'ഒരിക്കലും ഇല്ലാത്തതിനെക്കാള്‍ നല്ലതല്ലേ വൈകിയെത്തുന്നത്'; കശ്മീരില്‍ 4ജി സേവനം പുനസ്ഥാപിച്ചതില്‍ ഒമര്‍ അബ്ദുള്ള
national news
'ഒരിക്കലും ഇല്ലാത്തതിനെക്കാള്‍ നല്ലതല്ലേ വൈകിയെത്തുന്നത്'; കശ്മീരില്‍ 4ജി സേവനം പുനസ്ഥാപിച്ചതില്‍ ഒമര്‍ അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th February 2021, 10:26 pm

ശ്രീനഗര്‍: ഒന്നരവര്‍ഷത്തിന് ശേഷം ജമ്മു കശ്മീരില്‍ 4ജി സേവനങ്ങള്‍ പുനസ്ഥാപിച്ചതില്‍ പ്രതികരണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതിരണം.

‘4ജി മുബാറക്. 2019 ആഗസ്റ്റ് 5ന് ശേഷം ആദ്യമായി കശ്മീരില്‍ 4ജി സംവിധാനമെത്തിയിരിക്കുന്നു. ഒരിക്കലും ഇല്ലാത്തതിനെക്കാള്‍ നല്ലതാണ് വൈകിയെങ്കിലും എത്തുന്നത്’, ഒമര്‍ ട്വീറ്ററിലെഴുതി.

നീണ്ട 18 മാസത്തെ വിലക്കിന് ശേഷമാണ് ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിച്ചത്. സര്‍ക്കാര്‍ പ്രതിനിധി രോഹിത് കന്‍സാലാണ് വിലക്ക് നീക്കിയതായി അറിയിച്ചത്.

ഒന്നര വര്‍ഷത്തിന് മുമ്പ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് തൊട്ടുമുമ്പായിട്ടാണ് കശ്മീരില്‍ 4ജിയടക്കം ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചത്. തുടര്‍ന്ന് ജനുവരി 25-നാണ് 2ജി സേവനം പുനഃസ്ഥാപിച്ചത്.

നിയന്ത്രണങ്ങളോടെയായിരുന്നു അന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം പുനസ്ഥാപിച്ചത്. ഇന്റര്‍നെറ്റ് ഉപയോഗം വൈറ്റ്ലിസ്റ്റ് ചെയ്ത വെബ്സൈറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

സോഷ്യല്‍ മീഡിയകളില്‍ സജീവമാകുന്നതിലെ വിലക്കും എടുത്തുമാറ്റിയിരുന്നു. എന്നാല്‍ താരതമ്യേന വേഗത കുറഞ്ഞ 2 ജി സാങ്കേതികവിദ്യയിലുള്ള ഇന്റര്‍നെറ്റ് സംവിധാനമായിരുന്നു ഈ മേഖലയില്‍ അനുവദിച്ചത്.

പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് സിം കാര്‍ഡുകളില്‍ ഡാറ്റാ സേവനങ്ങള്‍ ലഭ്യമാകുമെന്നും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യം ജനുവരി 31ന് വീണ്ടും അവലോകനം ചെയ്യുമെന്നും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നതിനുമുള്ള തീരുമാനത്തിനെതിരെയുള്ള പൊതുജന പ്രതിഷേധം തടയുന്നതിനായാണ് കേന്ദ്രം ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.

ഇതിനിടെ പരീക്ഷണാടിസ്ഥാനത്തില്‍ പല മേഖലകളിലും ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുകയും പിന്നീട് വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; 4G Mubarak Says  Omar Abdullah As Fast Internet Set To Resume In J&K