വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം; ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് അരക്കോടി പേര്‍ മരിച്ചെന്ന് പഠനം, കേന്ദ്രത്തിന്റെ വാദം പൊളിയുന്നു
COVID-19
വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം; ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് അരക്കോടി പേര്‍ മരിച്ചെന്ന് പഠനം, കേന്ദ്രത്തിന്റെ വാദം പൊളിയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd July 2021, 9:32 am

ന്യൂദല്‍ഹി: ഇന്ത്യയിലെ കൊവിഡ് മരണനിരക്കില്‍ പിശകെന്ന് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളേക്കാള്‍ ലക്ഷക്കണക്കിനാളുകള്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതായി വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്‌മണ്യനുമായി ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. ഇന്ത്യയില്‍ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 49 ലക്ഷം വരെ ആയിരിക്കാമെന്നാണ് പുതിയ പഠനം.

വിഭജനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമെന്നാണ് രണ്ടാം തരംഗത്തെ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്.

2021 ജൂണ്‍ മുതലുള്ള വിവിധ കാരണങ്ങളാല്‍ മരണപ്പെടുന്നവരെയെല്ലാം ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ഇതുവരെ 4,14,000 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.

കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. അമേരിക്കയും ബ്രസീലുമാണ് ഇക്കാര്യത്തില്‍ മുന്നില്‍.

കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിലാണ് രാജ്യത്ത് കൊവിഡ് വ്യാപകമായി പടര്‍ന്നു പിടിച്ചത്. മേയ് മാസത്തില്‍ മാത്രം രാജ്യത്ത് മരിച്ചത് 1,70,000 പേരാണെന്നാണ് ഔദ്യോഗിക കണക്ക്.

ഇന്ത്യയിലെ മരണനിരക്ക് സംബന്ധിച്ച് മൂന്ന് വ്യത്യസ്ത തരത്തിലുള്ള ഡാറ്റയാണ് പഠനത്തിന് ഉപയോഗിച്ചിരിക്കുന്നത്. കൊവിഡ് വ്യാപിക്കുന്നതിന് മുന്‍പ് രാജ്യത്തെ മരണനിരക്കുമായി താരതമ്യം ചെയ്താണ് കൊവിഡ് മരണങ്ങള്‍ തിട്ടപ്പെടുത്തിയത്.

ഏഴ് സംസ്ഥാനത്ത് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തവമാത്രം പരിശോധിച്ചാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ലക്ഷം അധിക മരണമുണ്ടായി. എട്ടുലക്ഷത്തിലധികം പേര്‍ പങ്കെടുത്ത സര്‍വേയാണ് ഇത്.

ആദ്യ കൊവിഡ് തരംഗത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. അതിന്റെ ഫലമായി രണ്ടാംതരംഗത്തെ നേരിടുന്നതില്‍ വലിയ ജാഗ്രതക്കുറവുണ്ടായി. ഓക്സിജന്‍, മരുന്ന്, അവശ്യവസ്തുക്കള്‍ തുടങ്ങിയവയുടെ ക്ഷാമം രണ്ടാംതരംഗത്തില്‍ മരണസംഖ്യ ഉയര്‍ത്തിയതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

സിറോ സര്‍വേകള്‍, വീടുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേകള്‍, ഔദ്യോഗിക കണക്കുകള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോര്‍ട്ട്.

2020 ജനുവരിമുതല്‍ 2021 ജൂണ്‍വരെയായിരുന്നു പഠന കാലയളവ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 2nd Covid wave was India’s worst tragedy since Partition, saw up to 49 lakh excess deaths: Report