സിറിയ: അറബ് ലീഗ് നിര്‍ദേശത്തിന് യു.എന്‍ അസംബ്ലിയുടെ അംഗീകാരം
World
സിറിയ: അറബ് ലീഗ് നിര്‍ദേശത്തിന് യു.എന്‍ അസംബ്ലിയുടെ അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th August 2012, 10:04 am

ദമാസ്‌കസ്: സിറിയയിലെ പ്രശ്‌നപരിഹാരത്തിനുള്ള അറബ് ലീഗ് നിര്‍ദേശത്തിന് യു.എന്‍ ജനറല്‍ അസംബ്ലി അംഗീകാരം നല്കി. സിറിയയിലെ പ്രശ്‌നങ്ങള്‍ക്ക് പോംവഴി കാണാന്‍ അറബ് ലീഗ് മുന്നോട്ട് വച്ച നിര്‍ദേശങ്ങളില്‍ രണ്ടെണ്ണത്തിന് ഭേദഗതി വരുത്തിയതോടെയാണ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രമേയം പാസായത്.

സിറിയന്‍ പ്രശ്‌നം രാഷ്ട്രങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കും എന്നതിനേക്കാള്‍ അവിടുത്തെ ജനതയുടെ സമാധാനത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു.[]

ബാഷര്‍ അല്‍ അസദിന്റെ അധികാരക്കൈമാറ്റവും സിറിയന്‍ പ്രശ്‌നത്തില്‍ മറ്റു രാജ്യങ്ങളുടെ ഇടപെടലും നിരോധിച്ചാണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം സിറിയന്‍ പ്രശ്‌നത്തിന് പരിഹാരം കാണുന്നതില്‍ യു.എന്‍ രക്ഷാസമിതി പരാജയപ്പെട്ടതില്‍ അസംബ്ലി അപലപിച്ചു.

ഇന്ത്യ ഉള്‍പ്പെടെ 31 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 193 അംഗസഭയില്‍ 133 വോട്ടുകളാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. സിറിയയില്‍ സൈന്യം ജനങ്ങള്‍ക്കെതിരെ നടത്തുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് പ്രമേയം അപലപിച്ചു. 133 രാജ്യങ്ങളുടെ പിന്തുണയോടെ സിറിയന്‍ പ്രശ്‌നപരിഹാരത്തിനുള്ള പ്രമേയം പാസായതോടെ സിറിയ ലോകരാഷ്ട്രങ്ങള്‍ക്ക്‌ മുന്നില്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്.

അതേസമയം പ്രമേയം വെറും പ്രഹസനം മാത്രമാണെന്നും ജനറല്‍ അസംബ്ലി പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും സിറിയ പ്രതികരിച്ചു. സിറിയന്‍ സമാധാന ദൗത്യത്തില്‍ നിന്നും പിന്മാറുകയാണെന്ന് കോഫി അന്നന്‍ അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രമേയത്തിന് ജനറല്‍ അസംബ്ലി അഗീകാരം നല്‍കിയത്.