ആര്യ അനൂപ്‌
ആര്യ അനൂപ്‌
Change Makers
ഭാരതീയനാരീ സങ്കല്‍പ്പത്തെ വെല്ലുവിളിച്ച 25 ഇന്ത്യന്‍ സ്ത്രീകള്‍
ആര്യ അനൂപ്‌
Tuesday 3rd October 2017 11:05am

വലിയൊരു വിഭാഗം ഇന്ത്യന്‍ സ്ത്രീകളും സാംസ്‌കാരികവും സാമൂഹികവും പരമ്പരാഗതവുമായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിയുന്നവരാണ്. പുരുഷന്മാരെ പ്രീതിപ്പെടുത്താനും സമൂഹം ആഗ്രഹിക്കുന്നതുപോലെ പെരുമാറാനും പഠിപ്പിക്കുകയാണ് മിക്ക സ്ത്രീകളും.

ഇന്ത്യന്‍ പാരമ്പര്യം പിന്തുടര്‍ന്നുകൊണ്ട് 20 ാമത്തെ വയസില്‍ വിവാഹിതയാകുകയും കുഞ്ഞിനെ പ്രസവിച്ച് പരിചരിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരു യന്ത്രമായി അവരില്‍ പലരും മാറുന്നു. എന്നാല്‍ അവരില്‍ ചിലര്‍ മാത്രം അവരുടെ സ്വപ്നങ്ങള്‍ പിന്തുടര്‍ന്നും സമയത്തിനെതിരേയും സമൂഹത്തിനെതിരെയും ശബ്ദമുയര്‍ത്തി വിവാഹത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതെ മുന്നോട്ടുപോകുന്നു. സാമൂഹിക മാനദണ്ഡങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് നമ്മുടെ മനസ്സില്‍ ശക്തമായ സ്വാധീനം ചെലുത്തിയ 20 സ്ത്രീകളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

 

1. സുനിത കൃഷ്ണന്‍

 

സുനിതാ കൃഷ്ണന്‍ സ്ത്രീകള്‍ക്ക് എന്നും ഒരു പ്രചോദനമാണ്. പതിനാറാം വയസ്സില് ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടി. എങ്കിലും ആ ആഘാതം ഏല്‍പ്പിച്ച മുറിവില്‍ നിന്നും അവര്‍ ഉയര്‍ത്തെഴുന്നേറ്റു. തന്നെ പോലെ ദുരിതമനുഭവിച്ച ആയിരക്കണക്കിനു സ്ത്രീകള്‍ക്ക് അവര്‍ താങ്ങും തണലുമായി.

ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകയില്‍ ഒരാളാണ് ഇപ്പോള്‍ സുനിത കൃഷ്ണന്‍. മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണങ്ങള്‍ക്കുമെതിരെ ആന്ധ്രാപ്രദേശിലെ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സന്നദ്ധസംഘടനയുടെ സാരഥി കൂടിയാണ് അവര്‍.

ലൈംഗികപീഡനത്തിന്റെയും വേശ്യാവൃത്തിയുടെയും ഇരകളെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം തന്നെ മാനസികരോഗികളുടെ പുനരധിവാസം, മനുഷ്യവാണിഭത്തിനിരയായവരുടെ സംരംക്ഷണം, വേശ്യാവൃത്തിയില്‍ ഏര്‍പ്പെടേണ്ടിവന്നവരുടെ കുട്ടികളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തനം നടത്തുന്നു.

 

2.സുഹാസിനി മുലൈ

 

ഒരു മറാത്തി അഭിനേത്രിയാണ് സുഹാസിനി മുലൈ, അപാരമായ പ്രകടനങ്ങളിലൂടെ ജനമനസുകളെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് സാധിച്ചു. അഞ്ച് തവണ ദേശീയപുരസ്‌കാരം അവരെ തേടിയെത്തി. അഭിനയ മികവിലുപരി മികച്ച വ്യക്ത്വത്വത്തിന് കൂടി ഉടമയാണ് അവര്‍. ഒരര്‍ത്ഥത്തില്‍ വിവാഹസങ്കല്‍പ്പങ്ങളെയെല്ലാം പൊളിച്ചെഴുതിയ വനിത. ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ള ആളെ കണ്ടെത്തിയാല്‍ വിവാഹം ചെയ്യാം എന്ന് പ്രഖ്യാപിത നിലപാടെടുത്ത താരം. വിവാഹത്തിന് പ്രത്യേക പ്രായമില്ലെന്ന് പ്രഖ്യാപിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ തന്റെ വരനെ കണ്ടെത്തുകയും 60 ാമത്തെ വയസില്‍ വിവാഹിതയാകുകയാവുകയുമായിരുന്നു സുഹാസിനി മുലൈ.

 

3. അരുന്ധതി റോയ്

 

എഴുത്തുകാരി എന്നതിലുമുപരിയായി അറിയപ്പെടുന്ന ഒരു സാമൂഹികപ്രവര്‍ത്തക കൂടിയാണ് അരുന്ധതി റോയ്. സര്‍ദാര്‍ സരോവര്‍ പദ്ധതിക്ക് എതിരേ മേധ പാട്കര്‍ നയിക്കുന്ന നര്‍മ്മദയെ രക്ഷിക്കൂ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് പദ്ധതി ബാധിതരുടെ പുനരധിവാസത്തെയും നഷ്ടപരിഹാരത്തെയും, പരിസ്ഥിതി നാശത്തെയും സംബന്ധിച്ച് ഗ്രേറ്റര്‍ കോമണ്‍ ഗുഡ് എന്ന ലെഖനമെഴുതി അരുന്ധതി.

അമേരിക്കന്‍ വിദേശനയത്തെയും ഇസ്രായേലിനെയും ഇന്‍ഡ്യ 1998 ല്‍ നടത്തിയ അണു സ്‌ഫോടന പരീക്ഷ്ണത്തെയും ശക്തമായി വിമര്‍ശിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റി അവര്‍.ഇന്ത്യന്‍ നിയമനിര്‍മ്മാണ സഭ ആക്രമിച്ച കുറ്റത്തിന് വധ ശിക്ഷ വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ശിക്ഷയ്ക്ക് എതിരെ പ്രതികരിക്കാന്‍ ധൈര്യം കാണിച്ച വ്യക്തിത്വമാണ് അരുന്ധതി റോയിയുടേത്.

നമുക്ക് ഇന്നുള്ളത് യഥാര്‍ഥ ഹീറോകളല്ലെന്നും മഹാത്മാഗാന്ധിയെക്കുറിച്ച് പഠിപ്പിക്കുന്നതൊക്കെ കളവുകളാണെന്നുമാണെന്ന അരുന്ധതി റോയിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ജീവിതത്തിലുടനീളം അഹിംസയ്ക്കുവേണ്ടി വാദിച്ച മഹാത്മാ ഗാന്ധി ഏറ്റവും ക്രൂരമായ ജാതി സമ്പ്രദായത്തെ അംഗീകരിച്ചിരുന്നുവെന്നും പരമ്പരാഗതമായ ജോലിചെയ്യുന്നവര്‍ അതു തന്നെ തുടരണമെന്ന ആശയമായിരുന്നു അദ്ദേഹത്തിന്റെതെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ‘മൈ ഐഡിയല്‍ ഭാംഗി’ എന്ന കുറിപ്പിലത് വ്യക്തമാണെന്നായിരുന്നു അരുന്ധതിയുടെ ആരോപണം

ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിന് സൂക്ഷ്മാംശങ്ങളുടെ രാഷ്ട്രീയഭംഗി പരിചയപ്പെടുത്തിയ എഴുത്തുകാരി കൂടിയാണ് അരുന്ധതി റോയ്. ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് എഴുതി ലോകത്തെ ഞെട്ടിച്ച ശേഷം മൂര്‍ച്ചയുള്ള നോണ്‍ ഫിക്ഷന്‍ എഴുത്തിലൂടെ സജീവമായി. കശ്മീര്‍, മാവോയിസ്റ്റ് അനുകൂല നിലപാടുകള്‍ കാരണം അവര്‍ നിരന്തരം ചോദ്യം ചെയ്യപ്പെട്ടു.

4. ശബാന ആസ്മി

 

ഇന്ത്യയിലെ പ്രമുഖ ചലച്ചിത്രനടിയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ശബാന ആസ്മി ഇന്ത്യന്‍ സെലിബ്രറ്റികളില്‍ ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമാണ് ഷബാന ആസ്മിയുടേത്. ഫയര്‍ പോലുള്ള സിനിമകള്‍ അവരുടെ മികച്ച സംഭാവനകളാണ്. ബോളിവുഡിലെ പല താരങ്ങളും രാഷ്ട്രീയനേട്ടത്തിനായി പലതും മറച്ചുവെക്കുമ്പോള്‍ തന്റെ നിലപാടുകള്‍ എന്നും ഉയര്‍ത്തിപ്പിടിച്ചു അവര്‍. സിനിമയിലേതെന്ന് വേണ്ട സമൂഹത്തിലെ എല്ലാ അനീതിക്കെതിരെയും ശക്തമായി പ്രതികരിച്ച താരം. എയ്ഡ്‌സിനെതിരായ ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളിലൂടെയും അനീതിക്കെതിരെയുള്ള പോരാട്ടങ്ങളിലൂടെയുമാണ് ശബാന ആസ്മി സാമൂഹ്യപ്രവര്‍ത്തനം ആരംഭിക്കുന്നത്.

വര്‍ഗീയതക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഒട്ടേറെ നാടകങ്ങളിലും പ്രകടനങ്ങളിലും അവര്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. 1989ല്‍ സ്വാമി അഗ്‌നിവേശും അസ്ഗര്‍ അലി എഞ്ചിനീയറുമൊത്ത് ദല്‍ഹിയില്‍ നിന്നും മീററ്റിലേക്ക് നടത്തിയ മതസൗഹാര്‍ദ്ദ മാര്‍ച്ച് ഇത്തരത്തിലുള്ള ഒന്നായിരുന്നു. 1993ല്‍ മുംബൈ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മതതീവ്രവാദത്തിനെതിരെ അവര്‍ ശക്തമായി രംഗത്തിറങ്ങി.

എയ്ഡ്‌സിനെതിരെയുള്ള പോരാട്ടത്തില്‍ ഇവര്‍ തന്റെ തൊഴില്‍ മേഖലയെത്തന്നെയാണ് ആയുധമാക്കിയിരിക്കുന്നത്. ഇന്ത്യാ ഗവണ്മെന്റ് എയ്ഡ്‌സിനെതിരെ പുറത്തിറക്കിയ ഹ്രസ്വ ചലച്ചിത്രത്തിലും ബംഗാളി സിനിമയായ മേഘ്‌ല ആകാശിലും ശബാന അഭിനയിച്ചിട്ടുണ്ട്.

 

5. കല്‍ക്കി കൊച്ച്‌ലിന്‍

മാര്ഗരിറ്റ വിത്ത് എ സ്‌ട്രോ പോലുള്ള സിനിമകളിലെ ധീര കഥാപാത്രങ്ങള്‍ മാത്രമല്ല, സോഷ്യള്‍ മീഡിയയിലൂടെ സ്ത്രീകളുടെ അവകാശങ്ങള്ക്കായി സംസാരിക്കുകയും സ്ത്രീകളെ വെറും ഉപഭോഗവസ്തുമായി മാത്രം കാണുന്ന മാധ്യമസംസ്‌ക്കാരത്തിനെതിരെ രംഗത്തെത്തുകയും ചെയ്തു കല്‍ക്കി. ഗ്രൗണ്ട്ബ്ര്ക്കിങ് സിനിമകളായ മാര്‍ഗരിറ്റ വിത്ത് എസ്‌ട്രോ, ദ ഗേള്‍ ഇന്‍ യെല്ലോ ബൂട്ട്‌സ് , ഷംഗായ് തുടങ്ങിയ ചിത്രങ്ങളെല്ലാം സ്ത്രീകളെ കുറിച്ചുള്ള സ്ഥിര സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതുന്നതും ലിംഗഭേദ സങ്കല്‍പ്പങ്ങള്‍ മാറ്റിമറക്കുകയും ചെയ്തവയായിരുന്നു. എന്നാല്‍ സിനിമകളിലെ കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ മോണോ ആക്ടിങ്ങിലൂടെയും കവിതകളിലൂടെയും സ്ത്രീകളുടെ അവകാശത്തിനായും സ്ത്രീകളെ വെറും വില്‍പ്പനച്ചരക്കാക്കുന്ന മാധ്യമസംസ്‌ക്കാരങ്ങള്‍ക്കെതിരെയും അവര്‍ രംഗത്തെത്തി.

 

6. നന്ദിത ദാസ്

 

ഫയര്‍, എര്‍ത്ത്, രാംചന്ദ് പാക്കിസ്ഥാനി എന്നീ സിനിമകളിലെ ധീര കഥാപാത്രങ്ങള്‍ക്ക് പുറമെ കറുപ്പിനെതിരായ സമൂഹത്തിന്റെ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ താരം. സിനിമാലോകത്തെ സൗന്ദര്യസങ്കല്‍പ്പങ്ങളെ വെല്ലുവിളിച്ച് ‘ഡാര്‍ക്ക് ഈസ് ബ്യൂട്ടിഫുള്‍’ എന്ന പേരില്‍ സ്വന്തമായി കാമ്പയില്‍ ആരംഭിക്കുകയും ചെയ്തു നന്ദിത. ഒരു ഫെയര്‍നെസ് ക്രീമിന്റേയും ആവശ്യം സ്ത്രീകള്‍ക്കില്ലെന്നും സിനിമയിലെ മറ്റ് സ്ത്രീകള്‍ വെളുത്ത ചായം മുഖത്ത് തേച്ചുനടക്കുമ്പോള്‍ ഒരിക്കല്‍ പോലും അതിന് തയ്യാറാകാതെ സ്വന്തം വിശ്വാസങ്ങളേയും നിലപാടുകളേയും മുറുകെ പിടിക്കാനും സമൂഹത്തിന്റെ വെളുപ്പിനോടുള്ള അഭിനിവേശത്തിനെതിരെ സംസാരിക്കാനും അവര്‍ തയ്യാറായി.

 

7. മല്ലികാ സാരാഭായ്

 

പ്രശസ്തയായ ഒരു നര്‍ത്തകിയും സാമൂഹിക സന്നദ്ധപ്രവര്‍ത്തകയുമാണ് മല്ലിക സാരാഭായ്. ഭരതനാട്യം,കുച്ചിപ്പുടി തുടങ്ങിയ നൃത്തകലകളിലാണ് മല്ലികയുടെ മികവ്. കൂടാതെ നാടകം, ചലച്ചിത്രം, ടെലിവിഷന്‍, രചന, പ്രസാധനം തുടങ്ങിയ മേഖലകളിലെ സംഭാവനകളിലൂടെയും പ്രശസ്തയാണിവര്‍. ഒരു നര്‍ത്തകി എന്നതോടൊപ്പം തന്നെ ഇവര്‍ ഒരു സാമുഹിക പ്രവര്‍ത്തകയും കൂടിയാണ്. മല്ലികയും അമ്മ മൃണാളിനിയും ചേര്‍ന്ന് നടത്തുന്ന സ്ഥാപനമാണ് അഹമ്മദാബാദിലെ ‘ദര്‍പ്പണ അക്കാഡമി ഓഫ് പെര്‍ഫോര്‍മിംഗ് ആര്‍ട്ട്‌സ്’

2002 ലെ ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോഡി സര്‍ക്കാറിന്റെ പങ്കിനെ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെ ഗുജറാത്ത് സര്‍ക്കാരിന്റെ വേട്ടയാടലിന് അവര്‍ ഇരയായി. 2002 ന്റെ ഒടുവിലായി മനുഷ്യക്കടത്ത് കുറ്റം ഇവര്‍ക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ ആരോപിച്ചങ്കിലും 2004 ഡിസംബറില്‍ സര്‍ക്കാര്‍ ആ കേസ് വേണ്ടെന്ന് വെച്ചു.

1989 ല്‍ ഏകാംഗ നാടകമായ ‘ശക്തി: ദ പവര്‍ ഓഫ് വുമണ്‍’ അവര്‍ അവതരിപ്പിച്ചു. അതില്‍ പിന്നെ സമകാലീന വിഷയവുമായി ബന്ധപ്പെട്ട നിരവധി സൃഷ്ടികള്‍ മല്ലിക സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. അഹമ്മദാബാദിലെ കലാ സ്ഥാപനമായ ‘ദര്‍പ്പണ’ , അന്‍സുനിയുടെ നിര്‍മ്മാണത്തിലൂടെ ജനങ്ങളില്‍ ഒരു ബോധവത്കരണ പ്രസ്ഥാനത്തിന് തുടക്കമിട്ടു.

അമ്മയും നര്‍ത്തകിയുമായ മൃണാളിനി സാരാഭായിയുടെ ഭൗതിക ശരീരത്തിന് മുന്നില്‍ നൃത്തച്ചുവടുകള്‍ കൊണ്ട് അന്ത്യാജ്ഞലി അര്‍പ്പിച്ചിരുന്നു മല്ലികാ സാരാഭായ്. അമ്മയുടെ ഭൗതികദേഹത്തിന് മുന്‍പില്‍ നൃത്തച്ചുവടുകള്‍ വയ്ക്കുമ്പോള്‍ മല്ലികയുടെ കണ്ണ് നിറഞ്ഞിരുന്നില്ല. കാരണം ഇതിനേക്കാള്‍ വലിയൊരു കര്‍മം തന്റെ അമ്മയക്ക് വേണ്ടി ചെയ്യാനില്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. ഒപ്പം മറ്റൊരു ലോകത്തിരുന്ന് തന്റെ ചുവടുകള്‍ അമ്മ ആസ്വദിക്കുമെന്ന വിശ്വാസവും.

 

8. സമ്പത്ത് പാല്‍ ദേവി

സമ്പത്ത് പാല്‍ ദേവി എന്ന സ്ത്രീരത്‌നത്തിന്റെ നേതൃത്വത്തില്‍ 2006ലാണ് ഗുലാബി ഗ്യാങ് എന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നത്. സ്വന്തം അനുഭവത്തിന്റെ തീച്ചൂളയില്‍നിന്നും വളര്‍ന്നുവന്ന ധീരവനിത. കുഞ്ഞു നാളില്‍ തന്നെ തനിക്കു ചുറ്റുമുളള സാമൂഹ്യവ്യവസ്ഥിതികളോട് അവള്‍ കലഹിച്ചുകൊണ്ടിരുന്നു. എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് 12ാം വയസില്‍ രക്ഷിതാക്കള്‍ നടത്തിയ ബാല്യവിവാഹവം അവരെ ഏറെ ഉലച്ചു.

ഗാര്‍ഹിക പീഡനവും ജാതിവ്യവസ്ഥിതികളും ബാലവേലയും ബാലവിവാഹവും സ്ത്രീധനപ്രശ്‌നങ്ങളും വേരൂന്നിയ ബാന്ദ ജില്ലയില്‍ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥക്കെതിരെ പോരാടാനുറച്ച് അവര്‍ മുന്നോട്ടു വന്നു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ തന്നെ രംഗത്തെത്തുക. അങ്ങനെയായിരുന്നു ഗുലാബി ഗ്യാങ്ങ് രൂപം കൊള്ളുന്നത്. പിങ്ക് വര്‍ണത്തിലുള്ള ചേല ചുറ്റി കൈകളില്‍ നീളമുള്ള വടികളുമേന്തി അവര്‍ ഒരുമിച്ചു. സ്ത്രീകളെ ആക്രമിക്കുന്നവരെ തങ്ങളുടെ കയ്യിലെ മുളവടികൊണ്ട് അവര്‍ നേരിട്ടു. അങ്ങനെ സമൂഹത്തില്‍ കാണുന്ന അനിതീകള്‍ക്കെതിരെ അവര്‍ പോരാടി.

 

9. ശാന്തി ടിഗ്ഗ

 

ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിതാ ജവാനാണ് ശാന്തി ടിഗ്ഗ. രണ്ടു കുട്ടികളുടെ അമ്മയും മുപ്പത്തിയഞ്ചുകാരിയുമായ ശാന്തി ടിഗ്ഗ കരസേനയുടെ കായികക്ഷമതാ പരീക്ഷയില്‍ പുരുഷന്മാരെ കടത്തിവെട്ടിയാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ 969 റെയില്‍വേ എന്‍ജിനീയറിംഗ് റെജിമെന്റില്‍ നിയമനം നേടിയത്. ഇതോടെ വര്‍ഷങ്ങളായി പുരുഷന്മാര്‍ മാത്രം കൈയടക്കിവെച്ചിരുന്ന കരസേനയുടെ സൈനികവിഭാഗത്തിലെ ആദ്യവനിതയെന്ന അപൂര്‍വ ബഹുമതിയും ശാന്തി സ്വന്തമാക്കി.

കുഞ്ഞുങ്ങള്‍ ജനിക്കുന്നതോടെ ജോലിയില്‍ നിന്നും പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്ന വനിതകളില്‍ നിന്നും ഏറെ വ്യത്യസ്തയായിരുന്നു അവര്‍. വിവാഹശേഷവും പ്രസവശേഷവും സ്ത്രീകള്‍ ആരോഗ്യപരമായി പരാജയമായിരിക്കുമെന്ന സങ്കല്‍പ്പം നിലനില്‍ക്കെയായിരുന്നു കായിക ക്ഷമതാ പരിശോധനയില്‍ 50 മീറ്റര്‍ ദൂരം വെറും 12 സെക്കന്റുകള്‍കൊണ്ട് ശാന്തി ഓടിത്തീര്‍ത്തത്.

 

10. ഇറോം ശര്‍മ്മിള

 

മണിപ്പൂരിലെ ഉരുക്ക് വനിതയായാണ് ഇറോം ശര്‍മ്മിള അറിയപ്പെടുന്നത്. മണിപ്പൂര്‍ സംസ്ഥാനത്ത് നിലവിലുള്ള, പട്ടാളത്തിന്റെ പ്രത്യേക അധികാര നിയമം(ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട്) പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 16 വര്‍ഷങ്ങളായി നിരാഹാര സമരം നടത്തി അവര്‍. നീതി നിഷേധിക്കപ്പെട്ടെങ്കിലും അവരുടെ ദൃഢനിശ്ചയത്തെ ഇല്ലാതാക്കാന്‍ ഭരണാധികാരികള്‍ക്ക് ആയിരുന്നില്ല. ഒരു കവയിത്രിയും, പത്രപ്രവര്‍ത്തകയും, സന്നദ്ധപ്രവര്‍ത്തകയുമാണ് ഇറോം ചാനു ശര്‍മ്മിള. 2000 നവംബര്‍ 2 ന് ആണ് ഇവര്‍ നിരാഹാര സമരം ആരംഭിച്ചത്. 2016 ആഗസ്റ്റ് 9 നാണ് നിരാഹാര സമരം പിന്‍വലിക്കുന്നത്.

 

11. സുസ്മിത സെന്‍

വിവാഹത്തെ കുറിച്ചോ കരിയറിനെ കുറിച്ചോ ആളുകള്‍ കൂടുതലായി ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന പ്രായത്തില്‍, 25 ാമത്തെ വയസില്‍ ഒരു കുഞ്ഞിനെ ദന്തെടുക്കാനായിരുന്നു സുസ്മിതയുടെ തീരുമാനം. ഒരു എതിര്‍പ്പുകളും അതിന് അവര്‍ക്ക് തടസമായില്ല. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം മറ്റൊരുകുഞ്ഞിനെ കൂടി ജീവിതത്തിന്റെ ഭാഗമാക്കി ഈ ബോളിവുഡ് താരം.

 

12. മേധാ പട്ക്കര്‍

ഇന്ത്യയിലെ ഒരു സാമൂഹ്യപ്രവര്‍ത്തകയാണ് മേധ പട്കര്‍. നര്‍മ്മദാ നദിയെ രക്ഷിക്കാന്‍ വേണ്ടി ഉണ്ടാക്കിയ കൂട്ടായ്മയായ നര്‍മ്മദ ബചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനേതാവും, പുരോഗമനവാദികളുടെ ദേശീയ സംഘടനയായ നാഷണല്‍ അലയന്‍സ് ഓഫ് പ്യൂപ്പിള്‍ മൂവ്‌മെന്റ് എന്ന സംഘടനയുടെ ദേശീയ കണ്‍വീനറുമാണ് മേധാ പട്കര്‍.

ലോകത്തെ അണക്കെട്ടുകളുടെ പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചു പഠിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് കമ്മീഷന്‍ ഓഫ് ഡാംസ് എന്ന സംഘടനയില്‍ പ്രതിനിധി കൂടിയാണ് മേധ.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി എന്ന പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മേധ മുംബൈയില്‍ നിന്നും മത്സരിച്ചെങ്കിലും, 8.9% വോട്ടുകള്‍ മാത്രം നേടി പരാജയപ്പെടുകയായിരുന്നു.

നര്‍മ്മദ നദിയ്ക്കും അതിന്റെ പോഷകനദികള്‍ക്കും കുറുകെ പല സ്ഥലങ്ങളിലായി നിര്‍മ്മിച്ചുകൊണ്ടിരുന്ന അണക്കെട്ടുകളുടെ (സര്‍ദാര്‍ സരോവര്‍ പദ്ധതി) പദ്ധതി ബാധിതപ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് അനുഭവിക്കുന്ന ദുരിതങ്ങളില്‍ ഇടപെട്ടുകൊണ്ടായിരുന്നു അവര്‍ ദേശീയമായി സജീവമാകുന്നത്. പദ്ധതി മൂലം കഷ്ടത നേരിടുന്ന പത്തു ലക്ഷത്തോളം വരുന്ന അവിടുത്തെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തിനും അവരുടെ പുനരധിവാസത്തിനുവേണ്ടിയും മേധ സംഘടിപ്പിച്ച സമരങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു.

അണക്കെട്ട് നിര്‍മ്മിച്ചപ്പോള്‍ സ്വാഭാവികമായി ഉയര്‍ന്നു വന്ന ജലനിരപ്പില്‍ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന മധ്യപ്രദേശിലെ ജല്‍സിന്ധി ഗ്രാമത്തിലും, മഹാരാഷ്ട്രയിലെ ദോംഖേദി ഗ്രാമത്തിലും, ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി മേധ മരണം വരെ സമരം തുടങ്ങുകയും, പിന്നീട് അവരെ ഈ സമരത്തില്‍ നിന്നും പോലീസ് ബലം പ്രയോഗിച്ച് നീക്കുകയും ഉണ്ടായി. രാജ്യത്ത് നടക്കുന്ന നീതിക്കായുള്ള എല്ലാ പോരാട്ടങ്ങളോടും ഐക്യപ്പെടുകയും ഇവിടെയെല്ലാം ഓടിയെത്തുകയും ചെയ്യാറുണ്ട് അവര്‍.

 

13. രവീണ ടണ്ടന്‍

 

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉള്‍പ്പെടെ നേടിയ ഒരു ഇന്ത്യന്‍ ചലച്ചിത്ര താരമാണ് രവീണ ടണ്ടന്‍. ബോളിവുഡ് സിനിമകളിലാണ് രവീണ കൂടുതലായും അഭിനയിച്ചിട്ടുള്ളത്. 1995 ല്‍ 21 വയസ് മാത്രം പ്രായമുള്ളപ്പോള്‍ തന്റെ അകന്ന ബന്ധത്തിലുള്ള രണ്ട് പെണ്‍കുട്ടികളെ ദത്തെടുക്കുകയായിരുന്നു ഇവര്‍. എന്നും സ്വന്തം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുയും അതിനായി എന്തും ത്യജിക്കാനും ഇവര്‍ തയ്യാറായിരുന്നു.

 

14. ദയാ ഭായ്

മദ്ധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയില്‍ കഴിഞ്ഞ അന്‍പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നിന്നുള്ള സാമൂഹികപ്രവര്‍ത്തകയാണ് ദയാബായി എന്ന മേഴ്‌സി മാത്യു.

16 വയസ്സില്‍ ക്രിസ്തീയ വിശ്വാസങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന പാലയിലെ സാമ്പത്തികമായി വളരെ മുന്നില്‍ നിന്ന കൂട്ട് കുടുംബത്തില്‍ നിന്നും വടക്കേ ഇന്ത്യയിലെ ക്രിസ്ത്യന്‍ ആശ്രമത്തില്‍ കന്യാസ്ത്രീയായി നിയോഗിക്കപ്പെട്ട മേഴ്‌സിയില്‍ നിന്നും ദയാഭായിലേക്കുള്ള മാറ്റം വലുതായിരുന്നു.

സഭാ ജീവിതത്തിലൂടെ യഥാര്‍ത്ഥ സാമൂഹിക ക്ഷേമം ഉറപ്പുവരുത്താന്‍ കഴിയില്ല എന്ന തിരിച്ചറിവായിരിക്കാം ഒരു പക്ഷെ സഭ വിട്ടു ഭായി തന്റെ സാമൂഹിക പ്രവര്‍ത്തന ശൈലി സ്വന്തം ആയി തിരഞ്ഞെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.

ആ കാലത്ത് തന്റെ സോഷ്യോളജി ബിരുദ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു ആദി വാസി മേഘലയിലെ സാമൂഹിക ചൂഷണത്തിനും ,അവകാശ ലംഘനതിനും എതിരെ ഒറ്റയാള്‍ സമരം നടത്തിയ ഉരുക്ക് വനിതയാണ് ദയാ ഭായ് .

തന്റെ ജീവിതത്തിന്റെ വലിയൊരു കാലവും സമൂഹത്തിലെ പാവപ്പെട്ടവര്‍കു വേണ്ടിയും അടിച്ചമര്‍ത്തപ്പെട്ടവര്‍കു വേണ്ടിയും ദയാഭായി ചിലവഴിക്കുക ആയിരുന്നു.

നിയമ പഠനത്തിലൂടെ മാത്രമേ യഥാര്‍ത്ഥ ജീവിതത്തില്‍ മറഞ്ഞിരിക്കുന്ന സത്യങ്ങളെ മറ നീക്കി പുറത്തു കൊണ്ടുവരുവാനും, അത് വഴി അര്‍ഹത പെട്ടവരുടെ ആവശ്യങ്ങള്കായി പോരാടാനും കഴിയൂ എന്ന യഥാര്‍ത്ഥ സത്യത്തിന്റെ തിരിച്ചറിവ് ആകാം അവരെ ഒരു നിയമ വിദ്യാര്‍ത്ഥിയും നിയമ പാലകയും ആക്കിയത് .

ലോക രാഷ്ട്രങ്ങളുടെ വിവിധ ഭാഗങ്ങളില്‍ പല സെമിനാറുകളിലും സ്വീകരണ ചടങ്ങുകളിലും ആദരവു ഏറ്റു വാങ്ങിയ ഭായ് ഇന്ന് ഇന്ത്യന്‍ സ്ത്രീ സമൂൂഹതിന്റെ ഒറ്റയാള്‍ സമര പ്രതീകം കൂടി ആണ്.

മദ്ധ്യപ്രദേശിലെ ഗോണ്ടുകള്‍ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് ഇപ്പോള്‍ ദയാഭായി. ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് എം.എസ്.ഡബ്ല്യുവും നിയമവും പഠിച്ച ദയാബായ് എം.എസ്.ഡബ്ല്യു പ്രൊജക്ടിന്റെ ഭാഗമായ ഫീല്‍ഡ് വര്‍ക്കിനു വേണ്ടി മദ്ധ്യപ്രദേശിലെ ആദിവാസികള്‍ക്കിടയിലെത്തുകയും പിന്നീട് അവിടം പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുക്കുകയുമായിരുന്നു.

 

15. സോണി സോറി

ഇന്ത്യന്‍ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ് സോണി സോറി. പ്രമുഖ വ്യവസായ ഗ്രൂപ്പായ എസ്സാര്‍ ഗ്രൂപ്പില്‍ നിന്നും നക്‌സലുകള്‍ക്കായി പണം വാങ്ങി നല്‍കി എന്ന് ആരോപിക്കപ്പെട്ടുകൊണ്ട് 2011ഒക്ടോബറിലാണ് സോണി സോറി അറസ്റ്റ് ചെയ്യപ്പെടുന്നത്.

രണ്ട് വര്‍ഷത്തിലധികം റായ്പൂര്‍ ജയിലിലായിരുന്ന സോണിക്ക് പിന്നീട് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആദിവാസികളെ പീഡിപ്പിക്കുന്നവരെയും അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നവരെയും നിയമത്തിന്റെ മുന്പില്‍ കൊണ്ടുവരാനായി സോണി സോറി വിട്ടുവീഴ്ചയില്ലാതെ പോരാടി എന്നതുമാത്രമാണ് ഭരണകൂട ഭീകരത അവര്‍ക്കുമേല്‍ തേര്‍വാഴ്ച നടത്തുവാന്‍ കാരണമായത്. ഇപ്പോഴും ഭീഷണികളേയും എതിര്‍ശബ്ദങ്ങളേയും ധൈര്യപൂര്‍വം വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുപോകുകയാണ് അവര്‍.

 

16. കൊങ്കണ സെന്‍ ശര്‍മ

അമു, ട്രാഫിക് സിഗ്‌നല്‍, 15 പാര്‍ക്ക് അവന്യൂ എന്നീ ചിത്രങ്ങളിലൂടെ തികച്ചും ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസില്‍ ഇടംനേടിയ താരം. സ്‌ക്രീനില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ബോള്‍ഡായ തീരുമാനങ്ങള്‍ എടുക്കാന്‍ കെല്‍പ്പുള്ളതാരം. രണ്‍ബീര്‍ ഷോറെയുമായുള്ള വിവാഹത്തിന് മുന്‍പ് തന്നെ ഗര്‍ഭിണിയാണെന്ന കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാന്‍ ചങ്കൂറ്റംകാണിച്ചു. സാമൂഹ്യസമ്മര്‍ദ്ദങ്ങളൊന്നും ഒരു തരത്തിലുള്ള സ്വകാര്യജീവിതത്തെ ബാധിക്കാന്‍ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച താരം.

 

17. സണ്ണി ലിയോണ്‍

 

അഭിനയത്രിയും, മോഡലുമായ സണ്ണി ലിയോണ്‍ ഇപ്പോള്‍ ഇന്ത്യന്‍ സിനിമ രംഗത്തും നിറ സാനിധ്യമാണ്. മുന്‍കാലങ്ങളില്‍ പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ച സണ്ണി ലിയോണ്‍ ഇന്ന് ബോളിവുഡിലെ താരമൂല്യമുള്ള നടിയാണ്.

അമേരിക്കന്‍ പൗരത്വം ഉള്ള ഇന്ത്യന്‍ വംശജയാണ് സണ്ണി. കേരന്‍ മല്‍ഹോത്ര എന്ന പേരിലും ഇവര്‍ ചില വേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂജ ബട്ടിന്റെ ജിസം2 എന്നീ ത്രില്ലര്‍ സിനിമയിലൂടെ 2012ല്‍ ഇവര്‍ ബോളിവുഡില്‍ തന്റെ അരങ്ങേറ്റം നടത്തി. പിന്നീട് 2013 ല്‍ ജാക്‌പോട്ട്, 2014 ല്‍ റാങ്കിനി എം.എം.എസ്2, 2015 ല്‍ ഏക് പെഹലി ലീല എന്നീ സൂപ്പര്‍ ചിത്രങ്ങള്‍ 4 വര്‍ഷം കൊണ്ട് ഇന്ത്യന്‍ സിനിമ രംഗത്ത് ചരിത്രങ്ങളെഴുതി.

സിനിമ എന്ന മഹ സമൂദ്രത്തിന് പുറമേ സണ്ണി ലിയോണ്‍ തന്റെ ഔദ്യോഗിക ജീവിതം ചില സാമൂഹിക പ്രവര്‍ത്തനത്തിനും മാറ്റിവെച്ചു. ലോസ് ആഞ്ചലോസില്‍ നടത്തിയ റോക്അന്റോള്‍ എന്ന പരിപാടിയില്‍ക്കൂടെ സമാഹരിച്ച പണം അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിക്ക് കൈമാറി. അതിന് പുറമേ വളര്‍ത്ത് മൃഗത്തെ പരിപാലിക്കുന്ന ക്യാമ്പൈനും മറ്റും നേതൃത്തവും നല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് സണ്ണി.

നിഷ എന്ന് പേരുള്ള രണ്ടുവയസുകാരിയെ മകളായി ദത്തെടുത്തുകൊണ്ടായിരുന്നു സണ്ണി മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. സണ്ണിയെ പോലെ സെലിബ്രറ്റിയും പോണ്‍സ്റ്റാറുമായിരുന്ന വ്യക്തി പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നത് സംബന്ധിച്ചും കുഞ്ഞിന്റെ നിറത്തെ സംബന്ധിച്ചുമെല്ലാം സോഷ്യല്‍മീഡിയകളില്‍ വലിയ ചര്‍ച്ചകള്‍ വന്നിരുന്നെങ്കിലും എല്ലാത്തിനോടും സണ്ണി മൗനം പാലിച്ചു. എന്നാല്‍ നിറത്തിന്റെ പേരില്‍ പല കുടുംബങ്ങളും ദത്തെടുക്കാന്‍ വിസ്സമതിച്ച പെണ്‍കുട്ടിയെയാണ് സണ്ണി ദത്തെടുത്തതെന്ന് മനസിലായപ്പോള്‍ ഒറ്റപെടുത്തിയ സമൂഹം മുഴുവന്‍ സണ്ണിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒരച്ഛന്റേയും അമ്മയുടേയും പൂര്‍ണമായ സ്‌നേഹവാത്സല്യങ്ങള്‍ നല്‍കി വളര്‍ത്തുന്നതിന് വേണ്ടി തന്നെയാണ് മകളെ സ്വന്തമാക്കിയതെന്നും മകളുടെ സന്തോഷത്തിനു വേണ്ടി നിലകൊള്ളുന്ന മാതാപിതാക്കളായിരിക്കും തങ്ങളെന്നും,അവള്‍ക്ക് വേണ്ടി ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്ന് കൂടി സണ്ണി പറഞ്ഞിരുന്നു.

 

18. ലക്ഷ്മി സാ

 

പ്രണയാഭ്യര്‍ഥന നിരസ്സിച്ചതു കാരണം ആസിഡ് അക്രമണത്തിനു ഇരയായ പെണ്‍കുട്ടിയാണ് ലക്ഷ്മി സാ. മുപ്പത്തിരണ്ടുകാരന്റെ പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ലക്ഷ്മി ആസിഡ് അക്രമണത്തിന് ഇരയാകുന്നത്.

പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്ന കൂട്ടായ്മ ആരംഭിക്കുകയും അതിന് നേതൃത്വം നല്‍കുകയുമായിരുന്നു ലക്ഷ്മി. യു.എസ് ഭരണകൂടം നല്‍കുന്ന രാജ്യാന്തര വനിതാധീരതാ അവാര്‍ഡ് ജേതാവ് കൂടിയാണ് ലക്ഷ്മി.

പത്രപ്രവര്‍ത്തക ഉപ്നീതയാണ് സ്റ്റോപ്പ് ആസിഡ് അറ്റാക്ക്(സാ) പ്രചരണങ്ങള്‍ക്ക് ലക്ഷ്മിയുടെ ശ്രദ്ധ ക്ഷണിക്കുന്നത്. പത്രപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ അലോക് ദീക്ഷിത് ലക്ഷ്മിയെ തേടിയെത്തി .സ്റ്റോപ്പ് ആസിഡ് അറ്റാക്കിന്റെ ക്യാമ്പെയിന്‍ കോഓര്‍ഡിനേറ്ററായി ലക്ഷ്മി പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു.പിന്നേട് അലോക് ലക്ഷ്മിയുടെ ജീവിതത്തിലേക്ക് കടന്ന് വന്നു

 

19. ബചേന്ദ്രി പാല്‍

 

ഒരു ഇന്ത്യന്‍ പര്‍വതാരോഹകയാണ് ബചേന്ദ്രി പാല്‍. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിതയാണ് ഇവര്‍. 1984 മേയ് ഇരുപത്തിമൂന്നിന് ആണ് അവര്‍ എവറസ്റ്റ് കൊടുമുടിയുടെ നിറുകയിലെത്തിയത്. അധ്യാപികയാവുന്നതിനേക്കാള്‍ പര്‍വ്വതാരോഹണത്തില്‍ തല്‍പരയായിരുന്ന ബചേന്ദ്രി പാല്‍.

1984ല്‍ ഇന്ത്യയുടെ നാലാമത്തെ എവറസ്റ്റ് ദൗത്യസംഘത്തിന്റെ ഭാഗമായിരുന്നു ബചേന്ദ്രി. ആറു വനിതകളും, പതിനൊന്നു പുരുഷന്മാരും അടങ്ങുന്നതായിരുന്നു പര്യവേഷണ സംഘം. നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നുമാണ് സംഘം എവറസ്റ്റ് പര്യവേഷണം തുടങ്ങിയത്. 24,000 അടി ഉയരത്തില്‍ ഒരു മഞ്ഞിടിച്ചിലില്‍ തലക്ക് പരിക്കേറ്റുവെങ്കിലും മനഃസ്ഥൈര്യത്തോടെ മുന്നേറുകയും മേയ് 23, ഉച്ചക്ക് 1:07 മണിക്ക് എവറസ്റ്റിന്റെ നിറുകയിലെത്തുകയും ചെയ്തു. ഇന്ന് നിരവധി പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന അധ്യാപിക കൂടിയാണ് ഇവര്‍. യുവാക്കള്‍ക്ക് മാത്രം സാധ്യമായത് എന്ന് സമൂഹം പ്രഖ്യാപിച്ച പര്‍വാതരോഹണത്തില്‍ പുത്തന്‍ അധ്യായം കുറിക്കുകയായിരുന്നു ബചേന്ദ്രി പാല്‍.

 

20. ഭന്‍വാരി ദേവി

 

രാജസ്ഥാനില്‍ നിന്നുള്ള ഒരു സാമൂഹ്യ പ്രവര്‍ത്തകയാണ് ഭന്‍വാരി ദേവി. സാമൂഹ്യ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അവരുടെ പ്രവര്‍ത്തനം ഭൂമി, ആരോഗ്യം, ഉടമസ്ഥത എന്നിവയുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടായിരുന്നു. 1992ല്‍, ശൈശവ വിവാഹത്തിനെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അവര്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടു. ഇപ്പോഴും സ്ത്രീ സമത്വത്തിനു വേണ്ടിയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും അവര്‍ പ്രവര്‍ത്തിക്കുന്നു.

ഭന്‍വാരി ദേവിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തിന് ശേഷമാണ് തൊഴിലെടുക്കുന്ന സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുവാനും ലിംഗ വിവേചനത്തിനെതിരേയും, സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നതിനെതിരേയും മറ്റും സമര്‍പ്പിക്കപ്പെട്ട കേസുകളില്‍, സുപ്രീം കോടതി വിശാല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നറിയപ്പെടുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്.

 

21. ഇഷിത മാളവിയ

 

സര്‍ഫിങ്ങിലെ ഈ ഇന്ത്യന്‍ താരത്തെ അറിയുന്ന അധികംപേരൊന്നും കാണില്ല. ഇന്റര്‍നെറ്റിലെ സര്‍ഫിങ് അല്ല ഉദ്ദേശിച്ചത്. കടലിലെ സര്‍ഫിങ്. ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണല്‍ വനിത സര്‍ഫര്‍ ആണ് ഇഷിത മാളവിയ എന്ന 25 കാരി. സ്ത്രീകള്‍ മടിച്ചുനില്‍ക്കുന്ന ഒരു മേഖലയിലേക്ക് കടന്നുചെന്ന് നിഷ്പ്രയാസം അതിനെ കൈപ്പിടിയിലൊതുക്കിയ താരം. കടല്‍ പുരുഷന്റേതാണന്ന് പറഞ്ഞ് വീട്ടില്‍ ഒതുങ്ങിക്കൂടുന്ന സ്ത്രീസങ്കല്‍പ്പങ്ങളെ ഇല്ലാതാക്കിക്കൊണ്ട് ധൈര്യസമേതം കടലിലിറങ്ങാന്‍ ചങ്കൂറ്റം കാണിച്ച വ്യക്തിത്വം.

 

22. റോഷ്ണി ശര്‍മ

 

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറന്ന വനിത. പ്രൊഫഷന്‍ എഞ്ചിനിയറിങ് ആണെങ്കിലും മികച്ചൊരു ബൈക്ക് റേസറാണ് റോഷ്ണി ശര്‍മ. കന്യാകുമാരി മുതല്‍ ഹിമാചലിലെ ലേ വരെ ബൈക്ക് യാത്ര നടത്തിയ ആദ്യ വനിതയെന്ന ബഹുമതിയും റോഷ്ണിക്ക് സ്വന്തം. ഒരു പെണ്‍കുട്ടി തനിച്ച് ബൈക്ക് റേസിങ് നടത്തുകയെന്നത് അനായാസമാണെന്ന് വിധിച്ചവര്‍ക്ക് മുന്നിലൂടെയായിരുന്നു അവളുടെ വിജയയാത്ര.
ഉയരമുള്ള ഹിമാലയന്‍ മലനിരകളും കടുത്ത ഭൂപ്രദേശങ്ങളും അവള്‍ക്ക് തടസമായില്ല. റോഹ്തങ്, സാര്‍ച്ചു, പാങ്, തുടങ്ങിയ അപകടകരമായ വഴികകള്‍ അവള്‍ നിഷ്പ്രയാസം താണ്ടി. ഹൈ ഹീല്‍ഡ് ബൂട്ടുകളും ലെതര്‍ ജാക്കറും ഹിജാബും ധരിച്ചുകൊണ്ടുള്ള റോഷ്ണിക്ക് ഹിജാബി റൈഡര്‍ എന്ന വിളിപ്പേരും ഇതിനകം ലഭിച്ചുകഴിഞ്ഞു.

23. നീന ഗുപ്ത

 

ഇന്ത്യയിലെ മികച്ച സെലിബ്രറ്റി താരങ്ങളില്‍ ഒരാളാണ് നീന ഗുപ്ത. 1980 കളില്‍ വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുഞ്ഞുണ്ട്. വിവാഹിതയാകാതെ തന്നെ ഒരുമിച്ച് ജീവിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു നീനയുടേത്. അന്നത്തെ കാലഘട്ടത്തില്‍ ഇത് വലിയ സംഭവമായി ആളുകള്‍ എടുത്തിരുന്നെങ്കിലും തന്റെ നിലപാടുകളില്‍ എന്നും ഉറച്ചു നിന്നു ഇവര്‍.

24. ഫറാ ഖാന്‍

 

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നൃത്ത സംവിധായകയും ചലച്ചിത്രസംവിധായകയുമാണ് ഫറാ ഖാന്‍ എന്നറിയെപ്പെടുന്ന ഫറാ ഖാന്‍ കുന്ദര്‍. അടുത്ത കാലത്ത് വളരെ പ്രസിദ്ധമായ ഓം ശാന്തി ഓം, മേം ഹൂ ന എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു.

വിവാഹപ്രായമെന്ന സങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കി 40ാം വയസില്‍ സിരീഷ് കുന്ദറിനെ വിവാഹം ചെയ്യുകയും കൃത്രിമഗര്‍ഭധാരണത്തിലൂടെ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെയല്ലാതെ ഐ.വി.എഫിലൂടെ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ച ആദ്യ ഇന്ത്യന്‍ സെലിബ്രറ്റിയും ഫറാ ഖാനാണ്.

25 സൈറാ ബാനു

 

മുസ്‌ലിം വിഭാഗത്തിലെ സ്ത്രീകളെ സംബന്ധിച്ച് ഐതിഹാസിക വിജയമായിരുന്നു മുത്തലാഖ് നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി. ആ വിധി സൈറാബാനു എന്ന സ്ത്രീയുടെ കരുത്തിന്റെ കൂടി വിജയമായിരുന്നു.

മുത്തലാഖ് വിഷയം ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണമായത് സൈറാ ബാനുവുമായി ബന്ധപ്പെട്ട കേസ് ആണ്. 15 വര്‍ഷത്തെ വിവാഹബന്ധം ഫോണിലൂടെയാണ് സൈറ ബാനുവിന്റെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ചത്.

തുടര്‍ന്നാണ് മുത്തലാഖും ബഹുഭാര്യാത്വവും നിരോധിക്കണമെന്നാവശ്യപ്പെട്ട് സൈറാബാനു അടങ്ങുന്ന സംഘം സുപ്രീം കോടതിയെ സമീപിച്ചത്.

ഇവര്‍ക്കൊപ്പം കത്ത് വഴി മൊഴി ചൊല്ലപ്പെട്ട അഫ്രീന്‍ റഹ്മാന്‍, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍ പ്രവീണ്‍, ഫോണിലൂടെ മൊഴി ചൊല്ലപ്പെട്ട ഇഷ്‌റത്ത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്‌റി എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിക്കുകയായിരുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ, സ്‌കൂപ്‌വൂപ്

തയ്യാറാക്കിയത്: ആര്യ. പി

ആര്യ അനൂപ്‌
സീനിയര്‍ സബ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.
Advertisement