രാജ്യത്തെ യൂണിവേഴ്‌സിറ്റികളില്‍ മൂന്ന് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 15 വിദ്യാര്‍ത്ഥികള്‍
national news
രാജ്യത്തെ യൂണിവേഴ്‌സിറ്റികളില്‍ മൂന്ന് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 15 വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd April 2023, 7:28 pm

ന്യൂദല്‍ഹി: രാജ്യത്തെ യൂണിവേഴ്‌സിറ്റികളില്‍ ഈ വര്‍ഷം മാത്രം പതിനഞ്ച് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ഇതില്‍ ഒമ്പത് പേര്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ളവരാണ്. ഐ.ഐ.ടികളിലും എന്‍.ഐ.ടികളിലും മൂന്ന് വീതം വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതായാണ് ലോക്‌സഭയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

2018നും 2020നുമിടയിലുള്ള കാലഘട്ടത്തില്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 103 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2018, 2019 വര്‍ഷങ്ങളില്‍ 20 കുട്ടികള്‍ വീതവും 2020ല്‍ 13 പേരും 2021ല്‍ 10 പേരുമാണ് ആത്മഹത്യ ചെയ്തത്.

2022ല്‍ 25 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. ഐ.ഐ.ടികളിലാണ് ഏറ്റവുമധികം ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 9 പേരാണ് കഴിഞ്ഞ വര്‍ഷം മാത്രം ഐ.ഐ.ടികളില്‍ ആത്മഹത്യ ചെയ്തത്.

2020ല്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും (AIIMS) കേന്ദ്ര സര്‍വകലാശാലകളിലുമായി എട്ടു പേരും ഐ.ഐ.ടികളില്‍ മൂന്ന് പേരും സ്വയം ജീവനൊടുക്കി.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയം വളരെ ഗൗരവമായാണ് കാണുന്നതെന്നും ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു.

ജാതി വിവേചനമുള്‍പ്പെടെയുള്ള വിഷയങ്ങളാണ് പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. ഐ.ഐ.ടി ബോംബൈയിലെ വിദ്യാര്‍ത്ഥിയായിരുന്ന ദര്‍ശന്‍ സോളങ്കി കഴിഞ്ഞ ഫെബ്രുവരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. ദളിതനായിരുന്നതിനാല്‍ നേരിട്ട ജാതി വിവേചനത്തെ തുടര്‍ന്നാണ് സോളങ്കി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

മകന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് കൊടുത്തതിനെ തുടര്‍ന്ന് പൊലീസ് ഉപദ്രവിക്കുന്നതായി ദര്‍ശന്‍ സോളങ്കിയുടെ പിതാവ് പരാതി ഉന്നയിച്ചിരുന്നു. വിഷയമുന്നയിച്ചു കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെക്ക് കുടുംബം പരാതി നല്‍കിയിരുന്നു.

പൊലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും മനോഭാവം അത്ഭുതമുണ്ടാക്കുന്നതായും പിതാവ് രമേശ് സോളങ്കി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം നടന്ന് ആഴ്ചകളായിട്ടും പൊലീസ് എഫ്.ഐ.ആര്‍ എടുക്കാന്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

Content Highlights: 15 students from higher education institutions committ suicide in 2023