റോക്കിഭായിയില്‍ നിന്ന് പ്രചോദനം, പ്രശസ്തിക്ക് വേണ്ടി തേടിപ്പിടിച്ച് കൊലപ്പെടുത്തിയത് നാലു പേരെ; 19കാരന്‍ സീരിയല്‍ കില്ലര്‍ പിടിയില്‍
national news
റോക്കിഭായിയില്‍ നിന്ന് പ്രചോദനം, പ്രശസ്തിക്ക് വേണ്ടി തേടിപ്പിടിച്ച് കൊലപ്പെടുത്തിയത് നാലു പേരെ; 19കാരന്‍ സീരിയല്‍ കില്ലര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd September 2022, 9:23 pm

ഭോപാല്‍: അഞ്ച് ദിവസത്തിനിടെ നാലുപേരെ കൊലപ്പെടുത്തിയ 19കാരനായ സീരിയല്‍ കില്ലര്‍ പിടിയില്‍.

മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലായിരുന്നു നടുക്കുന്ന കൊലപാതകങ്ങള്‍ നടന്നത്. 19കാരനായ കേസ്‌ലി സ്വദേശി ശിവപ്രസാദ് ധ്രുവെ ആണ് പൊലീസിന്റെ പിടിയിലായത്.

അഞ്ച് ദിവസത്തിനിടെ നാല് സെക്യൂരിറ്റി ജീവനക്കാരെയാണ് പ്രതി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു ശിവപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ മൂന്നരയോടെ പ്രതിയെ പിടികൂടുന്നതിനു തൊട്ടുമുമ്പും ഇയാള്‍ കൊലപാതകം നടത്തിയതായി പൊലീസിനെ ഉദ്ധരിച്ച് ടൈംസ്‌നൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മേയില്‍ മറ്റൊരു സുരക്ഷാജീവനക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

വ്യാഴാഴ്ച രാത്രി ഭോപാലിലെ ലാല്‍ഘാട്ടി പ്രദേശത്ത് കാവല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണ് ശിവപ്രസാദിനെ പൊലീസ് പിടികൂടിയത്.സൂപ്പര്‍ഹിറ്റ് സിനിമയായ കെ.ജി.എഫ് 2ലെ റോക്കിഭായിയാണ് തന്റെ പ്രചോദനമെന്നും സമ്പത്തുണ്ടാക്കി ഗ്യാങ്സ്റ്ററായി പേരെടുക്കാനാണു കൊലപാതകങ്ങള്‍ നടപ്പാക്കിയതെന്നും പ്രതി മൊഴി നല്‍കി.

ഭാവിയില്‍ പൊലീസുകാരെ വധിക്കാനും പ്രതി ലക്ഷ്യമിട്ടിരുന്നു. ‘പ്രശസ്തി’ നേടുക എന്നതായിരുന്നു ലക്ഷ്യം. അതിനാലാണ് ഉറങ്ങിക്കിടക്കുന്ന കാവല്‍ക്കാരെ തേടിപ്പിടിച്ചു കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

എട്ടാം ക്ലാസ് വരെ പഠിച്ച ശിവപ്രസാദ് ഗോവയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇയാളുടെ ഫോണിന്റെ നെറ്റ്‌വര്‍ക്ക് പിന്തുടര്‍ന്നായിരുന്നു അന്വേഷണമെന്നു ഡി.ജി.പി സുധീര്‍ സക്സേന പറഞ്ഞു.

മൂന്ന് ദിവസത്തിനിടെയായിരുന്നു പ്രദേശത്ത് മൂന്ന് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടത്. ഇതോടെയാണ് സീരിയല്‍ കില്ലറാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളുടെ രേഖാചിത്രവും അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. ഉത്തം രജക്, കല്യാണ്‍ ലോധി, ശംഭുറാം ദുബെ, മംഗള്‍ അഹിര്‍വാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന കാവല്‍ക്കാരനായ മംഗള്‍ അഹിര്‍വാര്‍ എന്നയാള്‍ നല്‍കിയ സൂചനകളാണ് പ്രതിയെ പിടിക്കാന്‍ പൊലീസിനെ സഹായിച്ചത്. ചുറ്റികയോ കല്ലോ പോലുള്ള വസ്തുവോ ഉപയോഗിച്ച് തലയോട്ടി തകര്‍ത്താണ് ഇയാള്‍ ആളുകളെ കൊന്നിരുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Content Highlight: 19 year old boy arrested for killing security workers, says inspired from rockybhai movie