'രാജകുടുംബത്തില്‍ നിന്ന് രണ്ട് ലക്ഷം കോടി വന്നു, ടിപ്പുവിന്റെ സിംഹാസനം വില്‍ക്കാനുണ്ട്; കോടികള്‍ കടംവാങ്ങി തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ കൊച്ചിയില്‍ അറസ്റ്റില്‍
Kerala News
'രാജകുടുംബത്തില്‍ നിന്ന് രണ്ട് ലക്ഷം കോടി വന്നു, ടിപ്പുവിന്റെ സിംഹാസനം വില്‍ക്കാനുണ്ട്; കോടികള്‍ കടംവാങ്ങി തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ കൊച്ചിയില്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th September 2021, 12:32 pm

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനാണെന്ന് അവകാശപ്പെട്ട് കോടികള്‍ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ ആയ യുവാവ് അറസ്റ്റില്‍. കൊച്ചി സ്വദേശിയായ മോന്‍സന്‍ മാവുങ്കലാണ് ക്രൈംബ്രാഞ്ച് പിടിയിലായത്.

പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു തട്ടിപ്പ്.

തനിക്ക് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സന്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.

പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.

എന്നാല്‍ പരിശോധനയില്‍ ബാങ്കിലോ വിദേശത്തോ ഇയാള്‍ക്ക് അക്കൗണ്ടുകള്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി തുടങ്ങിയവ തന്റെ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഇത് ചേര്‍ത്തലയിലെ ഒരു ആശാരി നിര്‍മ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം തന്റെ കൈവശമുള്ളത് ഒറിജിനലല്ല, അതിന്റെ പകര്‍‌പ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ് മോന്‍സന്‍ നല്‍കിയ മൊഴി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

2 lakh crore from royal family, Tipu’s throne to be sold, YouTube arrested for swindling crores of rupees