Administrator
Administrator
ബാബാ രാംദേവിന് അങ്ങിനെ തന്നെ വേണം!
Administrator
Friday 29th July 2011 8:47pm

സരിത കെ.വേണു

പൊരിവെയിലത്ത് പട്ടിണികിടന്നപ്പോള്‍ ഇങ്ങനെയൊരു ചതി അദ്ദേഹം പ്രതീക്ഷിച്ചു കാണില്ല. അര്‍ദ്ധരാത്രിയില്‍ പോലിസിന്റെ കൈയ്യില്‍ നിന്നും രക്ഷപ്പെടാന്‍ ഭക്തയുടെ ചുരിദാര്‍ അടിച്ചുമാറ്റി കടന്നുകളഞ്ഞപ്പോഴും അദ്ദേഹത്തിന് ഇത്രയും അപമാനം ഉണ്ടായിട്ടുണ്ടാവില്ല.

ബാബാ രാംദേവിന്റെ 6 പാക് അബ്‌സ് കണ്ടു ഞെട്ടിയിരിക്കുകയാണ് ബോളിവുഡിന്റെ വികടസരസ്വതി കുമാരി രാഖി സാവന്ത്. രാഖി ഒരു കാര്യത്തില്‍ നോട്ടമിട്ടാല്‍ നാറ്റിച്ചേ പിന്നെ അടങ്ങു. കള്ളപ്പണം മുഴവനും രാജ്യത്തേക്കു കൊണ്ടുവരാന്‍ ബാബ രാംദേവ് ദിനരാത്രം പട്ടിണി കിടന്നപ്പോഴാണത്രെ രാഖി ബാബയുടെ വയര്‍ ശ്രദ്ധിച്ചത്. അന്നുമുതല്‍ ബാബയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉള്ളിലിട്ടു നീറ്റുകയായിരുന്നത്രെ, ഈ പുരനിറഞ്ഞു നില്‍ക്കുന്ന സുന്ദരി. അങ്ങിനെയിരിക്കുമ്പോഴാണ് ഒരു ചാറ്റ് ഷോയില്‍ സുന്ദരി ഇക്കാര്യം വെളിപ്പെടുത്തിയത്. ബാബയെ മാത്രമല്ല, ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി(എന്നാണ് എല്ലാവരും പറയണത്) രാഹുല്‍ജിയോടും പ്രണയം തോന്നിയിട്ടുണ്ടത്രെ. എന്നാല്‍ അമ്മായിയമ്മയായി സോണിയാഗന്ധിയെ സഹിക്കേണ്ടിവരുമല്ലോ എന്നോര്‍ത്ത് ഒന്നും പറഞ്ഞില്ലപോലും. രാഹുല്‍ ജി രക്ഷപ്പെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. മകന്‍ വിവാഹം കഴിക്കാതെ മൂത്തുനരച്ചാലും വേണ്ടില്ല രാഖിയില്‍ നിന്നും രക്ഷിക്കണേയെന്ന് സോണിയ മുട്ടിപ്പായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണത്രെ.

പണ്ട് സ്വയംവരം നടത്തി നാട്ടുകാരെയും ആ ചെക്കനെയും മുഴുവനും പറ്റിച്ചവളാണ് രാഖി. പുരുഷനെ വഞ്ചിക്കാന്‍ ഒരു പെണ്‍കുട്ടി പിറന്നിരിക്കുന്നുവെന്ന് അന്ന് രാഖിയെ നോക്കി പലരും പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും രാഖിയുടെ ഈ ഔട്ട് സ്‌പോക്കണ്‍ പേഴ്‌സ്ണാലിറ്റി എനിക്കിഷ്ടമാണ്. എനിക്കുമാത്രമല്ല, എന്റെയീ പ്രായത്തിലുള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഇഷ്ടമായിരിക്കും. ആര്‍ക്കാ ഇപ്പോള്‍ രാഹുല്‍ഗാന്ധിയേയും ജോണ്‍ എബ്രഹാമിനെയൊക്കെ കല്യാണം കഴിക്കാന്‍ ആഗ്രഹമില്ലാത്തത്. പിന്നെ ചില പ്രത്യേക സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍പ്പെട്ട് അതങ്ങ് പറയുന്നില്ലെന്നേയുള്ളൂ. മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയുന്നവരാ ശരിക്കും ശുദ്ധന്‍മാര്‍. മാത്രമല്ല ഒരു യാതസ്ഥിതിക കുടുംബത്തില്‍ നിന്നും ബോളിവുഡിന്റെ കണ്ണിലെ കരടാവാനും വേണം ഒരു തലവര. രാഖിയെന്താണോ അത്, സന്തം പ്രയത്‌നത്തില്‍ നിന്നും ഉണ്ടാക്കിയതാണ്. ഗോഡ്ഫാദറോ, പേരിന് പിന്നില്‍വയ്ക്കാന്‍ ഗമയുള്ള കുടുംബപേരോ രാഖിക്കില്ല. ഒരു പി.ആര്‍.ഒയെ വെച്ച് മാധ്യമങ്ങളോടും സംസാരിക്കാനുള്ള പത്തു വഴികള്‍ എഴുതിച്ച് കാണാതെ പഠിക്കാനും രാഖി തയ്യാറല്ല. ഇതൊക്കെയാണ് ഞാന്‍, എന്ന ചങ്ങായിച്ചിയുടെ ഭാവമാണ് എന്നെ ഹഠാദാകര്‍ഷിച്ചത്.

എന്നാലും ബാബ രാംദേവിന്റെ ഒരു കാര്യം. എങ്ങിനെയിരുന്ന ഒരാളായിരുന്നു. ഇത്രേം ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ആയ ഒരു പ്രൊപ്പോസ്സല്‍ അദ്ദേഹം എങ്ങിനെ ഹാന്റില്‍ ചെയ്യുമെന്നു കാണാനാണ് ഞാന്‍ കാത്തിരിക്കുന്നത്. രാദേവിന് ഒരു കുടുംബമായാല്‍ അദ്ദേഹത്തിന്റെ പകുതി പ്രശ്‌നങ്ങള്‍ തീരുമെന്നാണ് എനിക്ക് തോന്നുന്നത്. ഭാര്യയും കുട്ടിയുമൊക്കെ ആവുമ്പോള്‍ അവരോടൊപ്പം അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം പങ്കിട്ടുപോയ്‌ക്കോളും. ഇനിയിപ്പോ, ബാബ അഴിമതി വിരുദ്ധ സമരത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ വേണ്ടി കോണ്‍ഗ്രസ്സ് പാര്‍ട്ടി തന്നെ നേരിട്ട് റിക്രൂട്ട് ചെയ്തതാണോ രാഖിയെ, പണ്ടു വിശ്വാമിത്രന്റെ തപസ്സ് ഡിസ്റ്റര്‍ബ് ചെയ്യാന്‍ വേണ്ടി വിട്ട മേനകയെപ്പോലെ…

ബാബയുടെ ഓരോ ഹഠയോഗങ്ങള്‍ അല്ലാതെന്തു പറയാന്‍…

Advertisement