പുനരാഖ്യാനം: ദീപേഷ് .കെ  രവീന്ദ്രനാഥ്.

ഒരു നിര്‍ണായക യുദ്ധമായിരുന്നു. തന്റെ സൈനിക ബലം ദുര്‍ബലമാണെന്നറിഞ്ഞിട്ടും ജപ്പാന്‍ സൈന്യാധിപന്‍ പോരാടാന്‍ തന്നെ തീരുമാനിച്ചു. ജയിക്കുമെന്ന് അയാള്‍ക്ക് വിശ്വാസമുണ്ടായിരുന്നെങ്കിലും സൈനികര്‍ക്ക് സംശയമായിരുന്നു. യുദ്ധഭൂമിയിലേക്കവര്‍ യാത്രയായി. വഴി മദ്ധ്യേ ഒരു ആരാധനാലയം കണ്ടു. സൈനികരോടൊപ്പം പ്രാര്‍ഥന കഴിഞ്ഞ് സൈന്യാധിപന്‍ ഒരു നാണയം കയ്യിലെടുത്തുകൊണ്ട് പറഞ്ഞു. ‘ ഞാനിത് മുകളിലേക്കെറിയുകയാണ്. മണ്ണില്‍ പതിക്കുമ്പോള്‍ രാജശിരസ്സിന്റെ മുദ്രയുള്ള ഭാഗമാണ് മുകളിലെങ്കില്‍ ജയം ഉറപ്പാണ്. മറിച്ചാണെങ്കില്‍ തോല്‍വിയും. വിധി സ്വയം വെളിപ്പെടാന്‍ പോകുന്നു’

സൈന്യാധിപന്‍ നാണയം വായുവിലേക്കെറിഞ്ഞു. നോക്കി നില്‍ക്കെ അത് നിലംപതിച്ചു. രാജശിരസ്സിന്റെ മുദ്രയായിരുന്നു. ആഹ്ലാദം കൊണ്ട് മതിമറന്ന സൈനികര്‍ അവരുടെ പോരാട്ട വീര്യം മുഴുവന്‍ പുറത്തെടുത്തു, വിജയം നേടി. ‘വിധിയെ മാറ്റിയെഴുതാന്‍ ആര്‍ക്കുമാവില്ല’. ഉപസൈന്യാധിപന്‍ പറഞ്ഞു.

‘വളരെ ശരിയാണ്’. സൈന്യാധിപന്‍ കള്ളച്ചിരിയോടെ തന്റെ കയ്യിലെ നാണയമെടുത്ത് കാണിച്ചു. അതിന്റെ ഇരു വശത്തും ഒരേ മുദ്രയായിരുന്നു.