ന്യൂയോര്‍ക്ക്: കോളേജിലെ പഠനം ഇടയ്ക്കുനിര്‍ത്തിവെച്ച് ബിസിനസിലേക്ക് തിരിഞ്ഞ് ശതകോടീശ്വരനായ ആളാണ് നമ്മുടെ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. എങ്കിലും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാര്‍ത്ഥികളെ സാങ്കേതികവിദ്യയുടെ മുഖ്യധാരയിലേക്ക് എത്തിക്കേണ്ടതിനെക്കുറിച്ചും ഫെയ്‌സ്ബുക്കിന്റെ സി.ഇ.ഒയ്ക്ക് നല്ല ബോധ്യമുണ്ട്.

അതുകൊണ്ടാണ് ചെറുപ്രായം മുതല്‍തന്നെ കുട്ടികള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. വീഡിയോയും ഫോട്ടോയും അപ്‌ലോഡ് ചെയ്യാനും കമന്റടിക്കാനും മാത്രമുള്ളതല്ല ഫെയ്‌സ്ബുക്ക് എന്നാണ് സുക്കര്‍ബര്‍ഗിന്റെ പക്ഷം.

വ്യവസായം, വാണിജ്യം, ആരോഗ്യം, സാങ്കേതിക വിദ്യ എന്നിവപോലെതന്നെ ഏറ്റവും പ്രാധാന്യം നല്‍കേണ്ട രംഗമാണ് വിദ്യാഭ്യാസമെന്ന് സുക്കര്‍ബര്‍ഗ് പറയുന്നു. ഇതില്‍തന്നെ സോഷ്യല്‍ സൈറ്റുകള്‍, പ്രത്യേകിച്ച് ഫെയ്‌സ്ബുക്ക് മികച്ച രീതിയില്‍ വിനിയോഗിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകണമെന്നാണ് സുക്കര്‍ബര്‍ഗ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫെയ്‌സ്ബുക്കിലൂടെ പണസമ്പാദനം നടത്തുകയും അതുവഴി സമ്പന്നനാവുകയും മാത്രമല്ല സുക്കര്‍ബര്‍ഗിന്റെ ലക്ഷ്യം. കഴിഞ്ഞവര്‍ഷം ന്യൂജേഴ്‌സിയിലെ നേവാര്‍ക്ക് സ്‌കൂളിംഗ് സംവിധാനത്തിലേക്ക് 100മില്യണ്‍ ഡോളര്‍ നല്‍കാമെന്ന് സുക്കര്‍ബര്‍ഗ് വാഗ്ദാനം ചെയ്തിരുന്നു.