എഡിറ്റര്‍
എഡിറ്റര്‍
ക്യാന്‍സര്‍ രോഗി ചമഞ്ഞ് ഫേസ്ബുക്കിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ്: 22 കാരി അറസ്റ്റില്‍
എഡിറ്റര്‍
Monday 24th April 2017 11:23am

ഹൈദരാബാദ്: ക്യാന്‍സര്‍ രോഗിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഫേസ്ബുക്ക് വഴി ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ 22 കാരി പിടിയില്‍. ഹൈദരാബാദ് സ്വദേശിയായ സാമിയ അബ്ദുള്‍ ഹഫീസാണ് പിടിയിലായത്.

തനിക്ക് സ്തനാര്‍ബുദവും മസ്തിഷ്‌കാര്‍ബുദവുമുണ്ടെന്ന് പറഞ്ഞായിരുന്നു യുവതിയുടെ തട്ടിപ്പ്. ചികിത്സയ്ക്കായി വന്‍തുക ആവശ്യമുണ്ടെന്നു പറഞ്ഞ് യുവതി ഓണ്‍ലൈനിലൂടെ കാമ്പെയ്ന്‍ ആരംഭിക്കുകയായിരുന്നു. ജനുവരിയിലാണ് സാമിയ കാമ്പെയ്ന്‍ തുടങ്ങിയത്. ഇതിനായി ‘ ഗോ ഫണ്ട് സാമിയ’ എന്ന പേരില്‍ ഒരു ഫേസ്ബുക്ക് പേജുമുണ്ടാക്കി.

സാമിയയുടെ പിതാവ് അബ്ദുല്‍ ഹഫീസ് ക്യാന്‍സറിന് ചികിത്സതേടുന്നുണ്ടായിരുന്നു. ഹൈദരാബാദിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടുന്നത്. ഇദ്ദേഹത്തിലൂടെയാണ് സാമിയ രോഗത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചത്. അങ്ങനെ പഠിച്ച കാര്യങ്ങള്‍ കാമ്പെയ്‌ന് വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ഉപയഗിക്കുകയും ചെയ്തിരുന്നു.

സാമിയയുടെ ഫേസ്ബുക്ക് പേജ് ശ്രദ്ധയില്‍പ്പെട്ട ഒട്ടേറെപ്പേര്‍ സംഭാവന നല്‍കി. 22 ലക്ഷത്തോളം രൂപ ഇത്തരത്തില്‍ സമ്പാദിച്ചെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഹൈദരാബാദിലെ ഗണ്‍ഫൗണ്ട്രി ബ്രാഞ്ചിലുള്ള സ്റ്റേറ്റ് ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു തുക നിക്ഷേപിക്കാന്‍ നിര്‍ദേശിച്ചത്.

സാമിയയ്ക്ക് സംഭാവന നല്‍കിയവരിലൊരാള്‍ ആശുപത്രിയുമായി ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പു പുറത്തായത്. ഇക്കാര്യം അദ്ദേഹം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു. ഇതോടെ സംഭാവന നല്‍കിയ ചിലരും സ്വകാര്യ ആശുപത്രിയും പരാതിയുമായി രംഗത്തുവന്നു.

സാമിയയുടെ അക്കൗണ്ട് ഫ്രീസ് ചെയ്യാന്‍ പൊലീസ് നിര്‍ദേശം നല്‍കിയെങ്കിലും അതില്‍ വെറും 5000രൂപ മാത്രമാണ് അവശേഷിച്ചിരുന്നത്.

Advertisement