| Friday, 31st July 2009, 8:12 pm

സ്‌കൂളുകള്‍ക്കെതിരെ നടപടി ഒത്തുകളിയെന്ന്‌ ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മാനേജ്‌മെന്റുകളുമായുള്ള ഒത്ത്‌ കളിയുടെ ഭാഗമാണെന്ന്‌ ആരോപണമുയരുന്നു. അംഗീകാരമില്ലാത്ത സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ക്രിമിനല്‍ നടപടിപ്രകാരം വഞ്ചനാകുറ്റത്തിന്‌ കേസെടുക്കുമെന്ന്‌ സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെന്ന്‌ ജനത്തെ ബോധ്യപ്പെടുത്തുകയും പിന്നീട്‌ മാനേജ്‌മെന്റ്‌ പ്രക്ഷോഭത്തിന്റെ പേരു പറഞ്ഞ്‌ തീരുമാനത്തില്‍ നിന്ന്‌ പിറകോട്ട്‌ പോകുകയെന്നുമുള്ള അടവ്‌ നയത്തിന്റെ ഭാഗമാണ്‌ പുതിയ തീരുമാനമെന്ന്‌ ആക്ഷേപമുയര്‍ന്നു കഴിഞ്ഞു. സ്വാശ്രയപ്രൊഫഷണല്‍ കോളജുകള്‍ക്കെതിരെ സര്‍ക്കാര്‍ 2006ല്‍ കൊണ്ട്‌ വന്ന നിയമവും ഏതാണ്ട്‌ ഇതിനോട്‌ സാമ്യം പുലര്‍ത്തുന്നതായിരുന്നു. ഭരണഘടനാ വിരുദ്ധമായ പല വകുപ്പുകളും ചേര്‍ക്കുക വഴി കോടതി ചോദ്യം ചെയ്യുമെന്ന്‌ ഉറപ്പുവരുത്തിയായിരുന്നു സര്‍ക്കാര്‍ നിയമസഭയില്‍ വേണ്ടത്ര ചര്‍ച്ച പോലും നടത്താതെ നിയമം ചുട്ടെടുത്തത്‌. പ്രതീക്ഷിച്ചപോലെ നിയമം പിന്നീട്‌ ദുര്‍ബലമാവുകയും ചെയ്‌തു.
ഇതേ അനുഭവമായിരിക്കും അണ്‍എയ്‌ഡഡ്‌ സ്‌കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നടപടിക്കുമുണ്ടാവുക. 7000 ത്തോളം സ്ഥാപനങ്ങളിലായി ലക്ഷക്കണക്കിന്‌ വിദ്യാര്‍ഥികളാണ്‌ അംഗീകാരമില്ലാത്ത അണ്‍ എയ്‌ഡഡ്‌ സ്ഥാപനങ്ങളില്‍ പഠിക്കുന്നത്‌. ഇവരെ ഒറ്റയടിക്ക്‌ മറ്റ്‌ സ്‌കൂളുകളില്‍ ചേര്‍ത്ത്‌ ഈ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയെന്നത്‌ പ്രായോഗികമല്ലെന്ന്‌ വിദ്യാഭ്യാസപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. ഇത്‌ മനസിലാക്കി തന്നെയാണ്‌ സര്‍ക്കാര്‍ പടപ്പുറപ്പാടിനൊരുങ്ങിയിരിക്കുന്നത്‌. സര്‍ക്കാര്‍ നല്ല തീരുമാനമെടുക്കുന്നുവെങ്കിലും അത്‌ നടപ്പാക്കാന്‍ കഴിയുന്നില്ലെന്ന പ്രതീതി ജനങ്ങളിലുയര്‍ത്തുകയാണ്‌ ലക്ഷ്യം.
അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടി ആത്മാര്‍ഥതയോടെയുള്ളതായിരുന്നെങ്കില്‍ പുതിയ അധ്യന വര്‍ഷം തുടങ്ങുന്നതിന്‌ ആറു മാസം മുമ്പെങ്കിലും ഉത്തരവിറക്കി നടപടികള്‍ കൈക്കൊള്ളേണ്ടിയിരുന്നു. ഇക്കാലമത്രയും കണ്ണടച്ചിരുന്ന വിദ്യാഭ്യാസ വകുപ്പിന്‌ വൈകിയ വേളയില്‍ ഉദിച്ച ബുദ്ധിക്കു പിന്നിലുള്ള ലക്ഷ്യമെന്തെന്ന്‌ അടുത്ത ദിവസം തന്നെ തിരിച്ചറിയാം.

We use cookies to give you the best possible experience. Learn more