എഡിറ്റര്‍
എഡിറ്റര്‍
നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന സകരിയ്യാ സ്വലാഹിയുടെ കത്ത് പുറത്ത്
എഡിറ്റര്‍
Wednesday 5th September 2012 12:01pm

മലപ്പുറം: കെ.എന്‍.എം സംസ്ഥാന നേതൃത്വത്തിന് കേരള  നദ്‌വത്തുല്‍ മുജാഹിദീന്‍ ഫത്‌വ ബോര്‍ഡ് അംഗവും പണ്ഡിതനുമായ സകരിയ്യാ സ്വലാഹി അയച്ച കത്ത് പുറത്തായി. ഇദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിനെതിരെ പ്രതിഷേധം പുകയുന്നതിനിടെയാണ് കെ.എന്‍.എം ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ ഖാദര്‍ മൗലവി, പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, പണ്ഡിത സഭയായ കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറി എം.എം മദനി എന്നിവര്‍ക്ക് അയച്ച  കത്താണ് ചോര്‍ന്നത്. കത്തിന്റെ കോപ്പി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Ads By Google

പത്ത് പേജുള്ള കത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സകരിയ്യ സ്വലാഹി ഉന്നയിക്കുന്നത്. സുന്നികളുമായുള്ള മുഖാമുഖത്തില്‍ മുജാഹിദ് വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി കത്തില്‍ സമ്മതിക്കുന്നു. പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ആദര്‍ശങ്ങള്‍ക്ക് എതിരായി സംസാരിച്ചുവെന്ന പേരില്‍ തനിക്കെതിരെ വിലക്കേര്‍പ്പെടുത്തിയതിനെയും കത്തില്‍ അദ്ദേഹം ചോദ്യം ചെയ്യുന്നു.

മുവാറ്റുപുഴ സംവാദത്തില്‍ സുന്നികള്‍ക്ക് മുമ്പില്‍  അടിയറവ്‌ വെക്കേണ്ടിവന്നു. ‘യാ ഇബാദല്ലാഹ് അഈനൂനി’.. എന്ന് തുടങ്ങുന്ന ഹദീസ് കൈകാര്യം ചെയ്തതില്‍ മുജാഹിദ് വിഭാഗത്തിന് വീഴ്ച സംഭവിച്ചു. ‘യാ ഇബാദല്ലാഹ് അഈനൂനി.. എന്ന് വിളിച്ചാല്‍ അത് ശിര്‍ക്കാണെന്ന് ഉറപ്പിച്ച് പറയണമെന്ന കെ.എന്‍.എം തീരുമാനം മൂവാറ്റുപുഴ സംവാദത്തില്‍ തിരിച്ചടിക്ക് കാരണമായെന്നും കത്തില്‍ പറയുന്നു.

തൗഹീദിന്റെ കാര്യത്തില്‍ മുജാഹിദുകള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് കരുതാന്‍ കാരണമായെന്നും കത്തില്‍ പറയുന്നു. മൂവാറ്റുപുഴ സംവാദ സി.ഡി ശരിയായി പരിശോധിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുന്ന അദ്ദേഹം, ശിര്‍ക്കല്ലാത്ത കാര്യം ശിര്‍ക്കാണെന്ന് സുന്നികളുടെ മുന്നില്‍ വിശദീകരിച്ചതിനാല്‍, ഇമാമീങ്ങള്‍ ശിര്‍ക്ക് പ്രവര്‍ത്തിക്കുന്നവരാണെന്ന് അംഗീകരിക്കേണ്ടി വന്നതായും ചൂണ്ടിക്കാണിക്കുന്നു. ഇമാമുമാരുടെ പ്രവര്‍ത്തനങ്ങളില്‍ ശിര്‍ക്ക് ആരോപിക്കുന്നത് ശരിയല്ല. ഇത് നമ്മള്‍ പരിഹാസ്യരാകാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ.

ഒരു സലഫി പണ്ഡിതനും ശിര്‍ക്കാണെന്ന് സംശയിക്കാത്ത കാര്യത്തിലാണ് നാമിപ്പോള്‍ ശിര്‍ക്ക് ആരോപിക്കുന്നത്, തൗഹീദും ശിര്‍ക്കും നമ്മുടെ മുന്‍ഗാമികള്‍ക്ക് മനസ്സിലായില്ല എന്ന് വാദിക്കുന്നതിന് തുല്യമാണിതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കെ.ജെ.യു പുറത്തിറക്കിയ ‘ജിന്ന്, പിശാച്, റുക്വിയ, ശറഇയ്യ പ്രമാണങ്ങളുടെ വെളിച്ചത്തില്‍’ എന്ന പുസ്തകത്തെയും വിമര്‍ശിക്കുന്നുണ്ട്. കെ.ജെ. യു എക്‌സിക്യുട്ടീവിലും  ഫത്‌വ ബോര്‍ഡിലും പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായില്ല. പ്രമാണങ്ങള്‍ക്കും മുന്‍കാല മുജാഹിദ് നേതാക്കളുടെ നിലപാടുകള്‍ക്കും വിരുദ്ധമായതും അബദ്ധങ്ങള്‍ ഏറെയുള്ളതുമായ പുസ്തകം ഉത്തരവാദപ്പെട്ട ഒരു പണ്ഡിത സംഘടനയുടെ പേരില്‍ ധൃതിപിടിച്ച് പുറത്തിറക്കിയത് തെറ്റായി. കെ.എന്‍.എം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായ പി.എന്‍ അബ്ദുല്‍ ലത്വീഫ് മദനി പുസ്തകത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും അത് തിരുത്താന്‍ തയ്യാറായില്ല. ജിന്ന് ബാധയെ തുടര്‍ന്ന് രോഗമുണ്ടാകാമെന്ന് കെ.ജെ.യുവിന്റെ പണ്ഡിതന്‍മാര്‍ അംഗീകരിക്കുന്നുണ്ടെങ്കിലും അതിനുള്ള ചികിത്സയെക്കുറിച്ച് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നില്ല.

റുക്വിയ, ശറഇയ്യ എന്നത് കേവലം രോഗശമന പ്രാര്‍ത്ഥന മാത്രമാണെന്നും ഒരു ചികിത്സാ രീതിയല്ലെന്നുമുള്ള പുസ്തകത്തിലെ സമര്‍ഥനം പ്രമാണ വിരുദ്ധമാണെന്നും ജിന്ന് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ ചികിത്സിക്കുക എന്നത് അന്ധവിശ്വാസമാണെന്ന പ്രചാരണം ശരിയല്ലെന്നുമുള്ള തന്റെ വാദവും സകരിയ്യ സ്വലാഹി കത്തില്‍ നിരത്തുന്നു. ഈ പുസ്തകം പ്രസിദ്ധീകരിച്ചതിലൂടെ ഉണ്ടായിട്ടുള്ള ആശയക്കുഴപ്പം ഒഴിവാക്കാന്‍ മറ്റൊരു പുസ്തകം ഇറക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിട്ടുണ്ട്.

തന്നെക്കുറിച്ച് അവമതിപ്പുണ്ടാക്കാന്‍ തെറ്റായ പ്രചരണങ്ങളാണ് മുജാഹിദിലെ മടവൂരികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നേതൃത്വം തനിക്കെതിരെ നടപടിയെടുക്കുമ്പോള്‍ ചിലരോട് മൃദുസമീപനം കാണിക്കുന്നത് വ്യക്തമായ തെളിവുകളോടെയാണ് നിരത്തുന്നത്. മഞ്ഞ പുസ്തകത്തിന്റെ കര്‍ത്താവെന്ന് കെ.ജെ.യു പ്രഖ്യാപിച്ച കെ.പി.പി അബ്ദുല്ലയെ മടവൂര്‍ ചാരന്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇയാളെ ഈ പുസ്തകം എഴുതാന്‍ സഹായിച്ച സിദ്ദിഖ് തലശ്ശേരി ഇപ്പോഴും കെ.എന്‍.എം ഇടയില്‍പീടിക യൂണിറ്റ് അംഗമായി തുടരുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്.

ഇമാം ബുഖാരിയെയും മുജാഹിദ് പ്രസ്ഥാനത്തെയും താറടിച്ച അബ്ദുര്‍ റഹ്മാന്‍ ഇരിവേറ്റയെയും കത്തില്‍ സകരിയ്യ കുറ്റപ്പെടുത്തുന്നു.

അതിനിടെ ജിന്നുകള്‍, മലക്കുകള്‍ തുടങ്ങിയ അദൃശ്യശക്തികളോടും മരിച്ചുപോയവരോടും സഹായം തേടല്‍ ബഹുദൈവാരാധന ആണെന്ന വിശ്വാസമാണ് തനിക്കുള്ളതെന്ന് സകരിയ്യ പത്രക്കുറിപ്പില്‍ അറിയിച്ചു. ജിന്നുകളോടും മലക്കുകളോടും സഹായം തേടല്‍ ശിര്‍ക്കാണെന്ന വാദം അംഗീകരിച്ച് ഒപ്പുവെക്കാത്തത് കൊണ്ടാണ് കെ.എന്‍.എമ്മില്‍ നിന്ന് തന്നെ പുറത്താക്കിയതെന്ന പത്രവാര്‍ത്ത സത്യവിരുദ്ധവും വേദനാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു.

ജിന്നിനോട് സഹായം തേടാമെന്നും പ്രാര്‍ത്ഥിക്കാമെന്നുമുള്ള വാദം തനിക്കുണ്ടായിരുന്നില്ല. അതില്‍ നിന്ന് ഖേദിച്ച് മടങ്ങുന്നുവെന്നുള്ള വ്യവസ്ഥയില്‍ ഒപ്പിടാന്‍ കെ.എന്‍.എം നേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ അത്തരം ഒരുവാദം തനിക്കില്ലാത്തതിനാല്‍ ഖേദിച്ച് മടങ്ങി എന്ന പരാമര്‍ശം ഒഴിവാക്കിത്തന്ന് ഒപ്പിടാന്‍ സാഹചര്യം ഉണ്ടാക്കിത്തരണമെന്നാണ് ആഗസ്റ്റ് 22 നും സെപ്റ്റംബര്‍ ഒന്നിനും താന്‍ നേതൃത്വത്തോട് അപേക്ഷിച്ചതെന്നും പ്രസ്താവനയെ തുടര്‍ന്ന് പറയുന്നുണ്ട്.

ഏകദൈവ ആരാധന എന്ന ഇസ്‌ലാമിന്റെ അടിത്തറക്ക് എതിരാണ് അള്ളാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കലും സഹായം തേടലും. ഇതിനെതിരെ യാഥാസ്ഥിതിക വിഭാഗം ഉന്നയിച്ച കള്ളപ്രചാരണങ്ങളെ മുജാഹിദുകള്‍ തിരിച്ചറിഞ്ഞതാണ്.

എന്റെ പ്രസംഗത്തിലോ എഴുത്തിലോ അള്ളാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കാമെന്നോ സഹായം തേടാമെന്നോ പറഞ്ഞതായി ആര്‍ക്കും തെളിയിക്കാന്‍ കഴിയില്ലെന്നും പത്രിക്കുറിപ്പില്‍ അദ്ദേഹം പറയുന്നു.

സകരിയ്യാ സലാഹിയുടെ കത്ത്‌  വായിക്കാം

Advertisement