പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി തൂങ്ങി മരിച്ച നിലയില്‍
Kerala News
പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി തൂങ്ങി മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th April 2021, 6:55 pm

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വളയം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാലിക്കുളമ്പ് എന്ന സ്ഥലത്ത് ആളൊഴിഞ്ഞ പറമ്പിലാണ് രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ രതീഷ് ഒളിവില്‍ പോയിരുന്നു. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസികൂടിയാണ് രതീഷ്.

വോട്ടെടുപ്പ് കഴിഞ്ഞ ഏപ്രില്‍ ആറിനാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൂടിയായ മന്‍സൂറിനും സഹോദരനും വെട്ടേല്‍ക്കുന്നത്. വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് പോയാണ് ആക്രമിച്ചതെന്ന് ഗുരുതരമായി പരുക്കേറ്റ സഹോദരന്‍ മുഹ്‌സിന്‍ പറഞ്ഞിരുന്നു. പ്രതികളെ കണ്ടാല്‍ അറിയാമെന്നും അക്രമിച്ചത് ഇരുപതോളം വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും മുഹ്‌സിന്‍ പറഞ്ഞിരുന്നു.

ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ. ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഡി.വൈ.എഫ്.ഐ നേതാവ് കെ. സുഹൈല്‍ ആണ് മുഖ്യ ആസൂത്രകനെന്നും 25 പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളില്‍ 11 പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

മന്‍സൂറിന്റെ അയല്‍വാസിയായ ഷിനോസിനെ മാത്രമാണ് കേസില്‍ പിടികൂടാനായിട്ടുള്ളത്. മറ്റു പ്രതികളെല്ലാം ഒളിവിലാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: 2nd accused in Panoor Mansoor murder case found dead