ഇന്ത്യാ-പാക് ക്രിക്കറ്റ് പോരാട്ടത്തിന് ഇനി എന്ത് സംഭവിക്കും?
ജിതിന്‍ ടി പി

ലോകക്രിക്കറ്റില്‍ ഏറ്റവും ആവേശകരമായ പോരാട്ടമാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം. എന്നാല്‍ ക്രിക്കറ്റ് എന്നതിലുപരി രാഷ്ട്രീയമാനങ്ങള്‍ കൊടുക്കുന്നതാണ് ഈ മത്സരത്തിന് എന്നും തിരിച്ചടിയായത്.

രാജ്യം നടുങ്ങിയ പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഉയരുന്നവരുന്ന വിദ്വേഷപ്രചരണങ്ങളും ഇതിന്റെ ഭാഗമാണ്.

2019 ഇംഗ്ലണ്ട് ലോകകപ്പിന്റെ ഷെഡ്യൂള്‍ പുറത്ത് വന്നപ്പോള്‍ കളിയാരാധകരെല്ലാം ആവേശത്തോടെ നോക്കിയത് ഇന്ത്യയും പാകിസ്താനും നേര്‍ക്കുന്നേര്‍ വരുന്നത് എന്നാണ് എന്നായിരുന്നു.

ALSO READ: ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനുമായുള്ള മത്സരം ഇന്ത്യ ഉപേക്ഷിക്കണം; രാജ്യമാണ് വലുതെന്നും ഹര്‍ഭജന്‍ സിംഗ്

എന്നാല്‍ ക്രിക്കറ്റിന് ഒട്ടും യോജിക്കാത്ത രീതിയിലാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍. ലോകകപ്പില്‍ നിന്ന് പാകിസ്താനെ വിലക്കണമെന്നും ഇന്ത്യ-പാകിസ്താന്‍ മത്സരം ഒഴിവാക്കണമെന്നുമാണ് ഉയര്‍ന്നു വരുന്ന ആവശ്യങ്ങള്‍.

ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്നെ ഇതില്‍ വിരുദ്ധാഭിപ്രായങ്ങളുണ്ട്.

സൗരവ് ഗാംഗുലി, ഹര്‍ഭജന്‍സിംഗ്, അസ്ഹറുദ്ദീന്‍ തുടങ്ങിയ താരങ്ങള്‍ പാകിസ്താനെ വിലക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ സച്ചിനും ഗവാസ്‌കറും പ്രകടിപ്പിച്ചത് വിഭിന്നമായ അഭിപ്രായമാണ്. ഇന്ത്യ പാകിസ്താനെതിരെ കളിച്ച് ജയിക്കണമെന്നാണ് സച്ചിന്റെയും ഗവാസ്‌കറുടേയും അഭിപ്രായം.

ALSO READ: ഇന്ത്യാ-പാക് ക്രിക്കറ്റിനെ അനുകൂലിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കറെ രാജ്യദ്രോഹിയാക്കി അര്‍ണാബ് ഗോസ്വാമി; ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി അതിഥികള്‍

ലോകകപ്പില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കണം.

2009 ല്‍ ശ്രീലങ്കന്‍ ടീമിനെതിരെ പാകിസ്താനില്‍വെച്ച് ഭീകരാക്രമണമുണ്ടായതോടെയാണ് സമീപകാലത്ത് പാകിസ്താന്‍ ക്രിക്കറ്റ് ടീം ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത്. 2011 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിന് പാകിസ്താന്റെ കോസ് ഹോസ്റ്റ് പദവിയും ഇതിനെ തുടര്‍ന്ന് നഷ്ടമായി.

1999,2003,2007,2011,2015 കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ലോകകപ്പ് മത്സരങ്ങളുടെ സമയത്തും രാജ്യം ഭീകരാക്രമണത്തില്‍ പകച്ച് നിന്നിട്ടിട്ടുണ്ട്.

ALSO READ: പാക്കിസ്ഥാനുമായി ലോകകപ്പ് കളിക്കണോ? നിലപാട് വ്യക്തമാക്കി കോഹ്‌ലി

1999 ല്‍ കാര്‍ഗില്‍ യുദ്ധം നടക്കുന്ന സമയത്താണ് ഇന്ത്യ-പാക് മത്സരം അന്നത്തെ ലോകകപ്പില്‍ നടക്കുന്നത്. അതിന് ശേഷം നടന്ന ലോകകപ്പ് 2003 ല്‍. ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചു. മത്സരം നടന്നത് പാര്‍ലമെന്റ് ആക്രമണത്തിന് 15 മാസം മാത്രം കഴിഞ്ഞ്.

2011 ല്‍ ലോകകപ്പിനായി പാകിസ്താനില്‍ കളിക്കാനായി ഇന്ത്യയിലെത്തി. മുംബൈ ഭീകരാക്രമണം നടന്നതും ഇതേ വര്‍ഷം. 2017 ല്‍ ഇന്ത്യ പാകിസ്താനെതിരെ ചാമ്പ്യന്‍സ് ട്രോഫി കളിച്ചു- ഉറി ആക്രമണത്തിന് ഒരു വര്‍ഷം മാത്രം ശേഷം

ഈ വര്‍ഷം മാത്രം അപ്പോള്‍ ബഹിഷ്‌കരിക്കല്‍ ആഹ്വാനം ഉയര്‍ത്തുന്നതിന്റെ പിന്നിലെന്താണ്. ലോക്സഭാ തെരഞ്ഞെടുപ്പ്. മെയ് 30 ന് ആരംഭിക്കുന്ന ഇത്തവണത്തെ ലോകകപ്പ് ടൂര്‍ണമെന്റില്‍ ജൂണ്‍ 16 നാണ് ഇന്ത്യ പാകിസ്താന്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്നാണ് ഇക്കാര്യത്തില്‍ ഇനി അറിയേണ്ടത്.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.