ഏകാധിപത്യത്തിനെതിരായ സിറിയന്‍ പോരാട്ടം ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ | പി.കെ. നിയാസ്
Syrian Civil War
ഏകാധിപത്യത്തിനെതിരായ സിറിയന്‍ പോരാട്ടം ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ | പി.കെ. നിയാസ്
പി കെ നിയാസ്
Monday, 15th March 2021, 5:54 pm
പത്ത് വര്‍ഷം പിന്നിടുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തിലെ മനുഷ്യക്കുരുതികളുടെ കഥകള്‍ വിവരിക്കുകയാണ് ലേഖകന്‍

സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് ഇന്ന് പത്തു വര്‍ഷം തികയുന്നു. തുനീഷ്യ, ഈജിപ്ത്, ലിബിയ, യമന്‍ തുടങ്ങി അറബ് മേഖലയിലെ ഏകാധിപതികളായ ഭരണാധികാരികള്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട ജനരോഷം തന്നെയാണ് സിറിയയിലും ഉണ്ടായത്. എല്ലായിടങ്ങളിലും സംഭവിച്ചതുപോലെ നിരായുധരായ ജനങ്ങള്‍ തന്നെയാണ് അവിടെയും പ്രക്ഷോഭ രംഗത്തുണ്ടായിരുന്നത്. എന്നാല്‍, ജനകീയ മുന്നേറ്റത്തെ സൈനികമായി അടിച്ചമര്‍ത്താന്‍ ഏകാധിപതിയായ ബശ്ശാറുല്‍ അസദ് തുനിഞ്ഞതോടെ സിറിയന്‍ വിപ്ലവത്തിനും ചോരയുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടു തുടങ്ങി.

പത്തു വര്‍ഷം തികയുമ്പോള്‍ പരിഷ്‌കൃത ലോകം അപമാനത്താല്‍ തലതാഴ്‌ത്തേണ്ട വാര്‍ത്തകളാണ് സിറിയയില്‍ നിന്ന് പുറത്തുവരുന്നത്. ഇത്രയധികം മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ട ഒരു ആഭ്യന്തര യുദ്ധത്തിന് സമീപകാലം സാക്ഷ്യം വഹിച്ചിട്ടില്ല. യുദ്ധം ഇതിനകം അഞ്ചു ലക്ഷത്തിലേറെ സിവിലിയന്മാരുടെ ജീവനെടുത്തു. പത്തു ലക്ഷത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പന്ത്രണ്ട് ലക്ഷം പേര്‍ ഭവനരഹിതരായി. അവരില്‍ ഭൂരിഭാഗവും അന്യരാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നു.

യുദ്ധം അഭയാര്‍ഥികളാക്കിയവരുടെ എണ്ണം 66 ലക്ഷമാണെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി (യു.എന്‍.എച്ച്.സി.ആര്‍) കണക്കാക്കിയിട്ടുണ്ട്. ഇവരില്‍ 37 ലക്ഷത്തിനും ആതിഥ്യമരുളുന്നത് തുര്‍ക്കിയാണ്.

സിറിയന്‍ നെറ്റ് വര്‍ക്ക് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടനുസരിച്ച് അസദ് ഭരണകൂടം 14,315 പേരെ പീഡന കേന്ദ്രങ്ങളില്‍ മൃഗീയമായി കൊന്നിട്ടുണ്ട്. യുദ്ധം ഏറ്റവുമധികം നാശം വിതച്ചത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലാണ്. 1,584 വിദ്യാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇതില്‍ 1,411 എണ്ണവും ഭരണകൂടവും റഷ്യയും നടത്തിയ സൈനിക നടപടികളില്‍ നശിപ്പിക്കപ്പെട്ടവയാണ്. പോരാളികളുടെ നിയന്ത്രണങ്ങളിലുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് 217 രാസായുധ പ്രയോഗങ്ങളാണ് ഗവണ്‍മെന്റ് സൈന്യം നടത്തിയത്. ജീവഹാനി നേരിട്ട മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 709.

ബശ്ശാറുല്‍ അസദ്

മേഖലയിലെ ജനകീയ പ്രക്ഷോഭങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് 2011 ജനുവരി 26-നാണ് സിറിയയില്‍ പ്രഥമ പ്രതിഷേധ സമരം നടന്നത്. തുനീഷ്യയില്‍ തീകൊളുത്തി ആത്മാഹുതി ചെയ്ത മുഹമ്മദ് ബൂഅസീസിക്ക് സമാനമായി ഹസന്‍ അലി അക്ലഹ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയത് സമരത്തിന് ഊര്‍ജം പകര്‍ന്നു. ജനാധിപത്യ അനുകൂല മുദ്രാവാക്യം ചുവരുകളില്‍ എഴുതിയതിന് 15 സ്‌കൂള്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കി.

എന്നാല്‍ മാര്‍ച്ച് 15-ന് വിവിധ നഗരങ്ങളില്‍ ഒരേസമയം ജനങ്ങള്‍ തെരുവിലിറങ്ങിയത് ഭരണകൂടത്തെ ഞെട്ടിച്ചു. 1980-കള്‍ക്കുശേഷം ആദ്യമായി തലസ്ഥാനമായ ദമസ്‌കസ് നഗരം പ്രതിഷേധ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് അന്നാണ്. ദര്‍ആ നഗരമായിരുന്നു പ്രക്ഷോഭങ്ങളുടെ പ്രധാന വേദിയായതെങ്കിലും തുറമുഖ നഗരമായ ലാദികിയ, ഹിംസ്, ഹമ, ബാന്‍യാസ്, ത്വര്‍ത്വൂസ്, ദമാസ്‌കസിന്റെ പ്രാന്ത്രപ്രദേശമായ ഹറാസ്ത എന്നിവിടങ്ങളിലും ദിനേന ജനങ്ങള്‍ തെരുവിലിറങ്ങി.

പ്രക്ഷോഭകര്‍ക്കു പിന്നില്‍ വിദേശ രാജ്യങ്ങളാണെന്ന് തുടക്കത്തില്‍ ആരോപിച്ച ബശ്ശാര്‍, കസേര ഇളകുമെന്ന് ഭയന്ന് ആവശ്യങ്ങളില്‍ ചിലത് അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചു. നാല്‍പതു വര്‍ഷമായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ച് ഏപ്രില്‍ 21-ന് ഉത്തരവ് പുറപ്പെടുവിച്ചതായിരുന്നു ഇതില്‍ പ്രധാനം. പൗരാവകാശ ലംഘനങ്ങള്‍ കൊടികുത്തി വാണ ഇക്കാലയളവില്‍ കൊല്ലപ്പെടുകയോ അപ്രത്യക്ഷമാവുകയോ ചെയ്ത ആളുകളുടെ എണ്ണം വ്യക്തമല്ല. അടിയന്തരാവസ്ഥ റദ്ദാക്കിയതോടൊപ്പം സുരക്ഷാ കോടതികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായും സമാധാനപരമായ പ്രകടനങ്ങള്‍ക്കുള്ള വിലക്ക് നീക്കുന്നതായും പ്രസിഡന്റ് പ്രഖ്യാപിച്ചു.

ജയിലില്‍ കഴിയുന്ന ഇസ്ലാമിസ്റ്റുകള്‍ ഉള്‍പ്പെടെ 200-ഓളം പേരെ വിട്ടയച്ചും സുന്നികള്‍ക്കും കുര്‍ദുകള്‍ക്കും പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ചും അധ്യാപികമാര്‍ക്ക് നിഖാബ് ധരിക്കുന്നതിനുള്ള നിരോധം നീക്കിയും ജനപിന്തുണ ആര്‍ജിക്കാന്‍ ബശ്ശാര്‍ നടത്തിയ നീക്കങ്ങളൊന്നും വിലപ്പോയില്ല. ബശ്ശാര്‍ സ്ഥാനമൊഴിഞ്ഞ് ജനകീയ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യത്തില്‍ നിന്ന് പിറകോട്ടില്ലെന്നായിരുന്നു പ്രക്ഷോഭകരുടെ നിലപാട്. സിറിയന്‍ ജനത പോളിംഗ് ബൂത്ത് കണ്ടിട്ട് അരനൂറ്റാണ്ട് കഴിഞ്ഞിരുന്നു. പ്രസിഡന്റിന്റെ അടിച്ചമര്‍ത്തല്‍ നിലപാടിനോട് വിയോജിച്ച് ഇരൂനൂറിലേറെ മുതിര്‍ന്ന ബഅ്സ് പാര്‍ട്ടി അംഗങ്ങള്‍ രാജിവെച്ചിട്ടും ഉരുക്കുമുഷ്ടി തുടരാനാണ് ബശ്ശാര്‍ തീരുമാനിച്ചത്. 2014 ജൂണില്‍ ‘തെരഞ്ഞെടുപ്പ പ്രഹസനം’ നടത്തി ഏഴു വര്‍ഷത്തേക്ക് കൂടി അധികാരം ഉറപ്പിച്ചു.

ഏകാധിപതിയുടെ പിറവി

രാഷ്ട്രീയത്തിലോ ഭരണത്തിലോ ഒട്ടും താല്‍പര്യമില്ലാതിരുന്ന ബശ്ശാറുല്‍ അസദ് ആധുനിക ലോകത്തെ ക്രൂരന്മാരായ ഭരണാധികാരികളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചതിനു പിന്നില്‍ ഒരു സംഭവ കഥയുണ്ട്. ഏകാധിപതിയായ പിതാവ് ഹാഫിസുല്‍ അസദ് തന്റെ കാലശേഷം രാജ്യത്തെ സേവിക്കാന്‍ കണ്ടുവെച്ചത് മൂത്തമകനും ബശ്ശാറിന്റെ സഹോദരനുമായ ബാസിലിനെയായിരുന്നു. എന്നാല്‍, 1994 ജനുവരി 21-ന് മുപ്പത്തിരണ്ടാം വയസ്സില്‍ ദമസ്‌കസിലുണ്ടായ കാറപകടത്തില്‍ ബാസില്‍ കൊല്ലപ്പെട്ടു. അതോടെ, ലണ്ടനില്‍ ഉപരിപഠനം നടത്തുന്ന രണ്ടാമത്തെ മകനും കണ്ണുരോഗ വിദഗ്ധനുമായ ബശ്ശാറിനെ പിന്‍ഗാമിയായി വാഴിക്കുകയായിരുന്നു ഹാഫിസുല്‍ അസദ്.

ഹാഫിസുല്‍ അസദ്

1982-ല്‍ ഹമയില്‍ മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്തത് ഉള്‍പ്പെടെ എതിര്‍ ശബ്ദങ്ങളെ ചോരയില്‍ മുക്കി അടിമച്ചമര്‍ത്തി ക്രൂരതയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച പിതാവിന്റെ മകന്‍ അതേ പാത പിന്തുടര്‍ന്നില്ലെങ്കിലേ അത് വാര്‍ത്തയാകൂ. ഹാഫിസുല്‍ അസദിനെതിരെ പ്രക്ഷോഭം നടത്തിയെന്ന കുറ്റം ചുമത്തി ഹമ നഗരം 27 ദിവസം ഉപരോധിച്ച് മുപ്പതിനായിരത്തോളം പേരെയാണ് കൂട്ടക്കൊല ചെയ്തത്.

സൈനിക ഭീകരതയില്‍നിന്ന് രക്ഷതേടി പലായനം ചെയ്യുകയായിരുന്ന ജനങ്ങളെ ടാങ്കുകളുമായി ഉപരോധിക്കുകയും പീഡിപ്പിച്ച് കൊല്ലുകയും ചെയ്തത് ‘പിറ്റി ദ നേഷന്‍’ എന്ന ഗ്രന്ഥത്തില്‍ ഈയ്യിടെ അന്തരിച്ച ബ്രിട്ടീഷ് പത്രപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് വിവരിക്കുന്നുണ്ട്. 2000 ജൂണില്‍ ഹാഫിസുല്‍ അസദിന്റെ മരണത്തെ തുടര്‍ന്ന് പ്രസിഡന്റ് പദവിയില്‍ ഉപവിഷ്ടനായ ബശ്ശാര്‍, അധികാരത്തിന്റെ രണ്ടു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ക്രൂരതയില്‍ പിതാവിനെ കവച്ചുവെച്ചിരിക്കുന്നു.

ഇദ്‌ലിബ് ഏക പ്രതീക്ഷ

വടക്കന്‍ പ്രവിശ്യയായ ഇദ്‌ലിബ് മാത്രമാണ് അസദ് വിരുദ്ധ പോരാളികളുടെ നിയന്ത്രണത്തിലുള്ള ഏക ഗവര്‍ണറേറ്റ്. ഏതാണ്ട് 9,000 തചുരശ്ര കി.മീറ്റര്‍ വരുന്ന ഈ പ്രദേശം തുര്‍ക്കിയുടെ പിന്തുണയുള്ള സൈനികര്‍ 2016 ഓഗസ്റ്റ്് മുതല്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും നിരവധി സിറിയന്‍ സിവിലിയന്മാര്‍ക്ക് ഇവിടെ അഭയമൊരുക്കുകയും ചെയ്തിട്ടുണ്ട്.

പ്രവിശ്യയുടെ ചില ഭാഗങ്ങളുടെ നിയന്ത്രണം കുര്‍ദ് സൈനികരും മറ്റു പോരാളി സംഘടനകളും ഏറ്റെടുത്തിട്ടുണ്ട്. ഇതുകൂടി മോചിപ്പിക്കാന്‍ റഷ്യയുടെയും ഇറാന്റെയും സഹായത്തോടെ ഇടയ്ക്കിടെ അസദ് ഭരണകൂടം നടത്തുന്ന റെയ്ഡുകള്‍ ഈ ഭീകരണ ഭരണാധികാരി ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നതിന്റെ തെളിവാണ്. തുര്‍ക്കിയുടെ ശക്തമായ സൈനിക സാന്നിധ്യമാണ് ഇദ്‌ലിബില്‍ വലിയൊരു ചോരപ്പുഴ ഒഴുകുന്നതിന് തടസ്സമായി നില്‍ക്കുന്നത്. എന്നിട്ടും വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് സിറിയന്‍ സൈന്യവും റഷ്യയും തുടരുന്നു.

യുദ്ധഭൂമിയില്‍നിന്ന് നിരവധി സിവിലിയന്മാര്‍ ഇദ്‌ലിബിലേക്ക് പലായനം ചെയ്തിട്ടുണ്ട്. അവരിലൊരാളായ എണ്‍പത്തിനാലുകാരന്‍ അബ്ദുറസാഖ് അല്‍ ഖാതൂനെക്കുറിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കരളലിയിക്കുന്നതാണ്. യുദ്ധത്തില്‍ ഭാര്യയെും 13 മക്കളെയും നഷ്ടപ്പെട്ട അബ്ദുറസാഖിന് ദു:ഖസാഗരത്തിനിടയില്‍ കൂട്ടും ആശ്വാസവുമായുള്ളത് പേരമക്കളാണ്. തന്റെ കൈകളില്‍ തൂങ്ങി കൊഞ്ചി നടക്കുന്ന ആ പിഞ്ചുമക്കളാണ് ജീവിതത്തിന്റെ സായംസന്ധ്യയില്‍ ഏക ആശ്വാസമെന്ന് അദ്ദേഹം പറയുന്നു.

അബ്ദുറസാഖ് അല്‍ ഖാതൂന്‍ , ഫോട്ടോ: റോയിട്ടേഴ്‌സ്‌

ഹാമ പ്രവിശ്യയില്‍ കൃഷിക്കാരനായിരുന്ന അബ്ദുറസാഖും മക്കളും ബശ്ശാര്‍ അസദിനെതിരെ പോരാട്ടത്തില്‍ പങ്കെടുത്തിരുന്നു. ഗവണ്‍മെന്റ് സൈന്യത്തിന്റെ ആക്രമണങ്ങളിലാണ് വിവിധ ഘട്ടങ്ങളിലായി മക്കളെ അദ്ദേഹത്തിന് നഷ്ടപ്പെട്ടത്. ആദ്യത്തെ മൂന്നു മരണം പ്രക്ഷോഭം തുടങ്ങിയ 2011ലായിരുന്നു. രാവിലെ വീട്ടിനു പുറത്ത് ചായ കുടിക്കാന്‍ തുടങ്ങുമ്പോഴാണ് റോക്കറ്റാക്രമണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെടുന്നത്. ഒരു മകനെ ഭരണകൂടം പീഡിപ്പിച്ചു കൊല്ലുകയായിരുന്നവെന്ന് അവന്റെ വീഡിയോ കാണിച്ചുകൊണ്ട് അദ്ദേഹം പറയുന്നു.

ഇദ്‌ലിബില്‍ പലായനം ചെയ്‌തെത്തിയ അബ്ദുറസാഖിനും കുടുംബത്തിനും അവിടെയും രക്ഷയുണ്ടായില്ല. 2019 ഏപ്രിലിനും 2020 മാര്‍ച്ചിനുമിടയില്‍ സിറിയന്‍, റഷ്യന്‍ സൈനികര്‍ ഇദ്‌ലിബിനുനേരെ നടത്തിയ ഭീകരാക്രമണങ്ങളില്‍ നൂറു കണക്കിനാളുകള്‍ കൊല്ലപ്പെടുകയും പത്തു ലക്ഷത്തോളം പേര്‍ പലായനം ചെയ്യുകയുമുണ്ടായി. ഇത്തരത്തിലൊരു മിസൈലാക്രമണത്തിലാണ് കുടുംബത്തിലെ ഏഴു പേര്‍ക്ക് ജീവഹാനി നേരിട്ടത്. താനും ഫാത്വിമയെന്ന കൊച്ചുമകളും രക്ഷപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എല്ലാം നഷ്ടപ്പെട്ടവനാണ് താനെന്നും എന്നാല്‍ ഇത്രയെങ്കിലും നല്‍കിയതിന് സര്‍വ്വശക്തനായ ദൈവത്തോട് നന്ദി പറയാനാണ് തനിക്ക് ആഗ്രഹമെന്നും അബ്ദുറസാഖ്.

പോരാളികള്‍ക്കു മുന്നില്‍ നിലംപതിക്കുമായിരുന്ന ബശ്ശാറുല്‍ അസദ് ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് റഷ്യയാണ്. 2015 സെപ്റ്റംബറില്‍ റഷ്യ യുദ്ധരംഗത്ത് ഇറങ്ങിയതോടെയാണ് ചിത്രം മാറിയത്. ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ സിറിയക്ക് എതിരായ മുഴുവന്‍ പ്രയമേയങ്ങളും വീറ്റോ ചെയ്തത് റഷ്യയും ചൈനയുമായിരുന്നു. അതോടെ അന്താരാഷ്ട്ര ഇടപെടലുകള്‍ക്കുള്ള സാധ്യതകള്‍ കൊട്ടിയടക്കപ്പെട്ടു.

ഒരു കാലത്ത് സിറിയക്കെതിരെ നിലകൊണ്ട അറബ് രാജ്യങ്ങള്‍ ഒന്നൊന്നായി അസദ് ഭരണകൂടവുമായി നയതന്ത്ര ബന്ധം പുന:സ്ഥാപിക്കുകയും വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയും ചെയ്ത് കൊലയാളി ഭരണകൂടത്തിന് ലെജിറ്റിമസി നല്‍കുകയും ചെയ്തതോടെ കാര്യങ്ങളുടെ പോക്ക് വ്യക്തമായി. ജനകീയ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന യുദ്ധക്കുറ്റവാളികളായ മര്‍ദ്ദക ഭരണാധികാരികള്‍ ഒരു പോറലുമില്ലാതെ തലയുയര്‍ത്തി നില്‍ക്കുന്നത് എങ്ങനെയെന്ന് ലോകത്തിനു കാണിച്ചുകൊടുത്തിരിക്കുകയാണ് ഒരു പതിറ്റാണ്ട് പിന്നിട്ട സിറിയയിലെ ആഭ്യന്തര യുദ്ധം.

Content Highlight: 10 Years of Syrian Civil War – P.K. Niyas Writes