എഡിറ്റര്‍
എഡിറ്റര്‍
മണിപ്പാല്‍ കൂട്ടമാനഭംഗം: മൂന്ന് പേര്‍ അറസ്റ്റില്‍
എഡിറ്റര്‍
Saturday 22nd June 2013 1:22pm

women-abuse2

മംഗലാപുരം: മണിപ്പാല്‍ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു.

ഉഡുപ്പി പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടില്ല.

Ads By Google

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ചോദ്യം ചെയ്യാനായി പൊലീസ് ഇന്നലെ കസ്റ്റഡിയി ലെടുത്തിരുന്നു.

സംഭവത്തില്‍ ഐജിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അന്വേഷണപുരോഗതി വിലയിരുത്തി.

ആറ് സംഘങ്ങളായി തിരിഞ്ഞ് കേസന്വേഷണം പുരോഗമിക്കുന്നതായി ഉഡുപ്പി എസ്പി ബോറലിംഗയ്യ അറിയിച്ചു. ഓട്ടോ ഡ്രൈവര്‍മാരെയും പ്രദേശവാസികളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

അതിനിടെ, പീഡനത്തിനിരയായി തിരുവനന്തപുരം സ്വദേശിനി പഠിച്ച മണിപ്പാല്‍ ഡീംഡ് സര്‍വകലാശാലയ്ക്കു കീഴിലെ മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ മണിപ്പാല്‍ ടൗണില്‍ പ്രകടനം നടത്തി.

കസ്തൂര്‍ബ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടി സുഖം പ്രാപിക്കുന്നു. എങ്കിലും മാനസികാഘാതംമൂലം അവശയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ധര്‍ണ നടത്തുകയാണ്.

വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിക്കുമുന്നില്‍ തന്റെ ഫ്‌ലാറ്റിലേക്കു പോകാന്‍ വാഹനം കാത്തുനിന്ന പെണ്‍കുട്ടിക്കാണ് ദുരനുഭവമുണ്ടായത്.

ഓട്ടോയിലെത്തിയ മൂന്നുപേര്‍ ബലംപ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി. കോളേജ് കാമ്പസിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്തുവെച്ച് ബലാത്സംഗം ചെയ്തു.

പുലര്‍ച്ചെ 2.45ന് പെണ്‍കുട്ടി താമസിക്കുന്ന ഫ്‌ലാറ്റിനു സമീപത്തായി അതേ ഓട്ടോയില്‍ കൊണ്ടുവന്ന് ഇറക്കിവിട്ടു. ഫ്‌ലാറ്റിലെ വാച്ച്മാനാണ് അവശയായ പെണ്‍കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്.

പെണ്‍കുട്ടിയുടെ കൈക്കും കാലിനും കഴുത്തിനും പരിക്കുണ്ട്. വലതുകാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് സര്‍വകലാശാലയുടെ സുരക്ഷാമേധാവി രാജിവെച്ചു.

Advertisement