എഡിറ്റര്‍
എഡിറ്റര്‍
മുംബൈ സ്‌ഫോടനം: സഞ്ജയ് ദത്തിനെ പോലെ സൈബുന്നിസയും മാപ്പര്‍ഹിക്കുന്നു; മാര്‍കണ്ഡേയ കഠ്ജു
എഡിറ്റര്‍
Wednesday 27th March 2013 11:00am

മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ കുറ്റാരോപിതയായ സൈബുന്നിസ ഖാസിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍കണ്ഡേയ കഠ്ജു.

കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിനും സൈബുന്നിസയ്ക്കുമെതിരെ സമാന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നേരത്തേ സഞ്ജയ് ദത്തിന് പിന്തുണ പ്രഖ്യാപിച്ച് മാര്‍കണ്ഡേയ കഠ്ജു രംഗത്തെത്തിയിരുന്നു.

Ads By Google

സഞ്ജയ് ദത്തിനെ പോലെ എഴുപത്കാരിയായ സൈബുന്നിസ ഖാസിയയും മാപ്പര്‍ഹിക്കുന്നുണ്ടെന്നാണ് മാര്‍കണ്ഡേയ കഠ്ജു പറഞ്ഞിരിക്കുന്നത്. കേസില്‍ ആയുധങ്ങള്‍ കൈവശം വെച്ചെന്ന കുറ്റമാണ് സഞ്ജയ് ദത്തിനും സൈബുന്നിസ ഖാസിയയ്ക്കുമെതിരെയുള്ളത്.

തനിക്ക് മാപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് സൈബുന്നിസ മഹാരാഷ്ട്ര സര്‍ക്കാറിന് കത്തയച്ചതിന് പിന്നാലെയാണ് മാര്‍കണ്ഡേയ കഠ്ജു സൈബുന്നിസയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

തനിക്ക് സഞ്ജയ് ദത്തിനെ നേരിട്ട് അറിയില്ല. മാനുഷിക പരിഗണന നല്‍കിയാണ് അദ്ദേഹത്തിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

സൈബുന്നിസ ഖാസിയയും ഇതേ മാനുഷിക പരിഗണന അര്‍ഹിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി താന്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്കും പ്രസിഡന്റിനും കത്തയക്കുമെന്നും കഠ്ജു വ്യക്തമാക്കി.

കേസില്‍ അഞ്ച് വര്‍ഷം ശിക്ഷ വിധിക്കപ്പെട്ട സഞ്ജയ് ദത്തിന് പിന്തുണയുമായി ബോളിവുഡ് താരങ്ങളുള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ സഞ്ജയ് ദത്തിന് മാപ്പ് നല്‍കണമെന്നാവശ്യപ്പെടുന്നവര്‍ എന്ത്‌കൊണ്ട് എഴുപത്കാരിയായ തന്റെ മാതാവിന് മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെടുന്നില്ലെന്ന ചോദ്യവുമായി സൈബുന്നിസയുടെ മകള്‍ രംഗത്തെത്തിയിരുന്നു.

മുംബൈ സ്‌ഫോടനക്കേസ്: എന്ത് കൊണ്ട് സഞ്ജയ് ദത്തിന് മാത്രം മാപ്പ്

Advertisement