എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാര്‍ കൊലപാതകികള്‍ക്ക് മൗനസമ്മതം നല്‍കുന്നു; നിശബ്ദരായിരുന്നവര്‍ വരെ ശബ്ദമുയര്‍ത്തേണ്ട സമയമായിരിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷന്‍
എഡിറ്റര്‍
Wednesday 6th September 2017 11:03pm

ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷന്‍. ഗൗരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന സാമൂഹിക കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് നടക്കുന്ന ഇത്തരം കൊലപാതകങ്ങളില്‍ അപലപിക്കേണ്ടതിന് പകരം സര്‍ക്കാര്‍ കൊലപാതകികള്‍ക്ക് മൗനസമ്മതം നല്‍കുകയാണെന്നും അവരെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുകയും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രചരണങ്ങളുടെ തലവരാക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നടക്കുന്നത് ഗൗരവ്വതയേറിയ സംഭവങ്ങളാണെന്നും ഇത് തുടര്‍ന്നാല്‍ നിയമത്തിന്റെ പാതയിലുള്ള ഭരണം അവസാനിക്കുമെന്നും പൂര്‍ണ്ണമായും രാജ്യം ഫാസിസ്റ്റുകള്‍ക്ക് കീഴിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് ഇതെല്ലാം കണ്ടിട്ടും ഇത്രയും നാള്‍ നിശബ്ദരായിരുന്നവരും ശബ്ദമുയര്‍ത്തേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതികരണവുമായി പ്രശസ്ത നടന്‍ ഇര്‍ഫാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ‘ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട് പക്ഷെ അഭിപ്രായത്തിന് ശേഷം സ്വാതന്ത്ര്യം നല്‍കാന്‍ കഴിയുമോ എന്ന് എനിക്ക് പറയാന്‍ കഴിയില്ല.ഈദി അമീന്‍, നിങ്ങള്‍ക്കറിയാമോ അദ്ദേഹം ആരായിരുന്നു’ എന്നായിരുന്നു ഇര്‍ഫാന്റെ ട്വീറ്റ്.

ദേശീയ പുരസ്‌കാര ജേതാവായ നടന്‍ പ്രകാശ് രാജ് ഗൗരിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഗൗരിയുടെ അമ്മയുട കരം പിടിച്ച് നടത്തിയിരുന്നത് പ്രകാശ് രാജായിരുന്നു. ചാംരാജ്പേട്ട് ശ്മശാനത്തിലായിരുന്നു സംസ്‌കാരം.


Also Read:  ഇവിടെ അഭിപ്രായ സ്വാതന്ത്ര്യമുണ്ട് പക്ഷെ അഭിപ്രായത്തിന് ശേഷം സ്വാതന്ത്ര്യമുണ്ടാകുമോ എന്നറിയില്ലെന്ന് ഇര്‍ഫാന്‍; ഗൗരി ലങ്കേഷിന്റെ അമ്മയ്ക്ക് താങ്ങായി പ്രകാശ് രാജും 


മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു ഗൗരി ലങ്കേഷിന്റെ മൃതദേഹം സംസ്‌കരിച്ചത്. ഗൗരിയുടെ ആഗ്രഹപ്രകാരം അവരുടെ ഇരു കണ്ണുകളും ദാനം ചെയ്തു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

‘മരിക്കുന്നില്ല… മരിക്കുന്നില്ല, ഗൗരി ലങ്കേഷ് മരിക്കുന്നില്ല ‘ എന്ന മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് ആളുകളാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.

നേരത്തെ ഗൗരി ലങ്കേഷിന്റെ മൃതദേഹം രവീന്ദ്ര കലാക്ഷേത്രയില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. സാമൂഹിക-സാസ്‌കാരിക രംഗത്തെ നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

ചൊവ്വാഴ്ച്ച വൈകിട്ടാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്. ഗൗരിയുടെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

Advertisement