എഡിറ്റര്‍
എഡിറ്റര്‍
‘ഇന്ത്യയിലും സിക വൈറസ്’; അഹമ്മദാബാദില്‍ മൂന്നു പേര്‍ക്ക് വൈറസ് ബാധ
എഡിറ്റര്‍
Saturday 27th May 2017 9:36pm

 

ന്യൂദല്‍ഹി: നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക വൈറസ് ആദ്യമായി ഇന്ത്യയിലും സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയാണ് ഇന്ത്യയില്‍ മൂന്ന് പേരില്‍ സിക വൈറസ് ബാധ ഉള്ളതായി സ്ഥിരീകരിച്ചത്.  അഹമ്മദാബാദില്‍ ഒരു ഗര്‍ഭിണി ഉള്‍പ്പെടെ മൂന്ന് പേരില്‍ വൈറസ് ഉള്ളതായാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.


Also read എം.ബി രാജേഷ് എം.പിയെ തെറ്റിദ്ധരിപ്പിച്ച് ചര്‍ച്ചക്കെത്തിച്ച് അര്‍ണബ് ഗോസ്വാമി; അര്‍ണബ് ആര്‍.എസ്.എസിന്റെ മീഡിയാ ഗുണ്ടയെന്ന് എം.പി


അഹമ്മദാബാദിലെ ബാപ്പു നഗറിലുള്ളവരിലാണ് വൈറസ് ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ആദ്യമായി വൈറസ്ബാധ സംശയിക്കുന്ന രോഗിയെ രാജ്യത്ത് കണ്ടെത്തിയത്. പിന്നീട് നവംബറിലും ജനുവരിയിലും സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന നല്‍കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നുപേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് ലബോറട്ടറികളിലായിരുന്നു പരിശോധന നടത്തിയിരുന്നത്.

നേരത്തെ ഇന്ത്യയിലും സിക ബാധയ്‌ക്കെതിരെ മുന്‍കരുതല്‍ വേണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡെങ്കി പനിക്ക് കാരണമായ കൊതുകുകള്‍തന്നെയാണ് സിക ഫീവര്‍ പരത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.


Dont miss ‘എല്ലാം എന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിക്കുന്നു’; ലക്ഷ്മി നായര്‍ക്കെതിരായ പരാതി പിന്‍വലിച്ചത് സി.പി.ഐ നേതൃത്വവും അറിഞ്ഞിട്ടെന്ന് പരാതിക്കാരന്‍ 


വൈറസ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ 64 കാരനും മറ്റൊരാള്‍ അടുത്തിടെ അമ്മയായ 34 വയസുള്ള സ്ത്രീയും മൂന്നാമത്തെയാള്‍ 22 വയസുള്ള ഗര്‍ഭിണിയുമാണ്. സിക പനി ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്നത് ഗര്‍ഭിണികളിലാണ്. ഗര്‍ഭസ്ഥശിശുക്കളുടെ തല അസാമാന്യമായ രീതിയില്‍ ചുരുങ്ങുകയും കുട്ടികളുടെ നാഡീവ്യവസ്ഥയ്ക്ക് തകരാറ് സംഭവിക്കുകയും ജനിതകവൈകല്യങ്ങളുണ്ടാവുകയും ചെയ്യും.

ബ്രസീലിലായിരുന്നു സിക വൈറസ് ആദ്യമായി സ്ഥരീകരിച്ചത്. ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചില ദ്വീപ് രാജ്യങ്ങളിലും പല കാലത്തായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സികയ്ക്ക് ഇതുവരെ വാക്‌സിനോ മരുന്നോ കണ്ടെത്തിയിട്ടില്ല.


Dont miss ‘ഉയ്യോ.. ട്രോളെന്നു വെച്ചാ ഇതാണ് ട്രോള്‍’; കെ സുരേന്ദ്രനു മറുപടിയായി വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മിനുട്ടുകള്‍ക്കകം നൂറുകണക്കിന് ലൈക്കുകള്‍ 


മഞ്ഞ പിത്തം ഡെങ്കി പനി, ചിക്കന്‍ ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുതന്നെയാണ് സികയും പരത്തുന്നത്. ഡെങ്കി വൈറസിന്റെ കുടുംബത്തില്‍പെടുന്ന സികയ്ക്കും ഡെങ്കിക്ക് സമാനമായ ലക്ഷണങ്ങളുമാണ് കാണപ്പെടുന്നത്.

Advertisement