മലേഗാവ് സ്‌ഫോടനം: ഹിന്ദു ഭീകരവാദി അറസ്റ്റില്‍
India
മലേഗാവ് സ്‌ഫോടനം: ഹിന്ദു ഭീകരവാദി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th December 2012, 12:20 pm

ന്യൂദല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി മോഹന്‍ എന്നയാളെ അറസ്റ്റ് ചെയ്തു. 2006 ല്‍ മഹാരാഷ്ട്രയിലെ മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ ഹൈന്ദവ ഭീകരസംഘടനകളാണെന്ന് വെളിപ്പെട്ടതിന് ശേഷം നടക്കുന്ന ആദ്യ അറസ്റ്റാണ് മോഹന്റേത്.

സ്‌ഫോടനത്തിന് മുമ്പ് നടന്ന ഗൂഢാലോചനയിലും തുടര്‍ന്ന് ബോംബുവെച്ചത് ഇയാളാണെന്നാണ് കരുതുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള ഹട്ടോഡ് എന്ന സ്ഥലത്തു നിന്നാണ് മോഹനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.[]

സംഝോത ഏക്‌സ്പ്രസ് സ്‌ഫോടനക്കസില്‍ അറസ്റ്റിലായ  രാജേഷ് ചൗധരിയെ ചോദ്യം ചെയ്തപ്പോഴാണ് മോഹന്റെ പങ്ക് അന്വേഷണ ഏജന്‍സിക്ക് വ്യക്തമായത്. മാലെഗാവ് ഗൂഢാലോചനയിലും തനിക്ക് പങ്കുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ചൗധരി സമ്മതിച്ചിട്ടുണ്ട്.

മലേഗാവ് സ്‌ഫോടനത്തിന് ശേഷം മുംബൈ എ.ടി.എസും സി.ബി.ഐയും നിരപരാധികളായ ഒമ്പത് മുസ്ലീം യുവാക്കളെ ഭീകരരെന്നു പറഞ്ഞ് അറസ്റ്റ ചെയ്തിരുന്നു. അഞ്ച് വര്‍ഷത്തോളം ജാമ്യം പോലും നിഷേധിച്ച ഇവര്‍ ഈയടുത്താണ് ജയില്‍ മോചിതരായത്.

ഹിന്ദു ഭീകരസംഘടനയായ അഭിനവ് ഭാരത് അംഗമായ അസീമാനന്ദയുടെ മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. സ്‌ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക സംഘടനയല്ലെന്നും ഹിന്ദു ഭീകരസംഘടനയായ അഭിനവ് ഭാരത് എന്നുമായിരുന്നു ജതിന്‍ ചാറ്റര്‍ജിയെന്ന സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തല്‍.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുനില്‍ ജോഷിയും മറ്റുള്ളവരും ഈ കെസിന് പിന്നിലുണ്ടായിരുന്നുവെന്നും അസീമാനന്ദ കോടതിക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. മുസ്ലീങ്ങലുടെ വിശേഷദിനമായ ബറാത്ത് ദിനത്തില്‍ നാല് ബോംബായിരുന്നു സ്‌ഫോടത്തിന് ഉപയോഗിച്ചതെന്നും മൊഴിയില്‍ പറയുന്നുണ്ട്.

2008 ല്‍ മലേഗാവില്‍ നടന്ന മറ്റൊരു സ്‌ഫോടനക്കേസില്‍ പ്രഗ്യാന്‍ സിംഗ് ഠാക്കൂറും കേണല്‍ പുരോഹിതും നേരത്തെ അറസ്റ്റിലായിട്ടുണ്ട്. 2006 സപ്തംബര്‍ എട്ടിന് മഹാരാഷ്ട്രയിലെ മാലെഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ 35 പേര്‍ മരിക്കുകയുണ്ടായി.

മലേഗാവ് സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദു ഭീകരസംഘടനയാണെന്ന അസീമാനന്ദയുടെ വെളിപ്പെടുത്തലും ഇരയായ കലീമിന്റെ ഇന്റര്‍വ്യൂവും വായിക്കാം….

സംഝോത സ്‌ഫോടനം: ആര്‍.എസ്.എസ് നേതാക്കള്‍ക്ക് പങ്ക്

കലീമുമായുള്ള അഭിമുഖത്തില്‍ നിന്നും..

‘അസീമാനന്ദ ഹിന്ദു-മുസ്‌ലിം ഐക്യത്തിനായി ശ്രമിച്ചു’

ഭീകരതയുടെ നിറം മാറുന്നു