എഡിറ്റര്‍
എഡിറ്റര്‍
നവീന്‍ ജിന്‍ഡാളിനെതിരെ സീ ന്യൂസ് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു
എഡിറ്റര്‍
Saturday 27th October 2012 1:00pm

ന്യൂദല്‍ഹി: സീ ന്യൂസിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച കോണ്‍ഗ്രസ് എം.പി നവീന്‍ ജിന്‍ഡാളിനെതിരെ കമ്പനി മാനനഷ്ടത്തിന് നോട്ടീസ് അയച്ചു.

കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലായ സീ ന്യൂസ്,സീ ബിസിനസ് ടെലിവിഷന്‍ ചാനലുകള്‍ 100 കോടി രൂപ കോഴ ചോദിച്ചതായി നവീന്‍ ജിന്‍ഡാല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

Ads By Google

ഇതിനെ തുടര്‍ന്നാണ് സീ ന്യൂസ് ജിന്‍ഡാളിനെതിരെ മാനനഷ്ടക്കേസിന് നോട്ടീസ് അയച്ചിരിക്കുന്നത്.

നവീന്‍ ജിന്‍ഡാലിന്റെ ഉടമസ്ഥതയിലുള്ള ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് കമ്പനിക്ക് കല്‍ക്കരി കുംഭകോണത്തില്‍ നേട്ടം ലഭിച്ചതായി ആരോപണമുണ്ട്്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മൂടിവെക്കാന്‍ സീ ന്യൂസ് ചാനല്‍ മേധാവികള്‍ പണം ചോദിച്ചുവെന്നായിരുന്നു വെളിപ്പെടുത്തല്‍.

ചാനലുകള്‍ കോഴ ആവശ്യപ്പെട്ടതിന് തെളിവായി സി.ഡിയും ജിന്‍ഡാല്‍ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തിരുന്നു. ചാനലിന്റെ വാര്‍ത്താവിഭാഗം തലവന്‍ സമീര്‍ ചൗധരി, ബിസിനസ് തലവന്‍ സാമിര്‍ അഹ്ലുവാലിയ എന്നിവര്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് ഉദ്യോഗസ്ഥരോട് പണം ചോദിക്കുന്നതിന്റെ ഒളികാമറാദൃശ്യങ്ങളായിരുന്നു പുറത്ത് വിട്ടത്.
ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന് കല്‍ക്കരി കുംഭകോണവുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അത് പുറത്തുവിടാതിരിക്കാന്‍ പണംനല്‍കണമെന്നുമായിരുന്നു ആവശ്യം.

ആദ്യം 25 കോടിയാണ് ചോദിച്ചെന്നും പിന്നീട് ഇത് 100 കോടിയായി ഉയര്‍ത്തിയെന്നുമായിരുന്നു ആരോപണം. നാല് വര്‍ഷത്തിനിടെ അത്രയും തുകയുടെ പരസ്യം നല്‍കണമെന്നായിരുന്നു സീ ന്യൂസ് മേധാവികളുടെ ആവശ്യപ്പെട്ടതായും ടേപ്പില്‍ പറയുന്നുണ്ട്.
കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് വന്‍നഷ്ടമുണ്ടായെന്ന സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദം ജിന്‍ഡാലിന്റെ കമ്പനിയെയും ബാധിച്ചിരുന്നു. എന്‍.ഡി.എ ഭരണകാലത്തും പിന്നീട് യു.പി.എ സര്‍ക്കാരിന്റെ സമയത്തും ജിന്‍ഡാല്‍ കമ്പനിക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചിരുന്നു.

കല്‍ക്കരിപ്പാടങ്ങള്‍ ലഭിച്ചത് വഴി ഏറ്റവും ലാഭമുണ്ടാക്കിയത് ജിന്‍ഡാല്‍ ഗ്രൂപ്പാണെന്ന് വാര്‍ത്ത വന്നിരുന്നു.

Advertisement