Administrator
Administrator
ജനകീയ പ്രതിരോധം വിജയിച്ചു
Administrator
Friday 13th May 2011 9:49pm

എഡിറ്റോ-റിയല്‍- കെ.എം ഷഹീദ്

കേരളത്തിലെ പതിമൂന്നാം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പല കാര്യങ്ങള്‍ കൊണ്ടും അവിസ്മരണീയമാണ്. യു.ഡി.എഫ് സാങ്കേതികാര്‍ത്ഥത്തില്‍ ജയിച്ചുവെന്ന് പറയുന്നുവെങ്കില്‍പ്പോലും ജയം അവര്‍ പോലും അംഗീകരിക്കുന്നില്ല. ഇടതുപക്ഷം തോറ്റുവെന്ന് പറയുന്നെങ്കില്‍പ്പോലും അങ്ങിനെ സമ്മതിച്ചു തരാന്‍ ജനം തയ്യാറുമല്ല. ഇഞ്ചോടിഞ്ചായുള്ള മുന്നണികളുടെ ഈ നില്‍പ്പ് തന്നെ കേരള രാഷ്ട്രീയത്തില്‍ മുന്‍ ഉദാഹരണങ്ങളില്ലാത്തതാണ്.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിട്ടും എവിടെയും വലിയ ആഘോഷങ്ങളൊന്നുമില്ല. ആഘോഷിക്കേണ്ടവര്‍ അമ്പരപ്പിലാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം ഏറ്റവും രസരകമായിത്തോന്നിയ പ്രസ്താവന നിലവില്‍ പ്രതിപക്ഷ നേതാവും അടുത്ത മുഖ്യമന്ത്രിയാണെന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടിയുടെതാണ്.

ഇടതുപക്ഷം നടത്തിയ മുന്നേറ്റത്തോട് അദ്ദേഹം പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു-‘ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വി.എസിനായി’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അതായത് ജനം തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ഒന്നു കൂടി തെളിയിച്ച് പറഞ്ഞാല്‍ ജനം ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തെറ്റിദ്ധരിപ്പിക്കാവുന്ന വകതിരിവില്ലാത്തവരാണെന്നാണ്. ഇത്രയും കാലത്തെ രാഷ്ട്രീയ പരിചയമുള്ള ഉമ്മന്‍ചാണ്ടി തന്നെയാണ് ഈ പറയുന്നതെന്ന് ഒന്നുകൂടി ടെലിവിഷന്‍ ചാനലിലേക്ക് നോക്കി. തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിനെ കൊണ്ടെത്തിച്ച അനിശ്ചിതാവസ്ഥയുടെ ആഴം വെളിപ്പെടുത്തുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ഈ പ്രസ്താവന.

തിരഞ്ഞെടുപ്പ് ഫലം ഒരു കാര്യം വ്യക്തമായിത്തന്നെ പറയുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം ജനം അംഗീകരിച്ചിട്ടില്ലെന്നതാണത്. ഉമ്മന്‍ചാണ്ടി-ചെന്നിത്തല സഖ്യത്തെ നല്ലൊരു പ്രതിപക്ഷമായി ജനം കണക്കാക്കിയില്ല. കേവലം 38 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങിയതിന് വരും ദിവസങ്ങളില്‍ നേതൃത്വം മറുപടി പറയേണ്ടി വരും. കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായിരുന്ന ചാലക്കുടിയില്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം കെ.ടി ബെന്നിയെപ്പോലെ മണ്ഡലമറിയാത്തവരെ മത്സരിപ്പിച്ച് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ദേശീയ നേതൃത്വത്തിനും ഒഴിഞ്ഞു മാറാന്‍ പറ്റില്ല. ഏകദേശം 12ഓളം മണ്ഡലങ്ങളില്‍ തെറ്റായ സ്ഥാനാര്‍ഥി നിര്‍ണ്ണയം കാരണം പാര്‍ട്ടി പരാജയപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് എത്തിപ്പെട്ട ഈ ദുര്‍ബലാവസ്ഥയും അമ്പരപ്പും ചൂഷണം ചെയ്യാന്‍ കെ.എം മാണിയെന്ന തന്ത്രജ്ഞന്‍ നീക്കം നടത്തുമെന്ന് ഉറപ്പാണ്. വിജയിച്ച പത്ത് അംഗങ്ങളെ വെച്ച് പരമാവധി വിലപേശല്‍ നടത്താനാണ് മാണിയുടെ നീക്കം. ഇത് എങ്ങിനെ എപ്പോള്‍ വേണമെന്നൊക്കെയുള്ള കാര്യം ആ പാര്‍ട്ടി നേരത്തെ തന്നെ തീരുമാനിച്ചിട്ടുമുണ്ട്.

ഫലം സി.പി.ഐ.എമ്മിനെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. തോല്‍വി ഉറപ്പിച്ച് മത്സരത്തിനിറങ്ങിയതു പോലെയായിരുന്നു സി.പി.ഐ.എം നേതൃത്വത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പെരുമാറ്റം. സ്ഥാനാര്‍ഥികള്‍ അങ്ങിനെ ആഗ്രഹിച്ചിരുന്നില്ലെങ്കില്‍ക്കൂടി. എന്നാല്‍ തോല്‍ക്കാന്‍ അനുവദിക്കില്ലെന്ന് ജനങ്ങള്‍ പ്രഖ്യാപിച്ചിരിക്കയാണ്.

വി.എസ് അച്ച്യുതാനന്ദന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ തുടങ്ങുന്നു പാര്‍ട്ടി ഔദ്യോഗിത നേതൃത്വത്തിന്റെ ഈ പ്രതിപക്ഷത്തിരിക്കല്‍ ആഗ്രഹം. പിന്നീട് വി.എസിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ച ശേഷവും അദ്ദേഹത്തിനെ നിഷ്പ്രഭമാക്കുന്ന തരത്തില്‍ സി.പി.ഐ.എം നേതാക്കളുടെ ഭാഗത്ത് നിന്ന് തന്നെ ഇടപെടലുകളുണ്ടായി. നാലാം ക്ലാസ് വിദ്യാര്‍ഥിയുടെ നിലവാരത്തില്‍ വി.എസ് വലിയ ആളാകാന്‍ നോക്കേണ്ടെന്ന മട്ടിലായിരുന്നു പല സി.പി.ഐ.എം നേതാക്കളുടെയും പ്രതികരണം. ഇപ്പോളുണ്ടായ നാല് സീറ്റ് പരാജയം ഒരു നൂറ് സീറ്റ് വിജയമാക്കി മാറ്റാനുള്ള അവസരമാണ് ഇതിലൂടെ അട്ടിമറിക്കപ്പെട്ടത്. എന്നാല്‍ പരാജയം ആഗ്രഹിച്ചവര്‍ മോഹിച്ചത് ഇതിലും വലിയൊരു തിരിച്ചടിയായിരുന്നു. വി.എസ് എന്ന പേരു പോലും ഇനി ഉച്ഛരിക്കപ്പെടാതിരിക്കുന്ന തരത്തിലുള്ള പരാജയം. എന്നാല്‍ അങ്ങിനെ ആഗ്രഹിച്ചവര്‍ പരാജയപ്പെട്ടു. ഇതൊരുമുന്നറിയിപ്പാണ്.

ഇതിനൊപ്പം കേരളത്തിലെ മതസാമുദായിക സംഘടനകളുടെ യു.ഡി.എഫ് കേന്ദ്രീകരണവും കാണാതിരുന്നുകൂട. മലപ്പുറത്ത് മുസ്‌ലിം ലീഗിന് നല്ല വിജയം നേടാനായതും എറണാകുളത്ത് യു.ഡി.എഫ് നേട്ടമുണ്ടാക്കിയതും ഇതിനുദാഹരണമാണ്. മുസ് ലിം, കൃസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ടുകള്‍ യു.ഡി.എഫില്‍ കേന്ദ്രീകരിച്ചുവെന്നാണ് ഇത് കാണിക്കുന്നത്. പരമ്പരാഗതമായി എല്‍.ഡി.എഫിന് വോട്ട് ചെയ്തിരുന്ന കാന്തപുരം വിഭാഗത്തിന് പോലും ഇത്തവണ ചായ്‌വ് യു.ഡി.എഫ് പക്ഷത്തേക്കായിരുന്നു. ഇതിന് പുറമെയാണ് എന്‍.എസ്.എസ് നിലപാട്. തിരഞ്ഞെടുപ്പിന് മുമ്പ് പരോക്ഷമായും വോട്ടെടുപ്പിന് ശേഷം പ്രത്യക്ഷമായും എല്‍.ഡി.എഫിനും മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദനെതിരെയും എന്‍.എസ്.എസ് രംഗത്തെത്തി. എന്നാല്‍ ഈ മത സംഘടനകള്‍ക്കൊന്നും സമൂഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കാന്‍ കഴിയുകയില്ലെന്ന പ്രഖ്യാപനം കൂടിയായി തിരഞ്ഞെടുപ്പ് ഫലം.

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം ഏകദേശം പ്രതീക്ഷിക്കിപ്പെട്ടതാണെങ്കിലും ഇത്രയും വലിയൊരു തിരിച്ചടി ആരും കണക്കുകൂട്ടിയിരുന്നില്ല. 100 സീറ്റുകള്‍ പോലും നേടാനാകാതെ സി.പി.ഐ.എം പരാജയപ്പെടുന്ന ദയനീയമായ സാഹചര്യമാണവിടെ ഉണ്ടായത്. ഈ സംസ്ഥാനത്ത് സി.പി.ഐ.എം കൈക്കൊണ്ട നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെയുള്ള ജനകീയ തിരിച്ചടിയായാണ് ഫലത്തെ വിശേഷിപ്പിക്കപ്പെടുന്നത്. നന്ദിഗ്രാമിലും സിംഗൂരിലും പാര്‍ട്ടി നേതൃത്വം കൈക്കൊണ്ട കര്‍ഷക വിരുദ്ധ നിലപാടുകള്‍ പാര്‍ട്ടിയോടുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തുക മാത്രമല്ല, അവരെ ഒരിക്കലും ജയിപ്പിക്കരുതെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കുകയും ചെയ്തു. ബംഗാളില്‍ പാര്‍ട്ടി തിരുത്തിയെന്ന് നാഴികക്ക് നാല്‍പ്പത് വട്ടം ബുദ്ധദേവ് ഭട്ടാചാര്യ വിളിച്ചു പറഞ്ഞെങ്കിലും അത് ജനം കേട്ടില്ല. അത്രയേറെ ആഴത്തിലായിരുന്നു ആ സര്‍ക്കാര്‍ അവരിലേല്‍പ്പിച്ച മുറിവുകള്‍.

ദേശീയ രാഷ്ട്രീയത്തില്‍ അഴിമതിയും സാമ്രാജ്യത്വ വിധേയത്വവും വളരുന്ന ഈ ഘട്ടത്തില്‍ രാജ്യത്തെ ഇടതുപക്ഷ കക്ഷികള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട സമയമാണ്. ഈ സഹചര്യത്തിലാണ് രണ്ട് സംസ്ഥാനങ്ങളിലെ ഭരണം അവര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നേടാമായിരുന്ന ജയം മനപ്പൂര്‍വ്വം കളഞ്ഞ്കുളിക്കുകയും ബംഗാളില്‍ ഒഴിവാക്കാന്‍ ആഗ്രഹിച്ച പരാജയം ആര്‍ക്കും തടുത്ത് നിര്‍ത്താന്‍ കഴിയാതെ വരികയും ചെയ്തു. പക്ഷെ രണ്ടിനും പിന്നില്‍ പ്രവര്‍ത്തിച്ച കാരണം ഒന്ന് തന്നെ പാര്‍ട്ടിയുടെ നയവ്യതിയാനം. പൂര്‍ണ്ണാര്‍ത്ഥത്തില്‍ തിരുത്തിയ ഇടതുപക്ഷത്തെയാണ് ജനങ്ങള്‍ക്കാവശ്യം. രാജ്യത്തെ ജനകീയ ജനാധിപത്യ ഉയിര്‍ത്തെഴുന്നേല്‍പ്പിന് അത്തരമൊരു ഇടതുപക്ഷത്തിന് മാത്രമേ നേതൃത്വം നല്‍കാനാവൂ.

Advertisement