Administrator
Administrator
വയനാട്ടില്‍ നക്ഷത്രമുദിച്ചു; ചന്ദ്രപ്പനെ കാണാതായി
Administrator
Friday 10th December 2010 8:19am

സീറോ അവര്‍/ കെ.എം ഷഹീദ്

ck chandrappanനമ്മുടെ സി.പി.ഐ സെക്രട്ടറി വന്ന വഴി കാണുന്നില്ലിപ്പോള്‍. എന്തൊരു തലയെടുപ്പോടെയായിരുന്നു ആ വരവും വര്‍ത്തമാനവും. കൊത്തിക്കൊത്തി മുറത്തില്‍ കേറിയല്ലേ കൊത്തിക്കളിച്ചത്. കേരളത്തില്‍ പര്‍വ്വതം പോലെ വളര്‍ന്ന് നില്‍ക്കുന്ന പിണറായിയുടെ ചെന്നിക്കിട്ടായിരുന്നു അടി.

എവിടെ മാധ്യമങ്ങളെക്കണ്ടാലും ലാവലിനെക്കുറിച്ച് രണ്ടക്ഷരം പറഞ്ഞില്ലെങ്കി ചന്ദ്രപ്പന് ഒരു തരം വിറയലായിരുന്നു.

അല്ലെങ്കിലും പാര്‍ട്ടിയുടെ കൈത്തരിപ്പ് മാറ്റാനാണ് ചന്ദ്രപ്പനെ സെക്രട്ടറിയാക്കിയത്. പറഞ്ഞ് വന്നാല്‍ രണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. എല്ലാ പൊല്ലാപ്പുമൊപ്പിച്ചുവെക്കുന്നത് സി.പി.ഐ.എം, പക്ഷെ ജനം ആഞ്ഞ് കൈവീശുമ്പോള്‍ കൊള്ളുന്നത് തങ്ങള്‍ക്ക് കൂടി.

ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. പ്രത്യശാസ്ത്രവും പ്രയോഗവും ലാവലിനുമെല്ലാം എടുത്ത് അടിക്കാന്‍ ആണ്‍കുട്ടികള്‍ വേണം. അങ്ങിനെയാണ് വെളിച്ചക്കുറവുള്ള വെളിയത്തെ മാറ്റി നറുനിലാവ് പൊഴിക്കുന്ന ചന്ദ്രപ്പനെ കൊണ്ട് വന്നത്.

ലക്ഷ്യം പിഴച്ചില്ല. ലാവലിന്‍ പറയുമ്പോള്‍ ചന്ദ്രപ്പന് നൂറ് നാവായിരുന്നു. പിന്നെ പ്രത്യയശാസ്ത്രവും വിപ്ലവത്തിന്റെ മാര്‍ഗങ്ങളുമെല്ലാം പറഞ്ഞ് സി.പി.ഐ.എം സെക്രട്ടറിയുമായി കൂട്ടത്തല്ലായിരുന്നു. രണ്ട് സെക്രട്ടറിമാരുടെയും ഗ്വാ ഗ്വാ വിളികള്‍ മാധ്യമങ്ങളെല്ലാം പെരുത്ത് ആഘോഷിച്ചു.

കാറ്ററിഞ്ഞ് തൂറ്റണമെന്ന് ചന്ദ്രപ്പനറിയാം പിണറായിക്ക് മൂക്കു കയറിടാന്‍ ലാവലിന്‍ എന്നു പറഞ്ഞാല്‍ മതിയെന്ന് ചന്ദ്രപ്പന് നന്നായി ബോധ്യമുണ്ട്. ചന്ദ്രപ്പന് ഉരുളക്കുപ്പേരി പോലെ മറുപടി പറഞ്ഞുകൊണ്ടിരിക്കുന്ന പിണറായി ലാവലിന്‍..ലാവലിന്‍ എന്ന് ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നുവെന്ന് തോന്നിയാല്‍ പിന്നെ ക,മ എന്ന് മിണ്ടില്ല. ഭൂലോകത്തുള്ള എല്ലാത്തിനെക്കുറിച്ചും പറയുന്ന ആ നാവ് അപ്പോള്‍ നിശ്ചലമാകും. അതെക്കുറിച്ച് മിണ്ടില്ലെന്ന് ചൂണ്ട് വിരല്‍ മൂക്കത്ത് വെച്ച് പറയും.

പൂച്ചക്ക് മണികെട്ടിയെന്ന അഹങ്കരാത്തോടെ നടക്കുമ്പോഴാണ് വിവാദം വയനാട് ചുരമിറങ്ങി വന്നത്. ഇപ്പോ ലാവലിനുമില്ല, വാര്‍ത്താ സമ്മേളനവുമില്ല. ചന്ദ്രപ്പനെ മഷിയിട്ട് നോക്കിയിട്ട് കാണുന്നില്ല. തിരക്കിയപ്പോഴാണ് അറിഞ്ഞത് അങ്ങേര് പി.എസ്.സി പരീക്ഷക്ക് പഠിക്കുകയാണ്.

നല്ല പണിയല്ലേ പാര്‍ട്ടിയിലെ പ്രിയപ്പെട്ട സഖാക്കള്‍ കൊടുത്തത്. ഇത്രയും കാലം വെളിയമിരുന്നപ്പോഴൊന്നും ഇതു പോലൊരു ശനിദശയുണ്ടായിട്ടില്ല. പറഞ്ഞ് വരുമ്പോള്‍ പി.എസ്.സി അഴിമതിക്കാര്‍ ചേര്‍ന്നാണ് സി.പി.ഐ എന്ന പാര്‍ട്ടിയുണ്ടാക്കിയതെന്ന് തോന്നിപ്പോകുന്ന രീതിയിലാണ് കാര്യങ്ങള്‍. ആര്‍ക്കെങ്കിലും നടപടിയെടുക്കാമെന്നുവെച്ചാല്‍ ആര്‍ക്കൊക്കെയെതിരെ എടുക്കും.

തട്ടിപ്പാശാന്‍മാരെല്ലാം പാര്‍ട്ടിയുടെ വേണ്ടപ്പെട്ടവര്‍ തന്നെ, അല്ലെങ്കില്‍ പ്രമുഖരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നവര്‍. പാര്‍ട്ടി തന്നെ പിരിച്ചുവിടേണ്ട അവസ്ഥയാണെന്ന് ദോഷൈക ദൃക്കുകള്‍ പറയുന്നു. ഏതായാലും ഇപ്പോള്‍ ലാവലിനുമില്ല ചന്ദ്രപ്പനുമില്ല.

അച്ഛന്‍ ഇച്ഛിച്ചതും പാല് വൈദ്യന്‍ കല്‍പിച്ചതും പാല്

വയനാട് ജില്ലാ കലക്ടറെ മാറ്റാന്‍ സി.പി.ഐ.എം ഏറെക്കാലമായി കൊണ്ടുപിടിച്ച ശ്രമം നടത്തി വരികയായിരുന്നു. പഴയ എസ്.എഫ്.ഐക്കാരനാണെങ്കിലും പണ്ടത്തെ സത്യസന്ധതയും ആത്മാര്‍ഥതയും ഇപ്പോഴും സൂക്ഷിക്കുന്നത്‌കൊണ്ട് സി.പി.ഐ.എമ്മിന് അങ്ങേര് അനഭിമതനാണ്. എന്നാല്‍ സി.പി.ഐ.എം എതിര്‍പ്പിനിടയില്‍ കലക്ടര്‍ സ്വന്തം വകുപ്പ് കയ്യാളുന്ന സി.പി.ഐയുടെ പിന്തുണകൊണ്ടാണ് പിടിച്ചു നിന്നത്.

അപ്പോഴാണ് നിയമന അഴിമതി കെട്ടറ്റ് വീണത്. അവസരം കാത്ത് നിന്ന സി.പി.ഐ.എം അത് മുതലെടുത്തു. കലക്ടര്‍ ഔട്ട്. പാവം കരഞ്ഞുകൊണ്ടാണ് കലക്ടറേറ്റിന്റെ പടിയിറങ്ങിയതെന്നാണ് വാര്‍ത്ത.

ഐ.എ.എസ്സുകാരനല്ലാതെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് പിന്നീട് കലക്ടറായ ആളാണ് ടി.ഭാസ്‌കരന്‍. കോഴിക്കോട് താമരശ്ശേരി സ്വദേശി. കലക്ടറെന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കലാണെന്നങ്ങ് കരുതാന്‍ ഭാസ്‌കരന് പ്രയാസമാണ്. അതുകൊണ്ടാണ് ആദിവാസി ഭൂസമരവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് സി.പി.ഐ.എമ്മുമായി ഇടയേണ്ടി വന്നത്. പിന്നെ പാര്‍ട്ടിക്കാരുടെ ആവശ്യങ്ങള്‍ക്കൊന്നും അങ്ങിനെ വഴങ്ങിക്കൊടുക്കാനും അദ്ദേഹം തയ്യാറായില്ല.

നിയമന ഉത്തരവില്‍ കലക്ടറല്ല ഒപ്പിട്ടതെന്ന് കലക്ടറും എ.ഡി.എമ്മുമെല്ലാം സമ്മതിക്കുമ്പോഴും അദ്ദേഹത്തിന് പെട്ടിയും പൂട്ടി വീട്ടിലേക്ക് തിരിക്കേണ്ടി വന്നത് സങ്കടകരം തന്നെ. ആദ്യം കലക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും സര്‍ക്കാറിന് അരിശം മാറിയില്ല. അങ്ങിനെ പിറ്റേന്ന് സസ്‌പെന്‍ഷന്‍ അടിച്ച് കയ്യില്‍കൊടുക്കുകയും ചെയ്തു.

ഏതായും കലക്ടറെ സസ്‌പെന്‍് ചെയ്ത് സി.പി.ഐയും മുഖം രക്ഷിച്ചിരിക്കയാണ്. തങ്ങള്‍ ചിലത് ചെയ്തുവെന്നാവുമല്ലോ. സി.പി.ഐ.എമ്മിന്റെ ആക്രമണത്തിന് ചെറിയ ശമനമുണ്ടാവുകയും ചെയ്യും. ഏതായാലും ചന്ദ്രപ്പന്റെ ഏകപക്ഷീയമായ ആക്രമിച്ചതിന് കണ്ണിന് കണ്ണ് എന്ന നിലയില്‍ തിരിച്ചടിക്കാനുള്ള അവസരമായിരുന്നു പിണറായിക്കും സി.പി.ഐ.എമ്മിനും ലഭിച്ചത്. എന്നാല്‍ സി.പി.ഐ.എം ‘മാന്യത’ കാണിച്ചു. ഒറ്റ ഉപാധിയേ ഉള്ളൂ. ഇനി ലാവലിനെക്കുറിച്ച് മിണ്ടരുത്.

Advertisement