ഹരാരെ: സിംബാബ്‌വേയില്‍ സമാധാനപരമായി പ്രവര്‍ത്തിക്കുന്ന സോഷ്യിലസ്റ്റുകളെ ജയിലിലിട്ട് പീഡിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തകരെയാണ് ഏറ്റവുമൊടുവിലായി അറസ്റ്റുചെയ്തിരിക്കുന്നത്.

ഈജിപ്റ്റിലേയും ടുണീഷ്യയിലേയും ജനാധിപത്യരപ്രക്ഷോഭങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തിനിടെ പോലീസെത്തുകയും 45 സോഷ്യലിസ്റ്റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് ഓര്‍ഗനൈസേഷന്റെ ജനറല്‍ കോ-ഓര്‍ഡിനേറ്ററും സിംബാബ്‌വേ നിയമ സ്‌കൂളിലെ ലക്ച്ചററുമായ മുന്യാരദ്‌സി വിസായി ആയിരുന്നു യോഗം വിളിച്ചത്.

അറസ്റ്റുചെയ്യപ്പെട്ടവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താനാണ് നീക്കം. ഭരണഘടനാനുസൃതമായ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നീക്കം നടത്തിയെന്ന കുറ്റവും ഇവര്‍ക്കെതിരേയുണ്ട്. മരണശിക്ഷ വരെലഭിക്കാവുന്ന കുറ്റങ്ങളാണിവയെല്ലാം.

അറസ്റ്റിലായവര്‍ക്കെതിരേ ക്രൂരമായ പീഡനമാണ് നടക്കുന്നതെന്ന് വിസായി പറഞ്ഞു. ക്രൂരമായി മര്‍ദ്ദിച്ച് കുറ്റസമ്മതം നടത്താന്‍ തങ്ങളെ പ്രേരിപ്പിക്കുകയായിരുന്നുവെന്നും വിസായി ആരോപിച്ചു. അതിനിടെ അറസ്റ്റ് ചെയ്തവര്‍ക്ക് ഇതുവരെയായി വൈദ്യസഹായമൊന്നും നല്‍കിയില്ലെന്നും ആരോപണമുണ്ട്.

അതിനിടെ റോബര്‍ട്ട് മുഗാബേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കമാണ് സോഷ്യലിസ്റ്റുകള്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ എഡ്‌മോര്‍ ന്യാസംബ പറഞ്ഞു.