മലപ്പുറം:  കാളികാവില്‍ ഡി.വൈ.എഫ്.ഐ അവതരിപ്പിച്ച തെരുവ് നാടകത്തെ വര്‍ഗീയ സംഘര്‍ഷമാക്കി ചിത്രീകരിച്ച് വ്യാജപ്രചരണം. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടത്തിയ തെരുവ് നാടകത്തിന്റെ ദൃശ്യങ്ങള്‍ ‘നടുറോഡില്‍ കേരളത്തിലെ ഇടതുപക്ഷ മുസ്ലിംങ്ങള്‍ ആര്‍.എസ്.എസ് അനുഭാവിയായ ഹിന്ദുസ്ത്രീയെ കൊല്ലുന്നു’ എന്ന തലക്കെട്ടോടെയാണ് പ്രചരണം.

കാറില്‍നിന്ന് ഒരു സ്ത്രീയെ വലിച്ചിറക്കി വെടിവെച്ചുകൊല്ലുന്ന തെരുവുനാടക രംഗമായിരുന്നു അവതരിപ്പിച്ചിരുന്നത്. ഇതിനെയാണ് രാഷ്ട്രവാദി സീന്യൂസ് എന്ന എഫ്.ബി പേജ് വളച്ചൊടിച്ച് പ്രചരിപ്പിച്ചത്.

Related ആ വാര്‍ത്ത സീന്യൂസിന്റേതല്ല

നാടകത്തില്‍ അഭിനയിച്ച ഡി.വൈ.എഫ്.ഐ കാളികാവ് മേഖലാ സെക്രട്ടറി സി.ടി. സകരിയ്യയുടേത് ഉള്‍പ്പടെയുള്ള ദൃശ്യങ്ങളാണ് വര്‍ഗീയ സംഘര്‍ഷമായി കാണിക്കുന്നത്. നാടകം വളച്ചൊടിച്ചതിനെതിരെ ദേശീയ, സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് സി.ടി. സകരിയ്യ പറഞ്ഞു.

ഈ വ്യാജ പ്രചരണത്തിനെതിരെ എം.ബി രാജേഷ് എം.പി ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

(ദേശീയമാധ്യമമായ സീന്യൂസ് ആണെന്നായിരുന്നു ഡൂള്‍ന്യൂസ് ആദ്യം ഈ വാര്‍ത്തയില്‍ നല്‍കിയിരുന്നത്. യഥാര്‍ത്ഥത്തില്‍ ‘രാഷ്ട്രവാദി സീന്യൂസ്’ എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് തെറ്റായ വാര്‍ത്ത പ്രചരിച്ചിരുന്നത്. രാഷ്ട്രവാദി സീന്യൂസിന് സീന്യൂസുമായി ഒരു ബന്ധവുമില്ലെന്ന് മനസിലാക്കിയതിനാല്‍ ഈ വാര്‍ത്ത എഡിറ്റ് ചെയ്തിട്ടുണ്ട്. വാര്‍ത്തയില്‍ സീന്യൂസിന്റെ പേര് ഉപയോഗിച്ചതിന് ഡൂള്‍ന്യൂസ് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.)