ന്യൂദല്‍ഹി: ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ക്രിയാത്മകവും സൗഹാര്‍ദ്ദപരവും ആയിരുന്നുവെഎന്നും ഉഭയകക്ഷി പ്രശ്‌നങ്ങളില്‍ പ്രായോഗിക പരിഹാരം തേടാന്‍ ശ്രമിക്കുമെന്നും സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ പറഞ്ഞു.

സര്‍ദാരി തന്നെ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു എന്നും ക്ഷണം സ്വീകരിക്കുന്നതില്‍ സന്തോഷമേ ഉളളൂ എന്നും മന്‍മോഹന്‍ സിംങ് പറഞ്ഞു. സന്ദര്‍ശനത്തിന് ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ഒരു തീയതി ഉടന്‍ തീരുമാനിക്കും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നിര്‍ണായകമായ വിഷയങ്ങളില്‍ ഫലപ്രദമായ ചര്‍ച്ച നടന്നു എന്ന് ആസിഫ് അലി സര്‍ദാരി പറഞ്ഞു. മുസ് ലിംകളുടെ അഭിസംബോധന രീതിയായ ‘അസ്സലാമു അലൈക്കും’ എന്ന് പറഞ്ഞുകൊണ്ടാണ് പാക് നേതാവ് സംസാരം ആരംഭിച്ചത്.

സിംഗും സര്‍ദാരിയും തമ്മിലുളള കൂടിക്കാഴ്ച നടന്നയിടത്തേക്ക് ഉദ്യോഗസ്ഥര്‍ക്ക് പോലും പ്രവേശനമില്ലായിരുന്നു. ഇന്ത്യയൂടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചയില്‍ തീവ്രവാദം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു എന്നാണ് സൂചന.

ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നതായി സര്‍ദാരി പറഞ്ഞു. ഉച്ചവിരുന്നു നല്‍കിയതിന് മന്‍മോഹന്‍ സിംങിന് നന്ദി പറയാനും സര്‍ദാരി മറന്നില്ല. ലോക്‌സഭ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി, മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അഡ്വാനി തുടങ്ങിയവരും പ്രധാനമന്ത്രിയുടെ വസതിയില്‍ ഉച്ചവിരുന്നില്‍ പങ്കെടുത്തു.