എഡിറ്റര്‍
എഡിറ്റര്‍
തിരൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച നാടോടി ബാലികയ്ക്ക് രണ്ട് ശസ്ത്രക്രിയ നടത്തി
എഡിറ്റര്‍
Wednesday 6th March 2013 8:10am

കോഴിക്കോട്: മലപ്പുറം തിരൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്ന് വയസുകാരിയായ നാടോടി ബാലികയെ രണ്ട് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

Ads By Google

കുട്ടിയുടെ ആന്തരീകാവയവങ്ങളില്‍ ഗുരുതര പരിക്കുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. കുട്ടിയുടെ മാതാവ് മാത്രമാണ് കുട്ടിയ്‌ക്കൊപ്പം ആശുപത്രിയില്‍ ഉള്ളത്. ക്രൂരമായ പീഡനം നടന്നിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

കുട്ടിയുടെ മലദ്വാരത്തിലും മറ്റ് ആന്തരീകാവയവങ്ങളിലുമാണ് ഗുരുതര ക്ഷതമേറ്റിരിക്കുന്നത്. അണുബാധയേല്‍ക്കാതിരിക്കാന്‍ ഐ.സി.യുവില്‍ പ്രത്യേക മുറിയിലാണ് കുട്ടിയെ കിടത്തിയിട്ടുള്ളത്. കുട്ടി അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്നലെ രാവിലെ തൃക്കണ്ടിയൂര്‍ മഹിളാസമാജത്തിനു പിറകിലെ കുളിമുറിക്കു സമീപമാണ് കുട്ടിയെ കണ്ടെത്തിയത്. പേടിച്ചുവിറച്ച് നിലവിളിച്ച കുട്ടി പലപ്പോഴും അബോധാവസ്ഥയിലായി.

കുട്ടിക്ക് നല്ല പനിയും വിറയലുമുണ്ടായിരുന്നു. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് സ്വദേശിയായ മാതാവിനെ കണ്ടെത്തുകയായിരുന്നു.

തിങ്കള്‍ രാത്രി തന്നോടൊപ്പം ജില്ലാ ആശുപത്രി പരിസരത്തെ കടയുടെ മുന്നില്‍ കിടന്നുറങ്ങിയതായും രാവിലെ കുട്ടിയെ കാണാതായതായും മാതാവ് പൊലീസിന് വിവരം നല്‍കി.

പതിവായി ശല്യം ചെയ്യാറുള്ളവരെക്കുറിച്ച് മാതാവ് പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തില്‍ പലയിടത്തും മുറിവുകളുണ്ടായിരുന്നതിനെത്തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്.

സംഭവവുമായി ബന്ധപ്പെട്ട് നാടോടികള്‍ ഉള്‍പ്പെടെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം തിരൂരില്‍ നിന്നാണ് കുട്ടിയെ തട്ടികൊണ്ടുപോയത്.

Advertisement