വാരിയന്‍കുന്നത്തിനെ തിരയേണ്ടത് ചരിത്രരേഖകളിലാണ്, സംഘപരിവാറിന്റെ കൂലിയെഴുത്ത് പുസ്തകങ്ങളിലല്ല
Malabar rebellion
വാരിയന്‍കുന്നത്തിനെ തിരയേണ്ടത് ചരിത്രരേഖകളിലാണ്, സംഘപരിവാറിന്റെ കൂലിയെഴുത്ത് പുസ്തകങ്ങളിലല്ല
ഷഫീഖ് താമരശ്ശേരി
Tuesday, 24th August 2021, 5:37 pm
ബ്രിട്ടീഷുകാരോട് മാപ്പിരന്ന് മാത്രം ശീലിച്ചവരെ ദേശാഭിമാനികളായി കാണുന്നവരാണ് സംഘപരിവാര്‍. അവരെ സംബന്ധിച്ച് രക്തസാക്ഷിത്വം ഒരു അപമാനമാണ്. മരണത്തിന് മുന്നിലും ബ്രിട്ടീഷ് പടയാളികളോട് പോരടിച്ച ധീരനായ വാരിയന്‍കുന്നത്തിന്റെ രക്തസാക്ഷിത്വത്തെ വിലമതിക്കാന്‍ സംഘപരിവാറിന് സാധിക്കാത്തതില്‍ യാതൊരത്ഭുതവുമില്ല.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അത്യുജ്വല അധ്യായങ്ങളിലൊന്നായ 1921 ലെ മലബാര്‍ സമരവും ധീര രക്തസാക്ഷികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ലിയാരുമെല്ലാം ഒരിക്കല്‍ കൂടി വാര്‍ത്തകൡ ഇടം പിടിച്ചിരിക്കുകയാണ്. 1921 ല്‍ മലബാറില്‍ നടന്ന ഐതിഹാസികമായ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നൂറ് വര്‍ഷം തികയുന്ന ഈ ഘട്ടത്തില്‍ മലബാര്‍ സമരത്തിന്റെ ഓര്‍മകളെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഘട്ടം ഘട്ടമായി മലബാര്‍ സമര ചരിത്രത്തെ അപനിര്‍മിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

മലബാര്‍ സമരത്തിന്റെ ഓര്‍മകളെ നിലനിര്‍ത്തുന്ന പലവിധ ആവിഷ്‌കാരങ്ങള്‍ക്കെതിരെയും സംഘപരിവാര്‍ തുറന്ന യുദ്ധം നയിച്ചു. സംഘപരിവാറിന്റെ ജിഹ്വയായ വലതുപക്ഷ മാധ്യമങ്ങളിലൂടെയും നവമാധ്യങ്ങളിലൂടെയും നുണക്കഥങ്ങള്‍ മെനഞ്ഞുകൊണ്ട് മലബാര്‍ പ്രക്ഷോഭത്തെ വര്‍ഗീയ ലഹളയായി ചിത്രീകരിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചു. ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ട് പുസ്തകങ്ങളിറക്കി, സെമിനാറുകള്‍ സംഘടിപ്പിച്ചു. മലബാര്‍ സമരത്തിന്റെ യഥാര്‍ത്ഥ വസ്തുതകളും ചരിത്രവും പറയാന്‍ ശ്രമിച്ച ഗവേഷകരെയും ചരിത്രകാരന്‍മാരെയും എഴുത്തുകാരെയും കലാപ്രവര്‍ത്തകരെയുമെല്ലാം തെരഞ്ഞുപിടിച്ച് വേട്ടയാടി.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ഒറ്റുകാരുടെ സ്ഥാനത്തുണ്ടായിരുന്ന സംഘപരിവാര്‍, ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ച ഖിലാഫത്ത് മുന്നേറ്റത്തെയും മാപ്പിള പോരാളികളെയും അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലിതാ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് മലബാര്‍ സമരത്തിലെ 387 രക്തസാക്ഷികളുടെ പേര് നീക്കം ചെയ്യാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) ശ്രമം നടത്തി വരികയാണ്.

രാജ്യം കണ്ട പ്രഗത്ഭരായ ചരിത്രകാരും ഗവേഷകരുമടക്കം അനേകം പേര്‍ മലബാര്‍ സമരത്തെക്കുറിച്ച് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നൂറ് കണക്കിന് ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. മലബാര്‍ സമരം യഥാര്‍ത്ഥത്തില്‍ എന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന ആയിരക്കണക്കിന് ചരിത്രരേഖകളും ലഭ്യമാണ്. ഇതിലൊരിടത്തും മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നില്ല എന്ന് കണ്ടെത്താനാവില്ല. മാത്രമല്ല, അവയെല്ലാം മലബാര്‍ സമരത്തെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമായി കൃത്യതയോടെ അടയാളപ്പെടുത്തുന്നുമുണ്ട്. സംഘപരിവാറിന്റെ കൂലിയെഴുത്തുകാരായ ഏതാനും ഹിന്ദുത്വ വാദികള്‍ മാത്രമാണ് മലബാര്‍ സമരത്തെ ഹിന്ദുവിരുദ്ധ കലാപമായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്.

മലബാര്‍ സമരത്തിന്റെ നായകന്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ഭഗത് സിങ്ങുമായി താരതമ്യം ചെയ്ത കേരളത്തിലെ നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷിനെതിരെയും സംഘപരിവാര്‍ രംഗത്ത് വന്നിരുന്നു. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു മതഭീകരനായിരുന്നുവെന്നാണ് ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് ഇക്കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.

എം.ബി. രാജേഷ്

ബ്രിട്ടീഷുകാരോട് മാപ്പിരന്ന് മാത്രം ശീലിച്ചവരെ ദേശാഭിമാനികളായി കാണുന്നവരാണ് സംഘപരിവാര്‍. അവരെ സംബന്ധിച്ച് രക്തസാക്ഷിത്വം ഒരു അപമാനമാണ്. മരണത്തിന് മുന്നിലും ബ്രിട്ടീഷ് പടയാളികളോട് പോരടിച്ച ധീരനായ വാരിയന്‍കുന്നത്തിന്റെ രക്തസാക്ഷിത്വത്തെ വിലമതിക്കാന്‍ സംഘപരിവാറിന് സാധിക്കാത്തതില്‍ യാതൊരത്ഭുതവുമില്ല.

എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ മലബാര്‍ സമരം എന്നറിയണമെങ്കില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്തിന്റെ ജീവിതവും മരണവും മാത്രം പരിശോധിച്ചാല്‍ മതി.

വെടിവെച്ചു കൊല്ലുന്നതിന് മുമ്പ് ബ്രിട്ടീഷുകാര്‍ ചോദിച്ചു അവസാനമായി നിങ്ങള്‍ക്ക് വല്ല ആഗ്രഹുമുണ്ടോ. ധീരനായ ആ ഏറനാടന്‍ മാപ്പിള ഇങ്ങനെ പറഞ്ഞു. ആഗ്രഹമുണ്ട്. ഞങ്ങള്‍ മാപ്പിളമാര്‍ ജീവിതം മാത്രമല്ല, മരണവും അന്തസ്സോടെ വേണമെന്നാഗ്രഹിക്കുന്നവരാണ്. നിങ്ങള്‍ ഇംഗ്ലീഷുകാര്‍ കണ്ണും കാതുമൊക്കെ കെട്ടി പിന്നില്‍ നിന്ന് വെടിവെച്ചുകൊല്ലുകയാണ് പതിവ് എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ അപമാനകരമായ മരണം ഏറ്റുവാങ്ങാന്‍ എനിക്ക് ആഗ്രഹമില്ല. കണ്ണുകെട്ടാതെ മുന്നില്‍ നിന്ന് നെഞ്ചിലേക്ക് വെടിവെക്കണം. മലബാര്‍ വിപ്ലവത്തിന്റെ ധീരനായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വാക്കുകളായിരുന്നു ഇത്.

ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ അന്നത്തെ മദ്രാസ് പ്രഡിഡന്‍സിയുടെ ഭാഗമായിരുന്ന ഏറനാട് വള്ളുവനാട് താലൂക്കുകളില്‍ ഒരു നൂറ്റാണ്ടിനടുത്ത് കാലം തുടര്‍ച്ചയായി നടന്ന കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളാണ് മലബാര്‍ സമരം എന്നറിയപ്പെടുന്നത്. ഈ പ്രക്ഷോഭങ്ങളുടെയെല്ലാം ഒടുവിലെത്തെയും ഐതിഹാസികവുമായ അധ്യായമായിരുന്നു 1921 ലെ മലബാര്‍ യുദ്ധം.

പടച്ചവന്റെ മണ്ണില്‍ ബ്രിട്ടീഷുകാര്‍ക്ക് ചുങ്കം കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന ഏറനാട്ടെ മാപ്പിളമാരുടെ വിശ്വാസപരമായ നിലപാടും, ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ പൊറുതിമുട്ടേണ്ടി വന്ന ജനങ്ങളുടെ ജീവിതസാഹചര്യങ്ങളും തുര്‍ക്കിയിലെ സുല്‍ത്താന് ഇസ്ലാമിക ലോകത്തിന്റെ ഖലീഫ എന്ന നിലയിലുണ്ടായിരുന്ന സ്ഥാനം എടുത്തുമാറ്റിയ ബ്രിട്ടനെതിരെ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയില്‍ രൂപം കൊണ്ട ഖിലാഫത്ത് മുന്നേറ്റത്തെ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനം പിന്തുണച്ചതുമെല്ലാമായിരുന്നു മലബാര്‍ പ്രക്ഷോഭങ്ങള്‍ക്ക് ചരിത്ര പശ്ചാത്തലമായത്.

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള സ്വതന്ത്ര ദാഹവും ഖിലാഫത്ത് പ്രസ്ഥാനം പകര്‍ന്നുനല്‍കിയ രാഷ്ട്രീയ അഭിലാഷങ്ങളും ബ്രിട്ടീഷ് സൈന്യത്തിന്റെ ക്രൂരമായ മര്‍ദന നടപടികളോടുള്ള ജനസാമാന്യത്തിന്റെ പകയും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ മലബാറിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ ആവേശഭരിതമായ പോരാട്ടഭൂമികയായി മാറി. ഏറനാട്ടിലെയും വള്ളുവനാട്ടിലെയും കര്‍ഷകരും തൊഴിലാളികളും കച്ചവടക്കാരുമെല്ലാമായിരുന്ന മാപ്പിളമാര്‍ പോരാളികളായി മാറി. ആ പോരാട്ടങ്ങളുടെ ധീരനായ അമരക്കാരനായിരുന്നു വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

ഖിലാഫത്ത് പ്രസ്ഥാനത്തിന് ആശയപരമായ നേതൃത്വം നല്‍കി ബ്രിട്ടീഷുകാര്‍ക്കെതിരെ നിലകൊണ്ട ആലി മുസ്ലിയാരുടെ സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം. ബ്രിട്ടിഷ് ഭരണത്തിന് കീഴില്‍ നിന്ന് ഏതാനും ഗ്രാമങ്ങളെ വിമോചിപ്പിച്ച് ഒരു സമാന്തര ഭരണകൂടം സ്ഥാപിക്കാന്‍ സാധിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു വാരിയന്‍കുന്നത്ത്. 75,000ത്തോളം അംഗങ്ങള്‍ വരുന്ന ഒരു വലിയ സേനയെ കൂടെ നിര്‍ത്തി താന്‍ രൂപം നല്‍കിയ സ്വതന്ത്ര റിപ്പബ്ലികിന് അദ്ദേഹം നല്‍കിയ പേര് മലയാള രാജ്യം എന്നായിരുന്നു.

1921 ലെ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ബ്രിട്ടീഷുകാര്‍ വാരിയന്‍കുന്നത്തിനെയും പടയാളികളെയും കീഴ്പ്പെടുത്തി. മൃഗീയമായ മര്‍ദനങ്ങള്‍ക്കിരയാക്കി. വാരിയന്‍കുന്നത്തിന്റെ താടിമീശയിലെ രോമങ്ങള്‍ പിഴുതെടുത്തു. ഒടുവില്‍ മൃതപ്രായനായ അദ്ദേഹത്തിന് ബ്രിട്ടീഷുകാര്‍ ഒരു ഓഫര്‍ മുന്നോട്ടുവെച്ചു. നിങ്ങള്‍ മാപ്പ് പറഞ്ഞ് സമരത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായാല്‍ ശിഷ്ടകാലം മക്കയില്‍ സുഖമായി ജീവിക്കാന്‍ അനുവദിക്കാം എന്ന്. അതിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

മക്കയെനിക്കിഷ്ടമാണ്. പക്ഷേ നിങ്ങളറിയണം. ഞാന്‍ പിറന്നുവീണത് മക്കയിലല്ല, സമരപോരാട്ടങ്ങളുടെ വീരേതിഹാസങ്ങളുറങ്ങുന്ന ഏറനാടിന്റെ മണ്ണിലാണ്. ഈ മണ്ണില്‍ ഞാന്‍ മരിച്ചുവീഴും. ഈ മണ്ണില്‍ ഞാന്‍ ലയിച്ചു ചേരും. ഒടുവില്‍ അദ്ദേഹത്തെ വെടിവെച്ചുകൊല്ലാന്‍ സൈന്യം തീരുമാനിച്ചപ്പോള്‍ പിറന്നനാടിന് വേണ്ടി രക്തസാക്ഷിയാവാന്‍ സാധിക്കുന്നുവെന്നതിലെ സന്തോഷമാണ് വാരിയന്‍കുന്നത്ത് പ്രകടിപ്പിച്ചത്.

നെല്ലിക്കുത്തിലെ സമ്പന്നനായ മരവ്യാപാരി ചക്കിപ്പറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെയും തുവ്വൂര്‍ പറവട്ടില്‍ കുഞ്ഞായിശയുടെയും മകനായി 1873 ലാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ജനിച്ചത്. 1894 ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ മണ്ണാര്‍ക്കാട് നടന്ന പ്രക്ഷോഭത്തിന്റെ പേരില്‍ വാരിയന്‍കുന്നത്തിന്റെ പിതാവ് മൊയ്തീന്‍കുട്ടി ഹാജിയെ അന്നത്തെ ബ്രിട്ടീഷ് കോടതി അന്തമാനിലേക്ക് നാടുകടത്തി. അദ്ദേഹത്തിന്റെ തറവാടിന്റെ 200 ഏക്കര്‍ ഭൂമി കണ്ടുകെട്ടുകയും ചെയ്തു. പിന്നീട് ഉമ്മയുടെ വീട്ടില്‍ വളര്‍ന്ന വാരിയന്‍കുന്നത്ത് ചെറിയ പ്രായത്തില്‍ തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടങ്ങളില്‍ അണിനിരക്കുകയായിരുന്നു. ചെറുപ്പത്തിലെ മലയാളത്തിലും ഇംഗ്ലീഷിലും നല്ല വിദ്യാഭ്യാസം നേടി. അന്ന് ബ്രിട്ടീഷുകാര്‍ നിരോധിച്ച ചേരൂര്‍ പടപ്പാട്ടും വീരസങ്കീര്‍ത്തനങ്ങളും അവതരിപ്പിക്കുന്ന സദസ്സുകള്‍ അദ്ദേഹം നിരന്തരമായി സംഘടിപ്പിച്ചു.

യുവാവായിരിക്കെ പ്രാദേശികമായി വ്യാപാരങ്ങള്‍ നടത്തിയിരുന്ന അദ്ദേഹം പൊതുരംഗത്ത് സജീവമായ ഇടപെടലുകള്‍ക്ക് തുനിഞ്ഞിറങ്ങി. കച്ചവടത്തില്‍ ലഭിക്കുന്ന സമ്പത്ത് ദരിദ്രര്‍ക്കും കുടിയാന്മാര്‍ക്കും വീതം വെച്ചു നല്‍കി. നേര്‍ച്ച, അന്നദാനം, അതിന്റെ ഭാഗമായ കോല്‍ക്കളി ദഫ്മുട്ട് എന്നിവയുടെയെല്ലാം സംഘാടകനായി കുഞ്ഞഹമ്മദ് ഹാജി പ്രശസ്തി നേടി. എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ഇടപെട്ടു. ലോകപരിചയം, മികച്ച ഭാഷാ പരിജ്ഞാനം, സ്വതസ്സിദ്ധമായ സംസാര ചാതുരി, എന്നിവയെല്ലാം അദ്ദേഹത്തിന് കൈമുതലായി ഉണ്ടായിരുന്നു. ”സുല്‍ത്താന്‍ കുഞ്ഞഹമ്മദ്” എന്നായിരുന്നു അന്ന് ഹാജി അറിയപ്പെട്ടിരുന്നത്.

ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത് സേനയുടെ കേണലുമായിട്ടായിരുന്നു വാരിയന്‍കുന്നന്‍ ചമഞ്ഞിരുന്നത് എന്നാണ് അന്നത്തെ ഡെപ്യൂട്ടി കളക്ടര്‍ സി. ഗോപാലന്‍ നായര്‍ കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് പറഞ്ഞത്.

ഹാജിയുടെ വ്യക്തി പ്രഭാവം രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറത്ത് പോലും ശ്രദ്ധിക്കപ്പെട്ടിരുന്നു. വാരിയന്‍കുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെ പറ്റിയും, മലബാര്‍ കലാപത്തെ പറ്റിയും ചൈനീസ് വിപ്ലവകാരി മാവോ സേതൂങ്, സോവിയറ്റ് യൂണിയന്‍ വിപ്ലവ നേതാവ് വ്ലാഡിമിര്‍ ലെനിന്‍ എന്നിവര്‍ കുറിപ്പുകള്‍ തയ്യാറാക്കിയെന്നത് തന്നെ മലബാറിലെ കുഗ്രാമങ്ങളില്‍ ബ്രിട്ടീഷ് പട്ടാളത്തെ നേരിട്ട ഹാജി നേടിയ പ്രസിദ്ധിയാണ് വരച്ചു കാട്ടുന്നത് എന്നാണ് മലബാര്‍ കലാപത്തിന്റെ ശതാബ്ദി ചിന്തകള്‍ എന്ന പുസ്തകത്തില്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് എഴുതിയത്.

ഡോ. കെ.കെ.എന്‍ കുറുപ്പ്

”മലബാറിലെ ഒരു വിപ്ലവകാരിയെ പിടിക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യം ചിലവഴിച്ച പണവും സമയവും കണക്കെടുത്താല്‍ മാത്രം മതി ഈ ലഹളക്കാരന്‍ എത്രത്തോളം അപകടകാരിയായിരുന്നുവെന്നു മനസ്സിലാക്കാന്‍” എന്ന് അന്നത്തെ മലബാര്‍ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്ക് അദ്ദേഹത്തിന്റെ പെസന്റ് റിവോള്‍ട്ട് ഇന്‍ മലബാര്‍ എന്ന പുസ്തകത്തില്‍ എഴുതിയിരുന്നു.

ബ്രിട്ടീഷ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ കാരണം സൈന്യത്തിന്റെ നോട്ടപ്പുള്ളിയായ വാരിയന്‍കുന്നത്തിന് പിടിയിലകപ്പെടാതിരിക്കാനായി പല തവണ നാടുവിടേണ്ടി വന്നു. ഇക്കൂട്ടത്തില്‍ ബോംബെയില്‍ പോയി താമസിച്ചു. അവിടെ വെച്ച് ഹിന്ദി, ഉറുദു, അറബി ഭാഷകള്‍ പഠിച്ചു.
പിന്നീട് തിരിച്ചുവന്ന ശേഷം 1896 ലെ കലാപത്തില്‍ അദ്ദേഹത്തിന് പങ്കുണ്ട് എന്നാരോപിച്ച് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ മക്കയിലേക്ക് നാടുകടത്തി. അവിടെ വെച്ച് അദ്ദേഹം ഹജ്ജ് ചെയ്തു. 1905 ലാണ് പിന്നീട് തിരിച്ചെത്തിയത്.

1920 ജൂലൈ 18 ന് കോഴിക്കോട് ജൂബിലി ഹാളില്‍ നടന്ന ഖിലാഫത്ത് കമ്മിറ്റി രൂപീകരണ യോഗം മുതല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് ഭരണത്തിനെതിരെയും അക്കാലത്തെ സാധാരണക്കാരെ ബുദ്ധിമുട്ടിച്ചിരുന്ന ജന്മിവാഴ്ചക്കെതിരെയും അദ്ദേഹം ഒരുപോലെ പോരാടി. സ്ഥാനമാനങ്ങള്‍ നല്‍കി പ്രലോഭനങ്ങളിലൂടെ അദ്ദേഹത്തെ വശത്താക്കാനുള്ള ബ്രിട്ടീഷ് തന്ത്രങ്ങളും പരാജയപ്പെടുകയാണുണ്ടായത്.

ഇന്ന് സംഘപരിവാര്‍ വാരിയന്‍കുന്നത്തിനെ ഹിന്ദുവിരുദ്ധന്‍ എന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അറിയേണ്ട ചില ചരിത്രങ്ങളുണ്ട്. കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ളവര്‍ ഹിന്ദുക്കള്‍ ഉപദ്രവിക്കപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തിയിരുന്നു എന്നും ആരെങ്കിലും ഹിന്ദുക്കളെ ഉപദ്രവിച്ചാല്‍ അവരെ കഠിനമായി ശിക്ഷിച്ചിരുന്നു എന്നുമാണ് മലയാളത്തിന്റെ വിഖ്യാതചരിത്രകാരന്‍ കെ.എന്‍. പണിക്കര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തിരൂരങ്ങാടി കലാപാനന്തരം ആലിമുസ്ലിയാരെ രക്ഷിക്കാന്‍ വേണ്ടി ആനക്കയത്ത് നിന്നും ആറായിരത്തിലധികം ഖിലാഫത്ത് പോരാളികള്‍ക്കൊപ്പം പുറപ്പെട്ട ഹാജിയുടെ കൂടെ അഞ്ഞൂറിലധികം ഹിന്ദുക്കളുമുണ്ടായിരുന്നു. വാരിയന്‍കുന്നത്തിന്റെ പാണ്ടിക്കാട്ടെ മാപ്പിളസേനയുടെ നായകന്‍ നാരായണന്‍ നമ്പീശന്‍ എന്ന ഹിന്ദു മതവിശ്വാസിയായിരുന്നു.

കെ.എന്‍. പണിക്കര്‍

ഒറ്റുകാരെയും ബ്രിട്ടീഷുകാരെയും സമരക്കാര്‍ വകവരുത്തിയിട്ടുണ്ട്. അവരില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഉണ്ടായിരുന്നു. അതേ സമയം ഹിന്ദുവീടുകള്‍ക്ക് അക്രമകാരികളില്‍ നിന്നും മുസ്ലിങ്ങള്‍ കാവല്‍ നിന്നിരുന്നു. ഖിലാഫത്തുകാര്‍ ഹിന്ദു സ്ത്രീകളെ മഞ്ചലില്‍ എടുത്ത് അവരുടെ വീടുകളില്‍ എത്തിച്ചുകൊടുത്ത സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട് എന്നാണ് കഴിഞ്ഞ കാലം എന്ന തന്റെ കൃതിയില്‍ കെ.പി കേശവമേനോന്‍ രേഖപ്പെടുത്തിയിട്ടുലുള്ളത്.

ഇത് ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള കലാപമാണെന്ന് പുറം രാജ്യങ്ങളില്‍ ചിലര്‍ പറഞ്ഞുപരത്തുന്നുണ്ട്. വെള്ളക്കാരും അവരുടെ ശില്‍ബന്ധികളായ ജന്മിമാര്‍ക്കുമെതിരായ പോരാട്ടമാണിത് എന്നാണ് വാരിയന്‍കുന്നത്ത് തന്നെ ഒരിക്കല്‍ പ്രസംഗിച്ചിട്ടുള്ളത്.

വാരിയന്‍കുന്നത്തിനെ ഒരിക്കല്‍ നേരിട്ട് കണ്ട സന്ദര്‍ഭം സര്‍ദാര്‍ ചന്ത്രോത്ത് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. മെലിഞ്ഞ് കറുത്ത് കവിളൊട്ടി താടിയില്‍ രോമം വളര്‍ത്തി വെള്ള ഷര്‍ട്ടും കോട്ടും ധരിച്ച് ചുവന്ന രോമത്തൊപ്പിയണിഞ്ഞ് അതിന് ചുറ്റും ഉറുമാല് കെട്ടി കാലില്‍ ചെരിപ്പും കയ്യില്‍ വാളുമായി നില്‍ക്കുന്ന ധീരനേതാവിനെ കണ്ടപ്പോള്‍ അവിടെ കൂടിയിരുന്ന എല്ലാവരുടെയും ഹൃദയം പടപടാ മിടിച്ചു. അദ്ദേഹത്തിന്റെ കണ്ണുകള്‍്ക്ക് ക്രാന്ത ശക്തിയുണ്ടായിരുന്നു. സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തിയ, സോവിയറ്റ് യൂണിയന്‍ ആദരവോടെ നോക്കിക്കണ്ട കുഞ്ഞഹമ്മദ് ഹാജിയായിരുന്നു അത്.

1922 ജനുവരി 20ന് ഉച്ചയ്ക്ക് മലപ്പുറം മഞ്ചേരി റോഡിലെ കോട്ടക്കുന്ന് ചെരിവില്‍ വെച്ച് ഹാജിയെയും സഹായികളെയും ബ്രിട്ടീഷ് സൈന്യം വെടിവെച്ച്കൊന്നു. വെടിയുതിര്‍ത്തിന് ശേഷം അവരുടെ മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. മാപ്പിളമാര്‍ അവരുടെ വിശ്വാസപ്രകാരം മൃതദേഹങ്ങള്‍ മറവ് ചെയ്യാതിരിക്കാനായിരുന്നു അത്. മൃതദേഹത്തോടൊപ്പം മലയാളരാജ്യത്തിന്റെ സര്‍വരേഖകളും ബ്രിട്ടീഷുകാര്‍ ചുട്ടുചാമ്പലാക്കി.

ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ ആര്‍ക്കെങ്കിലും ശക്തമായ സമരം നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ നിശ്ചയധാര്‍ഡ്യവും ധൈര്യവും ആര്‍ക്കെങ്കിലും അവകാശപ്പെടാമെങ്കില്‍ അത് ധൈര്യശാലികളും പാവപ്പെട്ടവരുമായ ഈ മുസ്ലിം കര്‍ഷകര്‍ക്കാണ് എന്നാണ് 1946 ല്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ പ്രസംഗത്തില്‍ എ.കെ.ജി മലബാര്‍ വിപ്ലവത്തെക്കുറിച്ച് പറഞ്ഞത്.

ബ്രിട്ടീഷ് സൈന്യത്തിന് നേരെ ഇന്ത്യയിലെ സാധാരണക്കാരായ പൗരന്‍മാര്‍ നേര്‍ക്കുനേര്‍ നിന്ന് പോരാടിയ, സ്വാതന്ത്ര്യസമരത്തിലെ അത്യുജ്വല സംഭവങ്ങളിലൊന്നായ ഒരു ജനകീയ പോരാട്ടത്തെയാണ് അത്തരമൊരു പാരമ്പര്യവുമവകാശപ്പെടാനില്ലാത്ത സംഘപരിവാര്‍ ഇന്ന് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. മലബാര്‍ വിപ്ലത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടിയായി കമ്പളത്ത് ഗോവിന്ദന്‍ നായരുടെ ഏറനാടിന്‍ ധീരമക്കള്‍ എന്ന ഈ കവിതയിലെ വരികള്‍ മാത്രം മതിയാകും.

ഞങ്ങളുണ്ടാക്കുന്ന നെല്ല് ജന്മിമാരെ തീറ്റുവാന്‍
സമ്മതിക്കില്ലെന്നതാണീ ഹേതു ഏറ്റുമുട്ടുവാന്‍
ഞങ്ങളുടെ കാശ് വാങ്ങി ഇംഗ്ലണ്ടിലേക്കയയ്ക്കുവാന്‍
സമ്മതിക്കില്ലെന്നതാണീ ഹേതു ഏറ്റുമുട്ടുവാന്‍

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: 1921 – Malabar – Revolt  – Variyankunnath – Life – History

ഷഫീഖ് താമരശ്ശേരി
മാധ്യമപ്രവര്‍ത്തകന്‍