ഫെബ്രുവരി ഒന്ന് മുതല്‍ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25 ശതമാനം നികുതി ചുമത്തും: ട്രംപ്
World News
ഫെബ്രുവരി ഒന്ന് മുതല്‍ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25 ശതമാനം നികുതി ചുമത്തും: ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st January 2025, 6:19 pm

വാഷിങ്ടണ്‍: അയല്‍രാജ്യങ്ങളായ മെക്‌സിക്കോയ്ക്കും കാനഡയ്ക്കും ഫെബ്രുവരി മുതല്‍ 25 ശതമാനം നികുതി ചുമത്തി തുടങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും അമേരിക്കയിലേക്കുള്ള കുടിയേറ്റവും മയക്കുമരുന്നിന്റെ ഒഴുക്കും തടയാന്‍ ശ്രമിച്ചില്ലെന്നാണ് കാണിച്ചാണ് നികുതി വര്‍ധിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

‘ഞങ്ങള്‍ മെക്‌സിക്കോയ്ക്കും കാനഡയ്ക്കും 25 ശതമാനം നികുതി എന്ന തോതിലാണ് ചിന്തിക്കുന്നത്. കാരണം അവര്‍ അമേരിക്കയിലേക്ക് കൂടുതല്‍ ആളുകളെ അനുവദിക്കുകയാണ്. ഫെബ്രുവരി ഒന്ന് മുതല്‍ ചെയ്യാനാണ് ആലോചിക്കുന്നത്,’ ഓവല്‍ ഓഫീസില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് പറഞ്ഞു.

ഊര്‍ജ ഇറക്കുമതിയിലും ഓട്ടോ പാര്‍ട്‌സ് ഇറക്കുമതിയിലും അമേരിക്കയുടെ പ്രധാന പങ്കാളികളാണ് മെക്‌സിക്കോയും കാനഡയും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അധികാരം ഏറ്റെടുക്കും മുമ്പ് തന്നെ താന്‍ അധികാരത്തില്‍ എത്തിയാന്‍ നികുതി വര്‍ധിപ്പിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു.

അമേരിക്കന്‍ എണ്ണ ഇറക്കുമതിയുടെ ഏകദേശം 60% നല്‍കുന്നത് കാനഡയാണ്. വൈദ്യുതി ഇറക്കുമതിയാകട്ടെ ഇതിലും എത്രയോ വലുതാണ്. 2022ല്‍ അമേരിക്കയിലേക്കുള്ള വൈദ്യുതി കയറ്റുമതിയില്‍ നിന്നുള്ള കാനഡയുടെ വരുമാനം 5.8 കനേഡിയന്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് നിലയിലെത്തിയിരുന്നു. ലോകത്തെ നാലാമത്തെ വലിയ എണ്ണ ഉത്പാദകരും ആറാമത്തെ പാചകവാതക ഉത്പാദകരുമാണ് കാനഡ. കാനഡയുടെ എണ്ണയിലധികവും കയറ്റി അയക്കുന്നത് യു.എസിലേക്കാണ്.

അമേരിക്ക ചുമത്തുന്ന നികുതി താങ്ങാന്‍ പറ്റുന്നില്ലെങ്കില്‍ കാനഡയെ 51ാമത് സംസ്ഥാനമാക്കാമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയെ വേണമെങ്കില്‍ അതിന്റെ ഗവര്‍ണര്‍ ആക്കാമെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. കാനഡയെ സ്വന്തമാക്കാന്‍ താന്‍ സൈനിക ശക്തിക്ക് പകരം സാമ്പത്തിക ശക്തി ഉപയോഗിക്കുമെന്നും ട്രംപ് പറയുകയുണ്ടായി.

ട്രംപ് നികുതി വര്‍ധിപ്പിക്കുന്ന പക്ഷം യു.എസിലേക്കുള്ള ഊര്‍ജ കയറ്റുമതി നിര്‍ത്താന്‍ താന്‍ തയ്യാറാണെന്ന് കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒന്റാരിയോയുടെ തലവനായ ഡഗ് ഫോര്‍ഡ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കാനഡയെ അമേരിക്കയുടെ ഭാഗമാക്കിയുള്ള പുതിയ ഭൂപടവും ട്രംപ് പുറത്ത് വിട്ടിരുന്നു.

Content Highlight: 25% tariffs on Canada and Mexico from February 1 says Trump