മഹാരാഷ്ട്രയില്‍ പുതിയ നീക്കവുമായി ബി.ജെ.പി; എം.എല്‍.എമാര്‍ക്കായി മൂന്ന് ദിവസത്തെ യോഗം വിളിച്ചു
India
മഹാരാഷ്ട്രയില്‍ പുതിയ നീക്കവുമായി ബി.ജെ.പി; എം.എല്‍.എമാര്‍ക്കായി മൂന്ന് ദിവസത്തെ യോഗം വിളിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2019, 1:10 pm

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ കരുനീക്കത്തിന് തുടക്കം കുറിച്ച് ബി.ജെ.പി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് കേന്ദ്രം ഉത്തരവിട്ടതിന് പിന്നാലെ ബി.ജെ.പി എം.എല്‍.എമാരുടെ യോഗം വിളിച്ചിരിക്കുകയാണ്.

എം.എല്‍.എമാര്‍ക്കായി മൂന്ന് ദിവസത്തെ പ്രത്യേക യോഗമാണ് നടത്തുന്നത്. നാളെയാണ് യോഗം ആരംഭിക്കുന്നത്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത് ഏറ്റവും ഗുണം ചെയ്യുക ബി.ജെ.പിക്കാണെന്നും സര്‍ക്കാരുണ്ടാക്കാന്‍ പല നീക്കങ്ങളും ബി.ജെ.പി നടത്തുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സ്ഥിതി ചര്‍ച്ച ചെയ്യാനും വിശകലനം ചെയ്യാനും എം.എല്‍.എമാരുടെ യോഗം വിളിച്ചതായി ബി.ജെ.പി നേതൃത്വം അറിയിച്ചു. യോഗത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പും ചര്‍ച്ചയാകുമെന്നാണ് അറിയുന്നത്. അതേസമയം മഹാരാഷ്ട്രയില്‍ ബി.ജെ.പി വീണ്ടും തെരഞ്ഞെടുപ്പിന് ആവശ്യപ്പെട്ടേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. 2020 ല്‍ നടക്കുന്ന തെരഞ്ഞെടുപ്പിനായി തയ്യാറായിക്കോളൂവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം നേരത്തെ ട്വീറ്റ് ചെയ്തത്.

നിലവിലെ അവസ്ഥയില്‍ ശിവസേനയുമായി സഖ്യം ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതിലുള്ള അതൃപ്തി സഞ്ജയ് നിരുപം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ടെന്ന സൂചനയായിരുന്നു അദ്ദേഹം നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ ആരാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത് എന്നും അത് എങ്ങനെ എന്നുമുള്ളത് വിഷയമല്ലെന്നും എന്നാല്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്നു എന്നത് തള്ളിക്കളയാനാവില്ലെന്നുമായിരുന്നു സഞ്ജയ് നിരുപം അന്ന് പറഞ്ഞത്.