എഡിറ്റര്‍
എഡിറ്റര്‍
യു.പിയെ സ്വര്‍ഗമാക്കിയെന്ന് യോഗി; യോഗിയുടെ സ്വര്‍ഗത്തില്‍ ഓരോ പന്ത്രണ്ട് മണിക്കൂറിലും ഏറ്റുമുട്ടലെന്ന് കണക്കുകള്‍
എഡിറ്റര്‍
Wednesday 20th September 2017 12:28pm

 

ലഖ്‌നൗ: താന്‍ അധികാരത്തിലെത്തിയ ആറുമാസം കൊണ്ട് യു.പിയെ അക്രമരഹിത സംസ്ഥാനമാക്കിയെന്ന് യോഗി ആദിത്യനാഥ്. കഴിഞ്ഞ ആറുമാസക്കാലയളവിനുള്ളില്‍ സംസ്ഥാനത്ത് കലാപങ്ങളോ അക്രമസംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് യോഗി ആദിത്യനാഥ് അവകാശപ്പെടുന്നത്.


Also Read: ജയരാജനെതിരെ അഴിമതി നിരോധന നിയമം നിലനില്‍ക്കില്ല; ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാനൊരുങ്ങി വിജിലന്‍സ്


എന്നാല്‍ കഴിഞ്ഞ ആറുമാസക്കാലത്തിനിടയ്ക്ക് പോലീസും അക്രമികളും തമ്മില്‍ 430 ഏറ്റുമുട്ടലുകള്‍ നടന്നതായി പൊലീസ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പൊലീസ് കണക്കുകള്‍ അടിസ്ഥാനമാക്കി സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക രേഖകളില്‍ ഓരോ പന്ത്രണ്ട് മണിക്കൂറിലും ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടെന്നാണ് പറയുന്നത്.

ഇന്നലെ ലോക്ഭവനില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണ്ണമായും ശാന്തമാണെന്ന് യോഗി അവകാശപ്പെട്ടത്.

2017 മാര്‍ച്ചിനു ശേഷം രാജ്യത്ത് കലാപങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നും ജനങ്ങള്‍ക്ക് തങ്ങള്‍ സുരക്ഷിതരാണെന്ന വിശ്വാസം ഇപ്പോള്‍ ഉണ്ടെന്നുമാണ് യോഗി പറയുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആഴ്ചയില്‍ രണ്ടു പ്രധാനപ്പെട്ട കലാപങ്ങള്‍ ഉണ്ടാകാറുണ്ടെന്നും യോഗി പറഞ്ഞു.


Dont Miss: മുത്തലാഖില്‍ കണ്ണീരൊഴുക്കിയവര്‍ ഹാദിയയെക്കുറിച്ച് മിണ്ടുന്നില്ല; വിഷയത്തില്‍ ജുഡീഷ്യറി സ്വീകരിച്ച നിലപാടെന്തെന്നും ആനി രാജ


എന്നാല്‍ ഇതിനു പിന്നാലെ പുറത്ത് വന്ന സര്‍ക്കാര്‍ രേഖകളിലാണ് നാട്ടിലെ സമാധാനന്തരീക്ഷം എത്രത്തോളമാണെന്ന് വ്യക്തമാകുന്നത്. മാര്‍ച്ച് 20നും സെപ്റ്റംബര്‍ 18നുമിടയില്‍ നടന്ന 431 ഏറ്റമുട്ടലുകളിലായി 17 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. 22 പോലീസുകാര്‍ ഏറ്റമുട്ടലില്‍ മരിക്കുകയും 88 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.

ഇതുവരെ നടന്ന അക്രമസംഭവങ്ങളില്‍ 1106 കുറ്റവാളികളെ പോലീസിന് പിടികൂടിയെന്നും യു.പി പോലീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നുണ്ട്. വരും ദിവസങ്ങളിലും ഏറ്റുമുട്ടലുകളുമായി മുന്നോട്ടു പോകുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആനന്ദ് കുമാര്‍ വ്യക്തമാക്കി.

ഏറ്റമുട്ടലിന് നേതൃത്വം നല്‍കുന്ന സംഘത്തിന് ഒരു ലക്ഷം രൂപ വരെ സര്‍ക്കാര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുമുണ്ട്. പൊലീസ് മനപ്പൂര്‍വ്വം ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുകയാണെന്ന ആരോപണവും സംസ്ഥാനത്ത് ശക്തമാണ്. ഇതിനെക്കുറിച്ച് പ്രതികരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ‘ഞങ്ങള്‍ക്കാരെയും കൊല്ലണമെന്നില്ല പക്ഷെ ഞങ്ങളെ വെടിവെക്കുമ്പോള്‍ തിരിച്ച് വെടിവെക്കാതെ മറ്റെന്ത് ചെയ്യും’ എന്നാണ് പറഞ്ഞത്.

Advertisement