ഇത് ജൂണ്‍ ശ്രീകാന്ത്; തീപ്പൊരി പ്രസംഗത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഒമ്പതുവയസ്സുകാരി
kERALA NEWS
ഇത് ജൂണ്‍ ശ്രീകാന്ത്; തീപ്പൊരി പ്രസംഗത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ഒമ്പതുവയസ്സുകാരി
ന്യൂസ് ഡെസ്‌ക്
Wednesday, 1st August 2018, 7:23 pm

ഡി.വൈ.എഫ്.ഐയുടെ ഒരു പരിപാടിയില്‍ ഒരു പെണ്‍കുട്ടി പ്രസംഗിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ വൈറലായത് കഴിഞ്ഞ ദിവസമായിരുന്നു. കഠ്‌വയിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം മുതല്‍ രാജ്യത്തെ ഭരണത്തിനെതിരെയും അരുതായ്മകള്‍ക്കെതിരെയും ശക്തമായ ഭാഷയില്‍ കത്തിക്കയറുന്ന പെണ്‍കുട്ടിയുടെ പ്രസംഗത്തിന് നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

“എന്റെ വീട്ടില്‍ ബൈബിളും ഖുറാനും ഭഗവദ്ഗീതയുമുണ്ട്. നിലവിളക്കും മെഴുകുതിരിയുമുണ്ട്. പക്ഷേ ആരും മതത്തിന്റെ ഭാഷ സംസാരിക്കുന്നത് കേട്ടിട്ടില്ല” എന്ന് മനോഹരവും വ്യക്തവുമായ ആ കൊച്ചു ബാലികയുടെ തകര്‍പ്പന്‍ പ്രസംഗംകേട്ടവര്‍ക്കാര്‍ക്കും കയ്യടിക്കാതിരിക്കാനാവില്ല.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരനായ ശ്രീകാന്തിന്റെയും സോണിയുടേയും മകളായ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി സ്‌കൂളിളിലെ നാലാം ക്ലാസുകാരി ജൂണ്‍ ശ്രീകാന്താണ് മലയാളികളുടെ ഹൃദയം കവര്‍ന്ന കൊച്ചുമിടുക്കി.


Read Also : ഈ സര്‍ക്കാരില്‍ ഹൃദയമുള്ള ആരുമില്ലേ, അമ്മമാര്‍ക്ക് പിറന്നവര്‍? മുറിവേറ്റ അസം ജനത ചോദിക്കുന്നു


ഓഗസ്റ്റ് 15ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സംഗമത്തിന്റെ പ്രചരണാര്‍ഥം പയ്യമ്പള്ളി മേഖലാ കമ്മിറ്റി നടത്തിയ പ്രചാരണ ജാഥയിലെ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ജൂണ്‍ ഇതുവരെ ഡി.വൈ.എഫ്.ഐയുടെ മേഖലാ ജാഥയുടെ അഞ്ച് സ്വീകരണകേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. 15 ന് നടക്കുന്ന പരിപാടിയ്ക്കും ജൂണിന് ക്ഷണമുണ്ട്.

രാജ്യത്ത് നടക്കുന്ന സമകാലിക വിഷയങ്ങള്‍ മുതല്‍ ചരിത്രംവരെ എടുത്ത് പറഞ്ഞുകൊണ്ട് കത്തിക്കയറുന്ന ഈ കൊച്ചു സഖാവ് കേരളത്തിലെ സാമൂഹീകാന്തരീക്ഷവും സ്വന്തം വീട്ടിലെ കുടുംബാന്താരീക്ഷവും എടുത്ത് സംസാരിക്കുന്നുണ്ട്.

പ്രസംഗത്തില്‍ മാത്രമല്ല ജൂണ്‍ കഴിവ് തെളിയിച്ചത്. പഠനത്തില്‍ മിടുക്കിയായ ഇവള്‍ കവിതയിലും മോണോ ആക്ടിലും ഡാന്‍സിലുമെല്ലാം പ്രതിഭ തെളിയിച്ച സകലകലാ വല്ലഭയാണ്. സ്‌കൂള്‍ കലോത്സവങ്ങളിലും വയനാട് ഫെസ്റ്റിലും സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഈ പ്രഭാഷകയ്ക്ക് ഭാവിയില്‍ ഒരു ഐ.എ.എസുകാരിയാവാനാണ് മോഹം.

ജൂണിനെ കുറിച്ച് അമ്മ സോണിയ പറയുന്നത്. “എന്നും പത്രം വായിക്കുകയും ചാനലിലെ ന്യുസ് കണ്ടിട്ടുമാണ് ഇന്ന് നടക്കുന്ന വിഷയത്തെ കുറിച്ച് പഠിക്കുന്നത്. കൂടാതെ എന്നോടും അവളുടെ അഛനോടും കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കും. എല്ലാ കാര്യത്തെക്കുറിച്ചും അറിയാന്‍ വേണ്ടിശ്രമിക്കും. ഇവളുടെ ഏറ്റവും വലിയ ആഗ്രഹം അനുപമ ഐ.എ.എസിനെപ്പോലെയൊക്കെ ഒരു ഐ.എ.എസുകാരിയാവണമെന്നാണ്”.അമ്മ പറയുന്നു.

ജൂണിന്റെ ഏത് ആവശ്യവും നിറവേറ്റുമെന്നും എന്നും അവളുടെ കൂടെയുണ്ടാകുമെന്നും സോണിയ ഡൂള്‍ന്യൂസിനോട് പറഞ്ഞു.