു. മുന്‍ മാഞ്ചസ്റ്റര്‍ താരമായ വെസ് ബ്രൗണും പ്രതിരോധത്തില്‍ മികച്ചതാണ്.

ഡ്രാഫ്റ്റിലെ കേരളത്തിന്റെ ആദ്യനോട്ടം റിനോ ആന്റോയിലായിരുന്നു. ഇത് സൂചിപ്പിക്കുന്നത് പ്രതിരോധത്തിന് കേരളം മുന്‍ഗണന നല്‍കുന്നുണ്ടെന്നാണ്. പുതുതായെത്തിയ സെര്‍ബിയന്‍ താരം നെമാന്‍ജ ലാകികും ലാല്‍റുത്താനയും കേരളത്തിന്റെ പ്രതിരോധനിരയെ ശക്തമാക്കുമെന്ന് ഉറപ്പാണ്.
റെനി മ്യൂലന്‍സ്റ്റീന്‍

 

കേരളത്തെ സംബന്ധിച്ചെടുത്തോളം വഴിത്തിരിവാകുമെന്ന് ഉറപ്പുള്ള പേരാണത്. ക്രിസ്റ്റിയാനോ, റൂണി തുടങ്ങിയ താരങ്ങളെ പരിശീലിപ്പിച്ചിട്ടുള്ളയാളാണ് റെനി മ്യൂലന്‍സ്റ്റീന്‍. മാഞ്ചസ്റ്ററിലെ പരിചയത്തിന് പുറമെ ബ്രോണ്ട് ബി ഐ.എഫ്, എഫ്.സി അന്‍സി, ഫുള്‍ഹാം, മക്കാബി ഹൈഫ തുടങ്ങിയവയില്‍ മാനേജരായിരുന്നു റെനി.

വെസ് ബ്രൗണിനെയും ദിമതര്‍ ബെര്‍ബറ്റോവിനേയും കേരളടീമിലേക്ക് കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാളാണ് റെനി.

 

മഞ്ഞപ്പട

 

 

ഗ്രൗണ്ടിലെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പന്ത്രണ്ടാമത്തെ താരമാണ് ആരാധകര്‍. മറ്റൊരു ക്ലബ്ബുകള്‍ക്കും നല്‍കാത്ത പിന്തുണയാണ് കേരളജനത ബ്ലാസ്റ്റേഴ്‌സിന് നല്‍കുന്നത്. മത്സരം തുടങ്ങിയാല്‍ കടലുപോലെയാവുന്ന സ്‌റ്റേഡിയം ഇതിന് തെളിവാണ്.
പരിശീലകനായി ചുമതലയേറ്റ ശേഷം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട റെനെ പറഞ്ഞത് കേരളത്തിന് മാഞ്ചസ്റ്ററിന് തുല്ല്യമായ ആരാധക പിന്തുണയുണ്ടെന്നാണ്.

Advertisement