എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സി.ക്ക് 100 കോടി രൂപ കൂടി അനുവദിച്ചു
എഡിറ്റര്‍
Wednesday 20th March 2013 2:18pm

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ക്ക് 100 കോടി രൂപ കൂടി അനുവദിച്ചു. ബജറ്റില്‍ വകയിരുത്തിയ 100 കോടിക്ക് പുറമേയാണിത്. ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ മന്ത്രി കെ.എം മാണിയാണ് നിയസഭയില്‍ ഇക്കാര്യം അറിയിച്ചത്.

Ads By Google

സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ കൂടുതല്‍ സഹായം പ്രതീക്ഷിച്ചിരുന്നതായി ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞിരുന്നു.

കെ.എസ്.ആര്‍.ടി.സി ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നായിരുന്നു ആര്യാടന്റെ ആവശ്യം. 298.47 കോടി രൂപയുടെ അധികപദ്ധതികളാണ് ബജറ്റിന്റെ മറുപടിപ്രസംഗത്തില്‍ ധനമന്ത്രി പ്രഖ്യാപിച്ചത്.

ബജറ്റ്‌സഹായം 100 കോടിയില്‍ മാത്രം ഒതുക്കിയതില്‍ ആര്യാടന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സഹായം അനുവദിച്ചിരിക്കുന്നത്.

കെഎസ്ആര്‍ടിസിയെ എണ്ണകമ്പനികള്‍ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ പെടുത്തിയതിനാല്‍ ഡീസല്‍ വിലയിലുണ്ടായ വര്‍ധന സ്ഥാപനത്തിന് അധികബാധ്യത വരുത്തിയിരുന്നു.

അതേസമയം ഡീസല്‍ വില നിര്‍ണയത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന കെ.എസ്.ആര്‍.ടി.സിയുടെ ഹരജിയെ തുടര്‍ന്നാണ് ഐ.ഒ.സി പത്രിക നല്‍കിയത്.

ഡീസല്‍ വില നിര്‍ണായാധികാരം കമ്പനികള്‍ക്കാണെന്ന് നിയമമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐഒസി ഹൈക്കോടതിയില്‍ പത്രിക നല്‍കി.

ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ലെന്നും കമ്പനി കോടതിയില്‍ വാദിച്ചു. കേരള സര്‍ക്കാര്‍ ഡീസലിന് ഈടാക്കുന്ന നികുതി കുറക്കുകയാണെങ്കില്‍ സബ്‌സിഡി നിരക്കില്‍ എണ്ണ നല്‍കാനാവുമെന്നും കമ്പനി ചൂണ്ടിക്കാട്ടി.

അതേസമയം ഇക്കാര്യത്തില്‍ ഐ.ഒ.സിയുടേത് ഇരട്ടത്താപ്പാണെന്നാണ് ആരോപണം. കെ.എസ്.ആര്‍.ടി.സിയ്ക്ക് ഡീസല്‍ സബ്‌സിഡി നല്‍കാന്‍ വിമുഖത കാട്ടുന്ന ഐ.ഒ.സി തമിഴ്‌നാടിന് സബ്‌സിഡി അനുവദിച്ചു. തമിഴ്‌നാട് കോടതിയിലെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് സബ്‌സ്ഡി നിരക്കില്‍ ഡീസല്‍ നല്‍കാന്‍ കമ്പനി തയ്യാറായത്.

ഇത് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയെ സമീപിച്ചത്.

 

Advertisement