ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National
ഹിന്ദുത്വ സംഘടനകള്‍ ഉള്‍പ്പെട്ട സ്‌ഫോടനക്കേസുകള്‍; തീര്‍പ്പുകല്‍പ്പിക്കാനുള്ളത് ഇനി മൂന്നുകേസുകള്‍
ന്യൂസ് ഡെസ്‌ക്
Tuesday 17th April 2018 11:09am

ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ സ്‌ഫോടനക്കേസുകളില്‍ ഹിന്ദുത്വ തീവ്രവാദ സംഘടനകളുടെ പങ്കാളിത്തം സംബന്ധിച്ച കേസുകളില്‍ ഇനി തീര്‍പ്പാക്കാനുള്ളത് മൂന്ന് കേസുകള്‍. എന്‍.ഐ.എയേ ഏല്‍പ്പിച്ച ഏഴ് കേസുകളില്‍ നാലാമത്തെ കേസിലെ വിധിയാണ് മക്ക മസ്ജിദ് കേസ് വിധിപ്രഖ്യാപനത്തിലൂടെ വന്നത്.

2006 ലെ മലേഗാവ് സ്‌ഫോടനം, 2006 ലെ സംഝോത എക്‌സ്പ്രസ് ആക്രമണം, 2007 ലെ ഹൈദരാബാദ് മക്ക മസ്ജിദ്, അജ്മീര്‍ ശരീഫ് സ്‌ഫോടനങ്ങള്‍, 2008 ലെ മലേഗാവ്- മൊദാസ സ്‌ഫോടനങ്ങള്‍, ആര്‍.എസ്.എസ് മുന്‍പ്രചാരക് സുനില്‍ ജോഷി വധം എന്നിവയാണ് എന്‍.ഐ.എയുടെ മുന്നിലെത്തിയ കേസുകള്‍. ഇവയില്‍ മക്ക മസ്ജിദ്, ജോഷി വധം, മൊദാസ, അജ്മീര്‍ ശരീഫ് എന്നിവയുടെ വിധിവന്നു.

ജോഷിവധത്തില്‍ പ്രജ്ഞസിംഗ് ഠാക്കൂര്‍ അടക്കം ആരോപണവിധേയരായ എട്ടുപേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. അജ്മീര്‍കേസില്‍ അസീമാനന്ദയടക്കം ഏഴ് പേരെ ഒഴിവാക്കിയിരുന്നു. മാലേഗാവ് സ്‌ഫോടനക്കേസില്‍ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല. കേസ് ആദ്യം അന്വേഷിച്ച മഹാരാഷ്ട്ര എ.ടി.എസും സി.ബി.ഐയും 9 മുസ്‌ലിങ്ങള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2011 ല്‍ കേസെടുത്ത എന്‍.ഐ.എ ഹിന്ദുത്വവാദികള്‍ക്കെതിരെ കേസെടുക്കുകയും ആരോപണവിധേയരായ മുസ്‌ലിങ്ങളെ ജാമ്യത്തില്‍ വിടുകയുമായിരുന്നു.


Also Read:  ‘നീതി വൈകുകയും നിഷേധിക്കപ്പെടുകയുമാണ് സംഭവിച്ചിരിക്കുന്നത്’, മക്ക മസ്ജിദ് സ്ഫോടനക്കേസിലെ വിധി നിരാശാജനകമെന്ന് കേസിലെ സാക്ഷി


സംഝോത സ്‌ഫോടനത്തിലും വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. 2008 ലെ മാലേഗാവ് സ്‌ഫോടനത്തില്‍ അറസ്റ്റിലായ പ്രജ്ഞ സിംഗ് ഠാക്കൂറിനെതിരായ കുറ്റങ്ങള്‍ എന്‍.ഐ.എ ഒഴിവാക്കുകയായിരുന്നു. മൊദാസ കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് എന്‍.ഐ.എ കേസ് അവസാനിപ്പിക്കുകയായിരുന്നു.

2007ലെ മക്ക മസ്ജിദ് സ്ഫോടനക്കേസിലെ മുഴുവന്‍ കുറ്റാരോപിതരെയും കോടതി വെറുതെവിടുകയായിരുന്നു. 10 കുറ്റാരോപിതരില്‍ 5 പേരാണ് വിചാരണ നേരിട്ടത്. എന്‍.ഐ.എ കേസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കോടതി പറഞ്ഞത്.

സ്‌പെഷ്യല്‍ എന്‍.ഐ.എ കോടതിയാണ് വിധി പ്രസ്താവിച്ചത്.

2007 മെയ് 18 ലാണ് ഹൈദരാബാദിലെ പ്രമുഖ മുസ്‌ലിം ആരാധനാലയമായ മക്ക മസ്ജിദില്‍ ഹിന്ദുത്വ തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയത്. വെള്ളിയാഴ്ച ജുമുഅക്ക് എത്തിയ ഒന്‍പത് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തിന് ശേഷം കേസ് സി.ബി.ഐക്ക് കൈമാറിയിരുന്നു. പിന്നീടാണ് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തത്.


Also Read:  മക്ക മസ്ജിദ് സ്‌ഫോടനം: വിധി പ്രഖ്യാപിച്ച ജഡ്ജി രവിന്ദര്‍ റെഡ്ഡി രാജി വച്ചു


ഹിന്ദുത്വ സംഘടനകളിലുള്‍പ്പെട്ട 10 പേരെ കുറ്റാരോപിതരായി കേസെടുത്തെങ്കിലും അവരില്‍ അഞ്ച് പേര്‍ മാത്രമേ അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്തിട്ടുള്ളൂ. സ്വാമി അസീമാനന്ദ എന്ന നബ കുമാര്‍ സര്‍ക്കാര്‍, ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ, ഭരത് മോഹന്‍ലാല്‍ രതേശ്വര്‍ എന്ന ഭരത് ഭായി, രാജേന്ദ്ര ചൗധരി എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് വിധേയമാക്കിയത്.

കുറ്റാരോപിതരില്‍ സന്ദീപ് വി ദാങ്കെ, രാംചന്ദ്ര കല്‍സങ്ക്ര എന്നീ രണ്ട്‌പേര്‍ ഒളിവില്‍ പോവുകയും സുനില്‍ ജോഷി എന്നയാള്‍ മരിക്കുകയും ചെയ്തിരുന്നു. രണ്ട് പേര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്.


Also Read:  വിവാദ ഫേസ്ബുക്ക് പോസ്റ്റ്; വിഷ്ണു നന്ദകുമാര്‍ ഒളിവിലെന്ന് പൊലീസ്


കേസില്‍ 226 സാക്ഷികളെ ഹാജരാക്കിയിരുന്നെങ്കിലും ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് ഉള്‍പ്പടെ 64 പേര്‍ മൊഴിമാറ്റി. 411 തെളിവുകളാണ് ഹാജരാക്കിയത്. അസീമാനന്ദയും ഭരത് മോഹന്‍ലാല്‍ രതേശ്വറും ജാമ്യത്തിലിറങ്ങി. കുറ്റാരോപിതരില്‍ മറ്റു മൂന്നുപേര്‍ സെട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്.

മുസ്‌ലിം തീവ്രവാദമാണ് സംഭവത്തിന് പിന്നിലെന്നാരോപിച്ച് പൊലീസ് മുസ്‌ലിം യുവാക്കളെ കുറ്റാരോപിതരാക്കി കേസെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എന്‍.ഐ.എ കേസ് ഏറ്റെടുത്തതോടെ ഹിന്ദുത്വ സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് പുറത്തുവരികയായിരുന്നു. ഈ സംഘടനകളുടെ പങ്കിനെക്കുറിച്ച് അസീമാനന്ദ കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നെങ്കിലും പിന്നീട് മാറ്റിപ്പറഞ്ഞു.

WATCH THIS VIDEO:

Advertisement