ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
national news
കന്‍വാര്‍ യാത്ര കാണാനെത്തിയ ദളിതര്‍ക്കെതിരെ രജ്പുത് ആക്രമണം; സംഘര്‍ഷത്തില്‍ ദളിത് യുവാവ് കൊല്ലപ്പെട്ടു
ന്യൂസ് ഡെസ്‌ക്
Thursday 9th August 2018 8:58pm

മീററ്റ്: യു.പിയില്‍ മീററ്റില്‍ ദളിതര്‍ കന്‍വാര്‍ യാത്ര കണ്ടതിന്റെ പേരില്‍ രജ്പുത് വിഭാഗക്കാര്‍ നടത്തിയ ആക്രമണത്തില്‍ ദളിത് യുവാവ് കൊല്ലപ്പെട്ടു. രോഹിത് (19) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു രജ്പുത് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മീററ്റിലെ മറ്റൊരു ഗ്രാമത്തില്‍ കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രജ്പുത്-ദളിത് വിഭാഗക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ആദ്യം പ്രശ്‌നമുണ്ടായത് ഉല്‍ദേപൂര്‍ ഗ്രാമത്തിലാണ്. ബുധനാഴ്ച രാത്രി കന്‍വാര്‍ യാത്ര കാണാന്‍ പോയതിന് മൂന്നു ദളിത് യുവാക്കളെ രജ്പുത് വിഭാഗക്കാര്‍ ആക്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച രജ്പുത് മേഖലയിലേക്ക് സംഘടിച്ചെത്തിയ ദളിത് യുവാക്കളുമായി വീണ്ടും സംഘര്‍ഷമുണ്ടാവുകയും പരിക്കേറ്റ രോഹിത് കൊല്ലപ്പെടുകയുമായിരുന്നു.

 

 

പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ ഗ്രാമത്തിലെ അംബേദ്ക്കര്‍ ക്രോസിങ്ങില്‍ റോഡ് തടയുകയും രോഹിതിന്റെ മൃതദേഹം സംസ്‌ക്കരിക്കാന്‍ വിസമ്മതിക്കുകയുമായിരുന്നു.

ഉല്‍ദേപൂരിലും സമീപത്തുള്ള സിഖേര ജില്ലയിലും നേരത്തെയും ദളിത്-രജ്പുത് സംഘര്‍ഷമുണ്ടായിരുന്നു. മായാവതി ഭരണത്തിന് കീഴില്‍ സിഖേരയില്‍ സ്ഥാപിച്ച അംബേദ്ക്കര്‍ പ്രതിമ നേരത്തെ മേല്‍ജാതിക്കാര്‍ തകര്‍ത്തിരുന്നു. തുടര്‍ന്ന് പൊലീസ് കാവലിലാണ് പ്രതിമയിപ്പോള്‍.

കഴിഞ്ഞ ദിവസം കന്‍വാര്‍ യാത്രികര്‍ ദല്‍ഹിയില്‍ ഒരുകാര്‍ തല്ലിപ്പൊളിച്ചിരുന്നു. ദല്‍ഹി മോത്തി നഗറില്‍ കാര്‍ കടന്ന് പോകുന്നതിനിടയില്‍ സംഘത്തിലുണ്ടായിരുന്ന ഒരാളുടെ ശരീരത്ത് തട്ടിയെന്ന് ആരോപിച്ചായിരുന്നു തീര്‍ത്ഥാടക സംഘത്തിന്റെ അക്രമം. പൊലീസുകാര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം.

Advertisement