മേഴ്‌സിരവി അന്തരിച്ചു
Kerala
മേഴ്‌സിരവി അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Sunday, 6th September 2009, 7:18 am


കൊച്ചി: കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുടെ ഭാര്യയും മുന്‍ എം.എല്‍.എയുമായ മേഴ്‌സി രവി (63) ചെന്നൈയില്‍ അന്തരിച്ചു. ദീര്‍ഘനാളായി വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നു പുലര്‍ച്ചെ 3.05നു മദ്രാസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വയലാര്‍ രവി, മക്കളായ രാഹുല്‍ കൃഷ്ണ, ലിസാ റോഹന്‍, ലക്ഷ്മി രവി, മരുമക്കളായ റോഹന്‍ രാഹുല്‍, നിഷാ പുരുഷോത്തമന്‍ തുടങ്ങിയവര്‍ അന്ത്യ സമയത്ത് ഒപ്പമുണ്ടായിരുന്നു. ഇന്ന് പത്തു മണിയോടെ മൃതദേഹം ചെന്നൈയില്‍ നിന്നു വിമാന മാര്‍ഗം കൊച്ചിയിലേക്കു കൊണ്ടുവരും. തുടര്‍ന്ന് ജവഹര്‍ നഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വെക്കും. സംസ്‌കാരം വൈകിട്ട് ആറു മണിക്ക് വയലാറിലെ വീട്ടുവളപ്പില്‍.

കട്ടിക്കാരന്‍ കുരുവിളയുടെയും മാള നെയ്തക്കുടി കടിച്ചിനി താണ്ടമ്മയുടെയും ആറു മക്കളില്‍ അഞ്ചാമതായി 1946 മാര്‍ച്ച് 18ന് എറണാകുളത്താണ് മേഴ്‌സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂള്‍, മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എട്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ 1969 ജൂണ്‍ ഒന്‍പതിന് വയലാര്‍ രവിയുമായി വിവാഹം.

രാഷ്ട്രീയപ്രവേശം വിവാഹത്തിനുശേഷമായിരുന്നു. സംസ്ഥാന മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഐ.എന്‍.ടി.യു.സി ദേശീയ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. ഇന്ദിരാ ഗാന്ധിയുടെ കടുത്ത ആരാധിക ആയിരുന്ന മേഴ്‌സി നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1996ല്‍ മാളയില്‍ നിന്നു നിയമസഭയിലേക്കു മല്‍സരിച്ചെങ്കിലും കന്നിയങ്കത്തില്‍ സി.പി.ഐയുടെ വി.കെ രാജനോട് പരാജയപ്പെട്ടു. 2001ല്‍ കോട്ടയം നിയോജക മണ്ഡലത്തില്‍ നിന്ന് സി.പി.ഐ.എമ്മിലെ വൈക്കം വിശ്വനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.