പതിമൂന്നാമത്തെ വര്‍ഷത്തിലും വോട്ടില്ലാത്ത ചെങ്ങറ സമരക്കാര്‍
Dalit Life and Struggle
പതിമൂന്നാമത്തെ വര്‍ഷത്തിലും വോട്ടില്ലാത്ത ചെങ്ങറ സമരക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th November 2020, 8:45 pm

പത്തനംതിട്ട ജില്ലയിലെ ചെങ്ങറയില്‍ ഭൂരഹിത കുടുംബങ്ങള്‍ കുടില്‍കെട്ടി താമസമാക്കിയിട്ട് പതിമൂന്ന് വര്‍ഷം പിന്നിട്ടുകഴിഞ്ഞു. നിരവധി തെരഞ്ഞെടുപ്പുകള്‍ ഇതിനിടെ കഴിഞ്ഞുപോയെങ്കിലും ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശമായ വോട്ടവകാശം ഇനിയും ഈ കുടുംബങ്ങള്‍ക്ക് ലഭ്യമായിട്ടില്ല. മിക്ക കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് പോലുമില്ല.

598 കുടുംബങ്ങളിലായി 3000ത്തിലേറെ പേര്‍ക്കാണ് ഇപ്പോഴും ഇവിടെ വോട്ടവകാശം നിഷേധിക്കപ്പെടുന്നത്. മലയാലപ്പുഴ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പെടുന്ന കുമ്പഴ എസ്‌റ്റേറ്റിലാണ് ചെങ്ങറ സമരഭൂമി. ഹാരിസണ്‍സ് മലയാളം കമ്പനിയുടെ പേരിലുള്ള ഭൂമിയിലാണ് ചെങ്ങറ സമരക്കാര്‍ കുടില്‍ കെട്ടി താമസം തുടങ്ങിയത്.

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാന്‍ ഇവിടുത്തെ കുടുംബങ്ങള്‍ അപേക്ഷ നല്‍കിയിട്ട് കാലങ്ങളായി. പക്ഷേ ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. ഭൂമി തങ്ങളുടേതാണെന്നും അനധികൃതമായി താമസിക്കുന്നവര്‍ക്ക് വോട്ടവകാശം നല്‍കരുതെന്നും കാണിച്ച് ഹാരിസണ്‍സ് കത്ത് നല്‍കിയതിനാലാണ് വോട്ടവകാശം നല്‍കാനാകാന്‍ സാധിക്കാത്തതെന്നാണ് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

അതേ സമയം താമസഭൂമിയുടെ ഉടമസ്ഥ തര്‍ക്കം വോട്ടവകാശം നിരസിക്കാന്‍ കാരണമല്ലെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. മലയാലപ്പുഴ പഞ്ചായത്ത് സെക്രട്ടറിയാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികളും ഹാരിസണ്‍സും ചേര്‍ന്ന് നടത്തുന്ന ഗൂഢാലോചനയാണ് സമരക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നതിന് പിന്നിലെന്ന് സമരക്കാര്‍ പറയുന്നു.

‘സാധാരണ സ്ഥലങ്ങളില്‍ തെരഞ്ഞടുപ്പ് വരുമ്പോഴെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും അവരുടെ പ്രദേശത്തെ എല്ലാ ആളുകളെയും പോയി കാണുകയും അവര്‍ക്ക് സഹായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യും. എന്നാല്‍ ചെങ്ങറയിലെ കുടുംബങ്ങള്‍ക്ക് വോട്ടവകാശമില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് ഉണ്ടെങ്കില്‍ പോലും ആരും വരാറില്ല. വീട്, വൈദ്യുതി, കുടിവെള്ളം, ചികിത്സ തുടങ്ങി യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ചെങ്ങറക്കാര്‍ക്ക് ലഭിക്കുന്നില്ല. കേരളത്തിനകത്ത് ഈ രാജ്യത്തെ പൗരന്‍മാരല്ലാത്തതുപോലെ ജീവിക്കേണ്ട അവസ്ഥയാണ് ചെങ്ങറയിലുള്ളവര്‍ക്ക്. ഒരു പതിറ്റാണ്ടിലധികം കാലം ഓലക്കീറിനുള്ളിലും പ്ലാസ്റ്റിക് കൂരയ്ക്കുള്ളിലും മഴയും വെയിലും ദാരിദ്ര്യവും സഹിച്ച് കഴിഞ്ഞുകൂടിയിട്ടും സാധാരണ മനുഷ്യര്‍ക്ക് ലഭിക്കേണ്ട പൗരാവകാശങ്ങളൊന്നും ഈ കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.’ – ചെങ്ങറയിലെ സമരക്കാരില്‍ ഒരാളായ സുകുമാരന്‍ പനവേലി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ചെങ്ങറയുടെ ചരിത്രം

കേരളത്തിലെ ഭൂരഹിത വിഭാഗങ്ങളുടെ ഭൂമി-വിഭവാധികാര രാഷ്ട്രീയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുമണ്ഡലങ്ങളില്‍ കൊണ്ടുവരുന്നതിന് ചെങ്ങറ സമരം വലിയ പങ്ക് വഹിച്ചിരുന്നു. ഹാരിസണ്‍ മലയാളം വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധവുമായും കയ്യടക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ പ്ലീഡര്‍ തന്നെ കോടതിയില്‍ വ്യക്തമാക്കിയ തോട്ടംഭൂമികളില്‍ ഒന്നിലായിരുന്നു ചെങ്ങറ സമരം ആരംഭിച്ചത്.

ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ സാധുജന വിമോചന സയുക്ത വേദി 300 കുടുംബങ്ങളുമായി ആരംഭിച്ച സമരം രണ്ട് മാസം കൊണ്ട് 7000 കുടുംബങ്ങളായി വികസിച്ചു. സമരം ആരംഭിച്ച കാലങ്ങളില്‍ തന്നെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും സമരക്കാരും തമ്മില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. സമര പ്രവര്‍ത്തകര്‍ക്ക് സമര ഭൂമിക്ക് പുറത്ത് പോകാന്‍ കഴിയാത്ത വിധം അവര്‍ ഉപരോധവും അവര്‍ നേരിട്ടിരുന്നു. സമര ഭൂമിയിലേക്ക് അരിയും ഭക്ഷണ പദാര്‍ത്ഥങ്ങളും തുണിയുമായി എത്തിയ സാമൂഹ്യ പ്രവര്‍ത്തകരെ പുറത്ത് നിന്ന് തടയുകയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവങ്ങളുമുണ്ടായി.

ഹാരിസണ്‍ മലയാളം ഹൈക്കോടതിയില്‍ നിന്ന് വാങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സമരപ്രവര്‍ത്തകരെ തോട്ടംഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ 2008 മാര്‍ച്ചില്‍ വന്‍ പോലീസ് സന്നാഹം സമരഭൂമിയിലെത്തിയിരുന്നു. ഇത് വലിയതോതിലേക്കുള്ള സംഘര്‍ഷങ്ങള്‍ക്കും കാരണമായിരുന്നു. ഒരു കൈയ്യില്‍ മണ്ണണ്ണ നിറച്ച കന്നാസും മറുകൈയില്‍ തീപ്പട്ടിയുമായി സ്ത്രീകളും കുട്ടികളും, കഴുത്തില്‍ കുരുക്കിട്ട് മരത്തില്‍ നിന്ന് ചാടി ഏതു നിമിഷവും ആത്മാഹൂതി ചെയ്യാന്‍ തയ്യാറായി പുരുഷന്മാരും നിന്നാണ് പോലീസ് അധിനിവേശത്തെ അന്ന് അവര്‍ പ്രതിരോധിച്ചത്.

ഇത് സര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദ്ദങ്ങള്‍ രൂപപ്പെടുത്തി. തുടര്‍ന്ന് സര്‍ക്കാര്‍ നടത്തിയ സര്‍വ്വേ പ്രകാരം സമരഭൂമിയില്‍ 1738 കുടുംബങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുകയും കേരളത്തിലെ 10 ജില്ലകളിലായി 831 ഏക്കര്‍ ഭൂമി കണ്ടെത്തി 1495 കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു.

27 ആദിവാസി കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമിയും 1.25 ലക്ഷം രൂപ വീട്പണിയുന്നതിനും ഭൂരഹിതരായ 832 പട്ടികജാതി കുടുംബങ്ങള്‍ക്ക് അരയേക്കര്‍ ഭൂമിയും ഒരു ലക്ഷം രൂപയും അഞ്ച് സെന്ററില്‍മേല്‍ താഴെ ഭൂമിയുള്ള 573 കുടുംബങ്ങള്‍ക്ക് 10 മുതല്‍ 25 സെന്റ് ഭൂമിയും എഴുപത്തി അയ്യായിരം രൂപയും മരണപ്പെട്ട 12 പേര്‍ക്ക് സഹായം നല്‍കാമെന്നും സമരക്കാര്‍ക്കെതിരെ എടുത്തിട്ടുള്ള കേസുകള്‍ പിന്‍വലിക്കുമെന്നുമുള്ള വ്യവസ്ഥയില്‍ 2009 ഒക്ടോബര്‍ അഞ്ചിന് സമരം ഭാഗികമായി ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

എന്നാല്‍ ഈ കരാര്‍ പിന്നീട് ലംഘിക്കപ്പെട്ടു. പട്ടയം ലഭിച്ചു എന്നല്ലാതെ വളരെ കുറച്ച് പേര്‍ക്കൊഴികെ ആര്‍ക്കും ഭൂമി ലഭിച്ചില്ല. ഭൂമി ലഭിച്ചതാകട്ടെ മൂന്നാറിലെ ചില മൊട്ടക്കുന്നുകളിലും കാസര്‍ഗോട്ടെ തരിശ് നിലങ്ങളിലും കണ്ണൂരിലെ പെരിങ്ങോത്ത് പാറ പ്രദേശത്തുമായിരുന്നു. പട്ടയം കിട്ടി കബളിക്കപ്പെട്ടവര്‍ വീണ്ടും സംഘടിച്ചു. അങ്ങനെയാണ് കൊല്ലം ജില്ലയില്‍ അരിപ്പ ഭൂസമരമുണ്ടാകുന്നത്. ബാക്കിയുള്ള ചിലര്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടര്‍ന്നു.

Content Highligh: Chengra Land Struggle