മകളുടെ ഫോട്ടോ കാണിച്ച് വിവാഹ വാഗ്ദാനം നല്‍കി 11 ലക്ഷം തട്ടി; ദമ്പതിമാര്‍ പിടിയില്‍
Kerala News
മകളുടെ ഫോട്ടോ കാണിച്ച് വിവാഹ വാഗ്ദാനം നല്‍കി 11 ലക്ഷം തട്ടി; ദമ്പതിമാര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th February 2022, 10:17 am

അരീക്കോട്: വിവാഹം വാഗ്ദാനം നല്‍കി യുവാവിനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ സ്വദേശി ചിറ്റിലക്കാട് വീട്ടില്‍ ബൈജു നസീര്‍, ഭാര്യ വര്‍ക്കല താഴെ വെട്ടൂര്‍ തെങ്ങറ സ്വദേശി റാഷിദ എന്നിവരാണ് അറസ്റ്റിലായത്.

11 ലക്ഷം രൂപയാണ് ദമ്പതിമാര്‍ യുവാവില്‍ നിന്ന് തട്ടിയെടുത്തത്. അരീക്കോട് കച്ചവടക്കാരനായ വാജിദിന്റെ പരാതിയിലാണ് പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.

അനാഥയും നിര്‍ധനയുമായ യുവതിയെ വിവാഹം ചെയ്യാനാണ് വാജിദ് ആഗ്രഹിച്ചിരുന്നതെന്ന് പൊലീസിനോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് റാഷിദ താന്‍ അനാഥാലയത്തില്‍ കഴിയുന്ന രോഗിയായ യുവതിയെന്ന് പറഞ്ഞ് വാജിദിനെ പരിചയപ്പെടുന്നത്.

റാഷിദയാണെന്ന് പറഞ്ഞ് യുവാവിനെ കാണിച്ചിരുന്നത് റാഷിദയുടെ രണ്ടാമത്തെ മകളുടെ ഫോട്ടോ ആയിരുന്നു. മകളുടെ ഫോട്ടോ കാണിച്ച് താന്‍ തൃശൂരിലെ അനാഥാലയത്തില്‍ കഴിയുകയാണെന്നും രോഗിയാണെന്നും റാഷിദ വാജിദിനോട് പറഞ്ഞു.

ഇതോടെ യുവതിയോട് അനുകമ്പ തോന്നിയ വാജിദ് 2021 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പലപ്പോഴായി 11 ലക്ഷം രൂപയോളമാണ് റാഷിദയുടെ അക്കൗണ്ടിലേക്ക് അയച്ച് നല്‍കിയത്.

എന്നാല്‍ വിവാഹകാര്യം പറയുമ്പോള്‍ യുവതി ഒഴിഞ്ഞു മാറുകയായിരുന്നെന്നും ഇതുവരേയും നേരിട്ട് കാണാന്‍ യുവതി സമ്മതിച്ചിരുന്നില്ലെന്നും വാജിദ് പൊലീസിനോട് പറഞ്ഞു.

ഇതോടെ ബാങ്ക് അക്കൗണ്ട് വഴി റാഷിദയുടെ മേല്‍വിലാസം കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം യുവാവ് മനസിലാക്കിയത്. ഇതേത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


Content Highlights: 11 lakh swindled out of marriage by showing daughter’s photo; Couple arrested