കൊല്‍ക്കത്ത: വെറ്ററന്‍ താരം സ്റ്റീവ് ടിക്കോളോയ്ക്ക് അവിസ്മരണീയമായ വിടവാങ്ങല്‍ നല്‍കണമെന്നാഗ്രഹിച്ച കെനിയക്ക് സിംബാബ്‌വേയോട് 161 റണ്‍സിന് തോല്‍ക്കാനായിരുന്നു വിധി. സ്‌കോര്‍: സിംബാബ്‌വേ 6/ 308. കെനിയ 147. 66 റണ്‍സെടുത്ത സിംബാബ്‌വേയുടെ എര്‍വിനാണ് കളിയിലെ താരം.

തകര്‍ച്ചയോടെയാണ് സിംബാബ്‌വേ തുടങ്ങിയത്. 35 റണ്‍സിന് അവരുടെ രണ്ടുവിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ തയ്ബുവും (53) സിബാന്‍ഡയും (61) ചേര്‍ന്ന് മൂന്നാംവിക്കറ്റില്‍ 110 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടര്‍ന്ന് ഇര്‍വിനൊപ്പം ചിംഗുംബരയും കൂടിചേര്‍ന്നതോടെ സ്‌കോര്‍ 300 കടന്നു.

ഒരുഘട്ടത്തില്‍പോലും പൊരുതാതെയാണ് കെനിയ കീഴടങ്ങിയത്. 44 റണ്‍സെടുത്ത ഒഡിയാംബോ ആണ് കെനിയക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഒബാന്‍ഡ 23 റണ്‍സും പട്ടേല്‍ 24റണ്‍സുമെടുത്തു. സിംബാബ്‌വേക്കായി റേ പ്രൈസ്, ക്രെമര്‍, ലാംബ് എന്നിവര്‍ മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.