എഡിറ്റര്‍
എഡിറ്റര്‍
കല്‍ക്കരി കുംഭകോണം മൂടിവെക്കാന്‍ സീ ന്യൂസ് 100 കോടി രൂപ ചോദിച്ചതായി വെളിപ്പെടുത്തല്‍
എഡിറ്റര്‍
Friday 26th October 2012 12:40am

ന്യൂദല്‍ഹി: കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് പ്രമുഖ വാര്‍ത്താ ചാനലായ സീ ന്യൂസ്,സീ ബിസിനസ് ടെലിവിഷന്‍ ചാനലുകള്‍ 100 കോടി രൂപ കോഴ ചോദിച്ചതായി കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്‍ഡാല്‍.

നവീന്‍ ജിന്‍ഡാലിന്റെ ഉടമസ്ഥതയിലുള്ള ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് കമ്പനിക്ക് കല്‍ക്കരി കുംഭകോണത്തില്‍ നേട്ടം ലഭിച്ചതായി പറയപ്പെടുന്നുണ്ട്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മൂടിവെക്കാന്‍ സീ ന്യൂസ് ചാനല്‍ മേധാവികള്‍ പണം ചോദിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.

Ads By Google

ചാനലുകള്‍ ഇക്കാര്യം ആവശ്യപ്പെട്ടതിന് തെളിവായി സി.ഡിയും ജിന്‍ഡാല്‍ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു. ചാനലിന്റെ വാര്‍ത്താവിഭാഗം തലവന്‍ സമീര്‍ ചൗധരി, ബിസിനസ് തലവന്‍ സാമിര്‍ അഹ്ലുവാലിയ എന്നിവര്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് ഉദ്യോഗസ്ഥരോട് പണം ചോദിക്കുന്നതിന്റെ ഒളികാമറാദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. കല്‍ക്കരിപ്പാടം അഴിമതി സംബന്ധിച്ച ആരോപണങ്ങളില്‍ വഴിത്തിരിവാണിത്.

ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന് കല്‍ക്കരി കുംഭകോണവുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അത് പുറത്തുവിടാതിരിക്കാന്‍ പണംനല്‍കണമെന്നുമായിരുന്നു ആവശ്യം. ആദ്യം 25 കോടിയാണ് ചോദിച്ചത്. പിന്നീട് 100 കോടിയായി ഉയര്‍ത്തി.

നാല് വര്‍ഷത്തിനിടെ അത്രയും തുകയുടെ പരസ്യം നല്‍കണമെന്നായിരുന്നു സീ ന്യൂസ് മേധാവികളുടെ ആവശ്യം. ഇത് പുറം ലോകത്തെ അറിയിക്കണമെന്നതിനാല്‍ തന്നെ ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ തങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തുകയും പരസ്യം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വ്യാജ കരാര്‍ ഉണ്ടാക്കുകയും ചെയ്യുകയായിരുന്നുവെന്ന് ജിന്‍ഡാല്‍ പറഞ്ഞു. സീ ന്യൂസുമായി ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പും അദ്ദേഹം പത്രസമ്മേളനത്തില്‍ വിതരണം ചെയ്തു.

ജിന്‍ഡാല്‍ സ്റ്റീലിനെതിരെ ഈ ചാനലില്‍ വാര്‍ത്ത വന്നു തുടങ്ങിയപ്പോഴാണ് തന്റെ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ചാനല്‍ അധികൃതരുമായി ബന്ധപ്പെട്ടതെന്നു ജിന്‍ഡാല്‍ പറഞ്ഞു.

എന്നാല്‍, നവീന്‍ ജിന്‍ഡാല്‍ പുറത്തുവിട്ട ഒളികാമറാ ദൃശ്യം എഡിറ്റ് ചെയ്ത് വളച്ചൊടിച്ചതാണെന്ന്  സമീര്‍ ചൗധരി, സാമിര്‍ അഹ്ലുവാലിയ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. പണം വാഗ്ദാനം ചെയ്ത് തങ്ങളെ വിലക്കെടുക്കാന്‍ ശ്രമിക്കുകയാണ് നവീന്‍ ജിന്‍ഡാലിന്റെ ആളുകള്‍ ചെയ്തതെന്നും അതിന് വഴങ്ങാതിരുന്നതിനാലാണ് ആരോപണമുന്നയിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ജിന്‍ഡാലിന്റെ ആരോപണം ശരിയല്ലെന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടര്‍ പുനീത് ഗോയങ്ക പറഞ്ഞു. വാര്‍ത്ത നല്‍കുന്നത് നിര്‍ത്തിവച്ചാല്‍ കൈക്കൂലി നല്‍കാമെന്ന നിര്‍ദേശവുമായി ജിന്‍ഡാലിന്റെ ഉദ്യോഗസ്ഥര്‍ സമീപിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. മുന്‍പും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടൊന്നും സത്യം പുറത്തുകൊണ്ടുവരുന്നത് തടയാനാവില്ല. സീ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സുഭാഷ് ചന്ദ്രയും ആരോപണങ്ങള്‍ നിഷേധിച്ചു. സീ ടിവിയിലെ മാധ്യമ പ്രവര്‍ത്തകര്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ കുരുക്ഷേത്രയില്‍ നിന്നുള്ള ലോക്‌സഭാംഗവും ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് നവീന്‍.

കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ കേന്ദ്രസര്‍ക്കാരിന്  വന്‍നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദം ജിന്‍ഡാലിന്റെ കമ്പനിയെയും ബാധിച്ചിരുന്നു. എന്‍.ഡി.എ ഭരണകാലത്തും പിന്നീട് യു.പി.എ സര്‍ക്കാരിന്റെ സമയത്തും ജിന്‍ഡാല്‍  കമ്പനിക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചിരുന്നു. കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ചത് വഴി ഏറ്റവും ലാഭമുണ്ടാക്കിയത് ജിന്‍ഡാല്‍ ഗ്രൂപ്പാണെന്ന് വാര്‍ത്ത വന്നിരുന്നു.

കേരളത്തിലും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കാതിരിക്കാന്‍ ചില സ്ഥാപനങ്ങള്‍ മാധ്യമങ്ങളെ സമീപിച്ചിരുന്നു. വന്‍ പ്രചാരം നേടിക്കൊണ്ടിരുന്ന ചില കമ്പനികള്‍ക്കെതിരെ വാര്‍ത്തയുണ്ടായിരുന്നിട്ടും പരസ്യം ലഭിക്കാനായി അവ മൂടിവെയ്ക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുകയായിരുന്നു.

സോഷ്യന്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ചില കമ്പനികള്‍ക്കെതിരെയുള്ള വാര്‍ത്തകള്‍ വന്നെങ്കിലും ഒരു മുഖ്യധാരാ മാധ്യമവും അത്തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല. കോടിക്കണക്കിന് രൂപ പരസ്യവരുമാനം നല്‍കുന്ന കമ്പനികള്‍ക്കെതിരെ വാര്‍ത്ത നല്‍കേണ്ടെന്ന നിലപാടിലായിരുന്നു കേരളത്തിലെ പല മാധ്യമങ്ങളും.

Advertisement